മുഖ്യമന്ത്രിക്ക് ക്ലീൻചിറ്റ്: ഉപലോകായുക്ത നടപടിയിൽ ലോകായുക്തക്ക് അതൃപ്തി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മന്ത്രിമാർക്കും ക്ലീൻചിറ്റ് നൽകിയ ഉപലോകായുക്ത നടപടിയിൽ ലോകായുക്തക്ക് അതൃപ്തി.  ലോകായുക്ത പരിഗണിക്കുന്ന കേസുകളിൽ ഉപലോകായുക്ത അഭിപ്രായം പറയുന്നത് അനൗചിത്യമാണെന്ന് ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് വ്യക്തമാക്കി. താൻ ഇന്ത്യയിൽ പോലും ഇല്ലാത്തപ്പോഴാണ് ഇത്തരം വാർത്ത വന്നത്. അറിയാത്ത കാര്യങ്ങൾക്ക് പഴി കേൾക്കുന്നത് മുൻജന്മ പാപമെന്നും ലോകായുക്ത പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ കേസില്ലെന്ന പരാമർശം കഴിഞ്ഞ ദിവസമാണ് ഉപലോകായുക്ത നടത്തിയത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാറിനും എതിരായ അഴിമതി കേസ് പരിഗണിക്കവെയാണ് ലോകായുക്ത അതൃപ്തി അറിയിച്ചത്. മുന്‍ കെ.പി.സി.സി അംഗം അഗസ്റ്റിന്‍റെ മകള്‍ ഫന്‍വര്‍ അഗസ്റ്റിന് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും വഴിവിട്ട് സഹായം നല്‍കിയെന്ന പരാതിയാണ് ഇന്ന് ലോകായുക്ത പരിഗണിച്ചത്.

റീജ്യണല്‍ കാന്‍സര്‍ സെന്‍ററില്‍ നിന്ന് ഹൈകോടതിയുടെ അനുമതിയോടെ പുറത്താക്കിയ ഫന്‍വറിനെ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍വീസില്‍ തിരിച്ചെടുക്കുകയും ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തെന്നാണ് ഇരുവർക്കുമെതിരായ ആരോപണം. കേസിൽ മുന്‍ നിയമവകുപ്പ് സെക്രട്ടറി രാമരാജ പ്രേമ പ്രസാദിനെ കൂടി പ്രതി ചേര്‍ക്കാന്‍ ഹൈകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.