ഏരുവേശ്ശി കള്ളവോട്ട്: വനിതകളുടെ വോട്ട് ചെയ്തത് പുരുഷന്മാര്‍

ശ്രീകണ്ഠപുരം: 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ മണ്ഡലത്തിലെ ഏരുവേശ്ശി കെ.കെ.എന്‍.എം എ.യു.പി സ്കൂളിലെ 109ാം നമ്പര്‍ ബൂത്തില്‍ 14 വനിതകളുടെ വോട്ട് ചെയ്തത് പുരുഷന്മാരാണെന്ന് കണ്ടത്തെി. ഇതുസംബന്ധിച്ച് പൊലീസ് തളിപ്പറമ്പ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പ് ദിനം ബംഗളൂരുവില്‍ ഉണ്ടായിരുന്ന 116ാം നമ്പര്‍ വോട്ടര്‍ സ്മിത, തലശ്ശേരിയിലുണ്ടായിരുന്ന 842ാം നമ്പര്‍ വോട്ടര്‍ ലളിത, ധന്യ (1135), ലളിതകുമാരി (921), കൃഷ്ണജ (1024), ശ്രീദേവി (1124), പ്രസീത (1013), സുനിത (923), ബീന (950), തങ്കമ്മ (1348), സുധ (879), തമ്പായി അമ്മ (980), റോഷ്നി ജോസ് (1109), ശ്രീജ (322) എന്നിവരുടെ വോട്ടുകളാണ് പുരുഷന്മാര്‍ ചെയ്തതായി അന്വേഷണ സംഘം കണ്ടത്തെിയിട്ടുള്ളത്.

ഇതില്‍ തമ്പായി അമ്മ മരണപ്പെട്ടിരുന്നു. വനിതകളുടെ വോട്ട് പുരുഷന്മാര്‍ ചെയ്യുമ്പോള്‍ പോളിങ് ഉദ്യോഗസ്ഥര്‍ പോളിങ് സ്ളിപ്പിലുണ്ടായിരുന്ന പേര് വിളിച്ചുപറയാതെ നമ്പര്‍ മാത്രം പറഞ്ഞുവെന്ന് കണ്ടത്തെിയിട്ടുണ്ട്. ഇത് ഉദ്യോഗസ്ഥരും കള്ളവോട്ട് ചെയ്തവരും തമ്മിലുണ്ടാക്കിയ മുന്‍ധാരണ പ്രകാരമായിരുന്നുവെന്നും കണ്ടത്തെിയിട്ടുണ്ട്.

കോണ്‍ഗ്രസ് ഏരുവേശ്ശി മണ്ഡലം പ്രസിഡന്‍റ് ജോസഫ് കൊട്ടുകാപ്പള്ളി നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ പോളിങ് ഉദ്യോഗസ്ഥരായ കാടാച്ചിറ എച്ച്.എസ് കായികാധ്യാപകന്‍ വി.കെ. സജീവന്‍ (38), പഴയങ്ങാടി സബ് രജിസ്ട്രാര്‍ ഓഫിസ് ജീവനക്കാരന്‍ കെ.വി. സന്തോഷ്കുമാര്‍ (41), കൂത്തുപറമ്പ് പുറക്കളം ഐ.എച്ച്.ആര്‍.ഡി സീനിയര്‍ ഓഫിസ് അസിസ്റ്റന്‍റ് എ.സി. സുധീപ് (40), തലശ്ശേരി വാട്ടര്‍ അതോറിറ്റി മീറ്റര്‍ റീഡര്‍ അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ. ഷജിനേഷ് എന്നിവരെയാണ് കഴിഞ്ഞയാഴ്ച കുടിയാന്മല എസ്.ഐ എം.എന്‍. ബിജോയ് അറസ്റ്റ് ചെയ്തിരുന്നത്.

തുടരന്വേഷണം നടത്തുന്നതിനിടെയാണ് 14 വനിതകളുടെ വോട്ട് പുരുഷന്മാര്‍ ചെയ്തതായി തെളിഞ്ഞത്. സൈന്യത്തിലുണ്ടായിരുന്ന മൂന്നുപേരുടെ കള്ളവോട്ട് ചെയ്തതായും കണ്ടത്തെിയിരുന്നു. ഗള്‍ഫിലുള്ള 27, മറുനാട്ടിലുള്ള 27, മിലിട്ടറിയിലുള്ള മൂന്ന്, കിടപ്പിലായ രണ്ട് എന്നിങ്ങനെ 59 കള്ളവോട്ടുകള്‍ ചെയ്തുവെന്നാണ് കേസ്. ഉദ്യോഗസ്ഥര്‍ക്ക് പിന്നാലെ പാര്‍ട്ടിക്കാരും കുടുങ്ങുമെന്നുറപ്പായിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.