ബാധയൊഴിപ്പിക്കല്‍: ബാലികയെ പീഡിപ്പിച്ച വ്യാജ പാസ്റ്റര്‍ അറസ്റ്റില്‍

മഞ്ചേരി: ബാധയൊഴിപ്പിക്കാനെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയ വ്യാജ പാസ്റ്ററെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ബാലരാമപുരം മടവൂര്‍പാറ കാട്ടുകുളത്തിന്‍കര ജോസ് പ്രകാശാണ് (45) അറസ്റ്റിലായത്. വിവിധ പള്ളികളിലെ പാസ്റ്ററാണെന്ന് പറഞ്ഞാണ് വിശ്വാസികളെ ചൂഷണം ചെയ്തത്.

പെരിന്തല്‍മണ്ണയില്‍ നടന്ന വിശ്വാസികളുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത മഞ്ചേരിയിലെ കുടുംബത്തോട് അവരുടെ 13കാരി ബാലിക കുടുംബത്തിന്‍െറ ഐശ്വര്യമാണെന്നും എന്നാല്‍, പിശാച്ബാധയുണ്ടെന്നും അത് ഒഴിപ്പിക്കണമെന്നും അറിയിച്ചു. തുടര്‍ന്ന് ഇയാള്‍ രണ്ടു ദിവസം മഞ്ചേരിയിലെ വീട്ടില്‍ വന്ന് ചികിത്സിച്ചു. പ്രായപൂര്‍ത്തിയാവാത്ത രണ്ടു കുട്ടികളെ മുറിയില്‍ അടച്ചിട്ട് പ്രാര്‍ഥനയുടെ പേരില്‍ പീഡനത്തിനിരയാക്കി. പുറത്തുപറയരുതെന്നും പറഞ്ഞു. പിന്നീട് പെരിന്തല്‍മണ്ണയില്‍ ഒരു വീട്ടില്‍ പ്രാര്‍ഥനാ ചികിത്സയുണ്ടെന്നു പറഞ്ഞ് കുടുംബത്തോട് രണ്ടു ദിവസം അവിടെ ചെന്ന് താമസിക്കാന്‍ പറഞ്ഞു.

പ്രാര്‍ഥനയുടെ പേരില്‍ ഇദ്ദേഹത്തിന്‍െറ മുറിയില്‍ കുട്ടികളെ മാത്രം താമസിപ്പിച്ച് പീഡനത്തിനിരയാക്കി. സംശയം തോന്നിയ കുടുംബം ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരോട് പരാതി പറഞ്ഞു. ചൈല്‍ഡ്ലൈന്‍ വളന്‍റിയര്‍മാര്‍ കുട്ടികളെ കൗണ്‍സലിങ് നടത്തിയാണ് സംഭവങ്ങള്‍ പുറത്തുകൊണ്ടുവന്നത്. പിന്നീട് മഞ്ചേരി സി.ഐ സണ്ണി ചാക്കോക്ക് കുടുംബം നല്‍കിയ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.

ഇയാള്‍ ഒരു പള്ളിയുടെയും പാസ്റ്റര്‍ സ്ഥാനം വഹിക്കുന്നില്ളെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മഞ്ചേരി എസ്.ഐ കൈലാസ്നാഥ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.