സ്ത്രീ ശാക്തീകരണത്തിന് വനിതകള്‍ക്ക് പ്രത്യേക സംഘടന ആവാമെന്ന് സമസ്ത

കോഴിക്കോട്: മതത്തിന്‍െറ വിധിവിലക്കുകള്‍ പാലിച്ച് വനിതകള്‍ക്ക് മാത്രമായി പ്രത്യേക കൂട്ടായ്മയോ സംഘടനയോ രൂപവത്കരിക്കുന്നതിന് തടസ്സമില്ളെന്ന് സമസ്ത. സമസ്ത കേരള സുന്നി ജംഇയ്യതുല്‍ ഉലമയുടെ പുതിയ ജന. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരാണ് സുന്നി പ്രസ്ഥാനത്തില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് വാതില്‍ തുറക്കുന്ന ഫത് വ നല്‍കിയിരിക്കുന്നത്. സമസ്തയുടെ വിദ്യാര്‍ഥി സംഘടനയായ എസ്.കെ.എസ്.എസ്.എഫിന്‍െറ മുഖപത്രമായ സത്യധാരക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ആലിക്കുട്ടി മുസ്ലിയാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സത്യധാരയുടെ പത്രാധിപര്‍തന്നെയാണ് അഭിമുഖം തയാറാക്കിയത്.
സ്ത്രീ ശാക്തീകരണത്തിന് വഴിതുറക്കുന്നതിന് സമസ്ത എതിരല്ളെന്ന് വ്യക്തമാക്കിയാണ് ആലിക്കുട്ടി മുസ്ലിയാര്‍ മുസ്ലിം വനിതകള്‍ക്ക് പ്രത്യേക സംഘടന ആവാമെന്ന് അഭിപ്രായപ്പെട്ടത്. ലേഖകന്‍െറ ചോദ്യം ഇതായിരുന്നു: ‘സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശങ്ങളെ അഭിമുഖീകരിക്കുന്ന പ്രസ്ഥാനമാണ് സമസ്ത. എന്തുകൊണ്ട് ഒരു വനിതാ സംഘടനയെക്കുറിച്ച് സമസ്ത ഇപ്പോഴും ചിന്തിക്കുന്നില്ല?’ മറുപടിയായി ആലിക്കുട്ടി മുസ്ലിയാര്‍ പറഞ്ഞത് ഇങ്ങനെ: ‘അന്യ സ്ത്രീപുരുഷന്മാര്‍ കൂടിക്കലരുന്നത് ഒഴിവാക്കണമെന്നാണ് ഇസ്ലാം പറയുന്നത്. അതില്ലാത്ത വിധം ഏത് ശാക്തീകരണവും ആകാവുന്നതാണ്. അതുപോലെ വീടും കുടുംബവുമാണ് സ്ത്രീയുടെ പ്രധാന മേഖല. അതിനെ അപ്രസക്തമാക്കുന്നതൊന്നും ഉണ്ടായിക്കൂടാ. സൗദിയിലും മറ്റും സ്ത്രീകള്‍ ഡ്രൈവ് ചെയ്യാന്‍ പാടുണ്ടോ എന്നത് അവിടത്തെ മതപണ്ഡിതന്മാര്‍ക്കിടയില്‍ ഇപ്പോഴും ചര്‍ച്ചയാണ്. നമ്മുടെ പെണ്‍കുട്ടികളില്‍ മത-ഭൗതിക വിദ്യാഭ്യാസം ഏറിവരുന്ന ഘട്ടത്തില്‍ അവരുടെ ഇടം നിര്‍ണയിക്കാന്‍ മതത്തിന്‍െറ വിധിവിലക്കുകള്‍ പാലിച്ച് ഒരു വനിതാ കൂട്ടായ്മ വരുന്നതിനോ സംഘടിത രൂപം സ്വീകരിക്കുന്നതിനോ തടസ്സങ്ങളൊന്നും ഇല്ല.’
സമസ്ത ഉപാധ്യക്ഷനും സുന്നി യുവജനസംഘം സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എറണാകുളത്ത് നടന്ന വനിതാ ലീഗ് ദേശീയ സമ്മേളനത്തില്‍ സ്ത്രീ ശാക്തീകരണം യാഥാര്‍ഥ്യമാക്കാന്‍ ലീഗ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവിച്ചത് സമസ്ത പണ്ഡിതന്മാരുടെ വിമര്‍ശത്തിനിടയാക്കിയിരുന്നു.
