സ്പെഷല്‍ സ്കൂള്‍ എയ്ഡഡ് പദവി; വിവാദങ്ങളെ പേടിച്ച് നടക്കാനാവില്ല –മുഖ്യമന്ത്രി

കാസര്‍കോട്: സംസ്ഥാനത്ത് 113 സ്പെഷല്‍ സ്കൂളുകള്‍ക്കുകൂടി എയ്ഡഡ് പദവി നല്‍കിയത് വേണ്ടത്ര പഠനമോ പരിശോധനയോ നടത്താതെയാണെന്നും ഇത് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നുമുള്ള പത്രവാര്‍ത്ത അത്യന്തം വേദനിപ്പിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 2005ല്‍ താന്‍ ആദ്യം മുഖ്യമന്ത്രിയായപ്പോള്‍തന്നെ സ്പെഷല്‍ സ്കൂളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന പദ്ധതിയുണ്ടായിരുന്നു. എന്നാല്‍, അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് കാണിച്ച് ഉദ്യോഗസ്ഥര്‍ നിരുത്സാഹപ്പെടുത്തിയെന്ന് ഇന്നലെ ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാര്‍ത്തയോട് പ്രതികരിക്കവേ ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സാധാരണ കുട്ടികള്‍ പണക്കാരന്‍േറതായാലും പാവപ്പെട്ടവന്‍േറതായാലും പ്ളസ് ടു വരെ സൗജന്യമായി പഠിക്കുമ്പോള്‍ അന്ധത, ബധിരത, മനോവൈകല്യം തുടങ്ങിയ ബുദ്ധിമുട്ടുള്ള കുട്ടികള്‍ പണംകൊടുത്ത് മാനേജ്മെന്‍റ് സ്കൂളുകളില്‍ പഠിക്കുന്നത് തന്നെ നൊമ്പരപ്പെടുത്തി. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലാവധിക്കുശേഷം പുതിയ മന്ത്രിസഭയിലെ ധനമന്ത്രി തോമസ് ഐസക്കിനോട് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന് അഭ്യര്‍ഥിച്ചു. അതിന്‍െറ ഫലമായി അദ്ദേഹം 10 കോടി അനുവദിച്ചു.  
പിന്നീട് താന്‍ വീണ്ടും മുഖ്യമന്ത്രിയായപ്പോള്‍ സ്പെഷല്‍ സ്കൂള്‍ കുട്ടികള്‍ക്കുവേണ്ടി പദ്ധതിയുണ്ടാക്കി. പഴയപോലെ ഉദ്യോഗസ്ഥര്‍ സാമ്പത്തിക ബാധ്യതയെക്കുറിച്ച് സൂചിപ്പിച്ചു. ആകെ 278 സ്പെഷല്‍ സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ തിരുവനന്തപുരത്തെ സി.എച്ച്. മുഹമ്മദ്കോയ സ്കൂള്‍ മാത്രമേ സര്‍ക്കാര്‍ മേഖലയില്‍ ഉണ്ടായിരുന്നുള്ളൂ. നൂറില്‍ കൂടുതല്‍ കുട്ടികളുള്ള അഞ്ച് സ്കൂളുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ എയ്ഡഡ് പദവി നല്‍കിയത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന 14 എണ്ണം ഉള്‍പ്പെടെ 34 ബഡ്സ് സ്കൂളുകളാണുള്ളത്.
ബാക്കി 12 ജില്ലകളിലായി 50നും 100നും ഇടയില്‍ വിദ്യാര്‍ഥികളുള്ള സ്പെഷല്‍ സ്കൂളുകള്‍ക്ക് സഹായം നല്‍കാനാണ് തീരുമാനിച്ചത്. ഇതിനുവേണ്ടി തിരുവനന്തപുത്തെ സര്‍ക്കാര്‍ സ്കൂളിന്‍െറ പ്രിന്‍സിപ്പല്‍ ജയരാജിനെ ഏകാംഗ കമീഷനായി നിയോഗിച്ചു. സംസ്ഥാനത്ത് എല്ലായിടത്തും സന്ദര്‍ശിച്ച് അദ്ദേഹം നല്‍കിയ റിപ്പോര്‍ട്ടിലാണ് തുടര്‍ നടപടി.
ഇതിലാണ് വലിയ അഴിമതി നടന്നുവെന്ന് ഒരു പത്രം ആരോപിക്കുന്നത്. എല്ലാ സ്കൂളുകള്‍ക്കും എയ്ഡഡ് പദവി നല്‍കാനായിരുന്നു മന്ത്രിസഭയുടെ തീരുമാനം -മുഖ്യമന്ത്രി പറഞ്ഞു. വിവാദങ്ങളുണ്ടാകും. എന്നാല്‍, അവയെ പേടിച്ച് നടക്കാനാവില്ല -മുഖ്യമന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതം –ഫാ. റോയി വടക്കേല്‍
തിരുവനന്തപുരം: 113 സ്പെഷല്‍ സ്കൂളുകള്‍ക്ക് കൂടി എയ്ഡഡ് പദവി നല്‍കാന്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും 2014 ജനുവരിയില്‍ നിയമസഭയിലെടുത്ത തീരുമാനം പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തതെന്നും അസോ. ഓഫ് ഇന്‍റലക്ച്വലി ഡിസേബ്ള്‍ഡ് ചെയര്‍മാന്‍ ഫാ. റോയി വടക്കേല്‍ വ്യക്തമാക്കി. 2014 ഏപ്രില്‍ 28ന് ബഡ്സ് സ്കൂളുകള്‍ ഉള്‍പ്പെടെ മാനസിക വൈകല്യമുള്ള 100ലേറെ കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളെ എയ്ഡഡ് പദവിയിലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാര്‍ തത്ത്വത്തില്‍ അനുമതിനല്‍കി ഉത്തരവായിരുന്നു. 2015 മേയ് 15ന് വ്യവസ്ഥകള്‍ക്ക് വിധേയമായി എയ്ഡഡ് പദവി നല്‍കാനുള്ള മാനദണ്ഡങ്ങള്‍ അംഗീകരിച്ച് ഉത്തരവായി. സബ് കമ്മിറ്റികളും വിദഗ്ധ സമിതികളും ഇതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ആധികാരികമായി പഠിക്കുകയും ഭേദഗതികള്‍ വരുത്തുകയും ചെയ്തതിനുശേഷം ഏറെക്കാലത്തെ വിചിന്തനങ്ങള്‍ക്കുശേഷമാണ് എയ്ഡഡ് പദവി നല്‍കാനുള്ള നടപടിക്ക് സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ തുടക്കമിട്ടതെന്ന് ഫാ. റോയി വടക്കേല്‍ പറഞ്ഞു.
കേരളത്തില്‍ 40 ലക്ഷത്തിലധികം കുട്ടികള്‍ പൊതുമേഖലയില്‍ എക്കാലത്തും സൗജന്യ വിദ്യാഭ്യാസം നേടുന്നുണ്ട്.
വൈകല്യം നേരിടുന്ന കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ നടപടിയുണ്ടാകണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച ജയരാജ് കമീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു.  
പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ മൂന്നാംഘട്ട നടപടി സ്വീകരിക്കുന്നതിന് നിയമതടസ്സമുണ്ടായിരിക്കെ എല്ലാ മുന്നണികളും പ്രകടനപത്രികയില്‍ പ്രധാന സാമൂഹികക്ഷേമ നടപടിയായി ഇക്കാര്യം ഉള്‍പ്പെടുത്തമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.