ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തെ ചൊല്ലി കോൺഗ്രസിൽ പോര് മുറുകുന്നു. ഡല്‍ഹിയില്‍ നടക്കുന്ന സ്ഥാനാര്‍ഥി നിര്‍ണയ ചർച്ചകൾക്കിടെ താനും ആരോപണവിധേയനാണെന്നും തെരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രഖ്യാപിച്ചതോടെ പ്രതിസന്ധി രൂക്ഷമായി. അഴിമതി ആരോപണം നേരിടുന്നവർ മാറിനിന്ന് യു.ഡി.എഫിന് തെരഞ്ഞെടുപ്പു രംഗത്ത് മെച്ചപ്പെട്ട ഇമേജ് നല്‍കണമെന്ന കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍റെ നിലപാടിൽ പ്രതിഷേധിച്ച് കൊണ്ടാണ് മുഖ്യമന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.
കോൺഗ്രസ് നേതാക്കളായ ആര്യാടൻ മുഹമ്മദും കെ.മുരളീധരനും ഉമ്മൻചാണ്ടിയെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തി. കോടതി ശിക്ഷിക്കാത്ത ആരേയും പാർട്ടി ശിക്ഷിക്കരുതെന്ന് കെ.മുരളീധരൻ പറഞ്ഞു. അഴിമതി ആരോപണം നേരിടുന്ന കെ. ബാബു, അടൂര്‍ പ്രകാശ്, ഇരിക്കൂറില്‍ നിരവധി തവണയായി മത്സരിക്കുന്ന കെ.സി. ജോസഫ്, വിവാദത്തിലുള്‍പ്പെട്ട ബെന്നി ബഹനാന്‍, എ.ടി. ജോര്‍ജ് എന്നിവർക്കെതിരെയാണ് സുധീരൻ യോഗത്തിനിടെ നിലപാടെടുത്തത്. മുഖ്യമന്ത്രിയുടെ വിശ്വസ്തരെന്ന് അറിയപ്പെടുന്നവരാണിവർ. തന്‍റെ വിശ്വസ്തരെ വെട്ടിക്കളയാന്‍ സമ്മതിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഉമ്മന്‍ ചാണ്ടി.
ഇക്കാര്യത്തിൽ തനിക്കുള്ള പ്രതിഷേധം മുതിർന്ന കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക്കിനെ ഉമ്മൻചാണ്ടി അറിയിച്ചിട്ടുണ്ട്. ഗുലാം നബി ആസാദുമായും ഉമ്മൻചാണ്ടി ഫോണിൽ ചർച്ച നടത്തി. മുതിർന്ന നേതാക്കളെ ഒഴിവാക്കണമെന്ന് സുധീരൻ ആവശ്യപ്പെടുന്നത് ഉമ്മൻചാണ്ടിയെ ലക്ഷ്യം വെച്ചാണെന്നും ഇതിനെ പ്രതിരോധിക്കുമെന്നും എ ഗ്രൂപ് വ്യക്തമാക്കി.
അതേസമയം, വി.എം സുധീരൻ ഇതുവരെ തന്‍റെ നിലപാട് മയപ്പെടുത്താൻ തയ്യാറായിട്ടില്ല. പ്രശ്ന പരിഹാരത്തിനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ശ്രമം തുടങ്ങിയിട്ടുണ്ട്. നേതാക്കളെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല ഇന്ന് ഹൈക്കമാന്‍റിനെ കാണും. ഇതുസംബന്ധിച്ച് അദ്ദേഹം എ.ഐ.സി.സി പ്രവർത്തക സമിതിയംഗം എ.കെ. ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി.
പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് നാളെ നടക്കാനിരുന്ന സ്ക്രീനിങ് കമ്മിറ്റി വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചു. രണ്ടു ദിവസത്തിനിടക്ക് സ്ഥാനാർഥി നിർണയത്തിൽ സമവായമുണ്ടാക്കാനാകുമെന്നാണ് മുതിർന്ന നേതാക്കളുടെ പ്രതീക്ഷ. ഇപ്പോഴും ഡൽഹിയിലുള്ള സംസ്ഥാന നേതാക്കളെ അനുനയപ്പിക്കാനായി മുതിർന്ന നേതാക്കൾ തന്നെ രംഗത്തിറങ്ങാനാണ് സാധ്യത.
കേരളത്തിലെ ജയം ദേശീയതലത്തില്‍ പ്രധാനമാണെന്നിരിക്കെ, പ്രതിച്ഛായ നന്നാക്കാന്‍ ശ്രമം വേണമെന്ന കാഴ്ചപ്പാട് ഹൈകമാന്‍ഡിനുമുണ്ട്. ചൊവ്വാഴ്ച സ്ക്രീനിങ് കമ്മിറ്റി യോഗത്തില്‍ മാറ്റിനിര്‍ത്തണമെന്ന് അഭിപ്രായപ്പെടുന്ന എം.എല്‍.എമാര്‍ക്കു പകരം സ്ഥാനാര്‍ഥികളെ വി.എം. സുധീരന്‍ നിര്‍ദേശിക്കുകയും ചെയ്തു. തൃപ്പൂണിത്തുറയില്‍ കെ. ബാബുവിനു പകരം എന്‍. വേണുഗോപാല്‍, കോന്നിയില്‍ അടൂര്‍ പ്രകാശിനു പകരം പി. മോഹന്‍രാജ്, ഇരിക്കൂറില്‍ കെ.സി. ജോസഫിനു പകരം സതീശന്‍ പാച്ചേനി, തൃക്കാക്കരയില്‍ ബെന്നി ബഹനാനെ മാറ്റി പി.ടി. തോമസ്, പാറശ്ശാലയില്‍ എ.ടി. ജോര്‍ജിനെ മാറ്റി നെയ്യാറ്റിന്‍കര സനല്‍ അല്ലെങ്കില്‍ മരിയാപുരം ശ്രീകുമാര്‍ എന്നിവരെ മത്സരിപ്പിക്കണമെന്നാണ് സുധീരന്‍റെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.