സ്ത്രീ ശാക്തീകരണത്തിന് വനിതാ സംഘടന ആവാമെന്ന് സ്വന്തം പ്രസിദ്ധീകരണത്തില്‍തന്നെ വന്നത് കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടാനിടയുണ്ട്. സ്ത്രീകള്‍ അക്ഷരം പഠിക്കുന്നത് കറാഹത്താണെന്ന് (നിരുത്സാഹപ്പെടുത്തേണ്ടത്) സമസ്തയുടെ മണ്‍മറഞ്ഞ നേതാക്കളായ ഖുതുബി മുസ്ലിയാരെപോലുള്ള പണ്ഡിതന്മാര്‍ ഓര്‍മപ്പെടുത്തിയിരുന്നു. പിന്നീട്, സ്ത്രീകള്‍ പൊതുരംഗത്ത് വരുന്നതിനെയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെയും സുന്നി പണ്ഡിതര്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. ഒരുഭാഗത്ത് അതിപ്പോഴും തുടരുകയാണ്. സംവരണ മണ്ഡലങ്ങളില്‍ മാത്രം വനിതകള്‍ക്ക് മത്സരിക്കാമെന്നാണ് സമസ്തയിലെ ഒരു വിഭാഗം നേതാക്കളുടെ മതവിധി. ജനറല്‍ സീറ്റില്‍ മത്സരിക്കുന്നത് ഹറാമാണെന്നും ഇവര്‍ വാദിക്കുന്നു. സുന്നി നേതാക്കളുടെ ഈ കടുത്ത നിലപാടുകൊണ്ടാണ് നിയമസഭയിലേക്കുള്ള മുസ്ലിം ലീഗിന്‍െറ സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകള്‍ക്ക് ഇടം കിട്ടാതെ പോവുന്നത്.
എന്നാല്‍, ഇപ്പോള്‍ സമസ്ത ജന. സെക്രട്ടറി സ്ത്രീ ശാക്തീകരണം ഉന്നംവെച്ച് നടത്തിയ പ്രസ്താവന സംഘടന ഏത് രീതിയില്‍ ഉള്‍ക്കൊള്ളുമെന്ന് കണ്ടറിയണം.
സുന്നി കാന്തപുരം വിഭാഗവുമായി ഐക്യപ്പെടുന്നതിനെക്കുറിച്ചും ആലിക്കുട്ടി മുസ്ലിയാര്‍ക്ക് തുറന്ന സമീപനമാണുള്ളത്. ഒരിക്കല്‍ ഭിന്നിച്ചവര്‍ എപ്പോഴും ഭിന്നിച്ചുനില്‍ക്കണമെന്ന് വാശിപിടിക്കരുത് എന്നാണദ്ദേഹം പറയുന്നത്. സമസ്തയിലെ ഇരു വിഭാഗത്തെയും ഒന്നാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച പലപ്പോഴും നടന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് സുന്നി ഐക്യത്തിന്വേണ്ടി സി.എച്ച്. ഹൈദ്രോസ് മുസ്ലിയാര്‍ ശ്രമിച്ചപ്പോള്‍ താനും ഒപ്പമുണ്ടായിരുന്നു. ഐക്യ ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ മര്‍കസിലേക്ക് വരെ പോയി ചര്‍ച്ചചെയ്തു. സമുദായത്തിന്‍െറയും സുന്നത്ത് ജമാഅത്തിന്‍െറയും കെട്ടുറപ്പിനുവേണ്ടി എന്ത് ത്യാഗംചെയ്യാനും ഒരുക്കമാണെന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്.
 ഇപ്പോഴും ആ പോയന്‍റില്‍തന്നെയാണ് സമസ്ത നില്‍ക്കുന്നത്. വസ്സുല്‍ഹു ഖൈറുന്‍ (ഐക്യമാണ് നന്മ) എന്ന ഖുര്‍ആന്‍െറ ആഹ്വാനത്തോടൊപ്പമാണ് നാം. ചരിത്രത്തിന്‍െറ ഒരു ഘട്ടത്തില്‍ അകന്നുപോയി എന്നതുകൊണ്ട് എന്നും അകന്നുജീവിക്കണമെന്ന സിദ്ധാന്തം നമുക്കില്ളെന്നും അഭിമുഖത്തില്‍ ആലിക്കുട്ടി മുസ്ലിയാര്‍ വ്യക്തമാക്കുന്നുണ്ട്. ആലിക്കുട്ടി മുസ്ലിയാരുടെ നിലപാടിനോട് സുന്നി കാന്തപുരം വിഭാഗത്തില്‍നിന്ന് എന്തു പ്രതികരണമാവും ഉണ്ടാവുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.