പുത്തന്‍വേലിക്കരയിലെ വിവാദ ഭൂമിയില്‍  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടിനാട്ടി

പറവൂര്‍: വിവാദസ്വാമി അമൃത ചൈതന്യ എന്ന സന്തോഷ് മാധവന് പുത്തന്‍വേലിക്കരയില്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച മിച്ചഭൂമിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടിനാട്ടി. വിവാദസ്വാമി ഇടനിലക്കാരനായി സ്വകാര്യ കമ്പനിക്കുവേണ്ടി വാങ്ങിയ താഴഞ്ചിറ പാടശേഖരത്തിലാണ് പുത്തന്‍വേലിക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി കൊടിനാട്ടിയത്. കെ.പി.സി.സി വൈസ് പ്രസിഡന്‍റ് കൂടിയായ വി.ഡി. സതീശന്‍ എം.എല്‍.എയുടെ അനുവാദത്തോടെയായിരുന്നു പ്രവര്‍ത്തകരുടെ മാര്‍ച്ച്.
മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത പാടശേഖരത്തില്‍ സ്വകാര്യ കമ്പനിയെ ഹൈടെക് ഐ.ടി പാര്‍ക്ക് സ്ഥാപിക്കാന്‍ അനുവദിക്കുകയില്ളെന്ന് വി.ഡി. സതീശന്‍ വ്യക്തമാക്കിയിരുന്നു. തന്‍െറ നിയോജകമണ്ഡലത്തില്‍ 1600 കോടി രൂപ നിക്ഷേപമുള്ളതായി പറയുന്ന പദ്ധതി തുടങ്ങുന്നത് താന്‍പോലും അറിഞ്ഞില്ളെന്നത് ഞെട്ടിക്കുന്നതാണ്. വ്യാജസന്യാസി സന്തോഷ് മാധവനും സംഘവും ബിനാമി ഇടപാടിലൂടെ വാങ്ങിയതാണെന്ന പൊലീസ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് കേരള ഭൂപരിഷ്കരണ നിയമപ്രകാരം മിച്ചഭൂമിയായി ഏറ്റെടുത്തത്. ഇത് കൃഷിക്ക് അനുയോജ്യമായ പാടശേഖരമാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഭൂമി ഏറ്റെടുത്തപ്പോള്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കമ്പനി ഹൈകോടതിയെ സമീപിച്ചെങ്കിലും 2011ല്‍തന്നെ തള്ളിയിരുന്നു. ഈ മിച്ചഭൂമിയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് നടന്ന മന്ത്രിസഭാ യോഗത്തില്‍ ഇളവ് നല്‍കി ഐ.ടി കമ്പനിക്ക് വിട്ടുകൊടുക്കാന്‍ തീരുമാനമായത്. 
പുത്തന്‍വേലിക്കരയില്‍ സമരം ഡി.സി.സി ജനറല്‍ സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്‍റുമായ പി.വി. ലാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഫ്രാന്‍സിസ് വലിയപറമ്പില്‍ അധ്യക്ഷത വഹിച്ചു. വടക്കേക്കര ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പി.ആര്‍. സൈജന്‍, നേതാക്കളായ വി.എസ്. അനിക്കുട്ടന്‍, ഡേവിസ് പനക്കല്‍, കെ.എ. ബിജു, പി.കെ. ഉല്ലാസ്, എം.ജി. മോഹനന്‍, സില്‍വി പോള്‍ എന്നിവര്‍ സംസാരിച്ചു. 
മിച്ചഭൂമി വിട്ടുകൊടുക്കുന്നതിനെതിരെ കോണ്‍ഗ്രസിന് പുറമെ ബി.ജെ.പി, സി.പി.ഐ, ഡി.വൈ.എഫ്.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി പറവൂര്‍ മണ്ഡലം കമ്മിറ്റി എന്നിവരും സമരരംഗത്ത് വന്നിട്ടുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.