കരുണ എസ്റ്റേറ്റ്: രണ്ടാം ‘കള്ളവില്‍പന’ സര്‍ക്കാര്‍ കോടതിയില്‍ നിന്ന് മറച്ചുവെച്ചു

പാലക്കാട്: നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റ് ഉടമകള്‍ നടത്തിയ രണ്ടാമത്തെ അനധികൃത വില്‍പന സര്‍ക്കാര്‍ കോടതിയില്‍നിന്ന് മനഃപൂര്‍വം മറച്ചുവെച്ചെന്ന് വ്യക്തമായി. പാട്ടവ്യവസ്ഥയിലുള്ള ഭൂമി കൈവശക്കാരനില്‍നിന്ന് ജന്മാവകാശമായി വാങ്ങിയ എസ്റ്റേറ്റ് ഉടമകള്‍ അതേ ഭൂമി 2008ല്‍ മറ്റൊരു വ്യക്തിയില്‍നിന്ന് ജന്മം തീരായി വാങ്ങിയ വിവരമാണ് രണ്ടര പതിറ്റാണ്ടോളം ട്രൈബ്യൂണല്‍ മുതല്‍ സുപ്രീംകോടതി വരെ കേസ് നടത്തിയിട്ടും സര്‍ക്കാര്‍ മറച്ചുവെച്ചത്. എസ്റ്റേറ്റ് ഉടമകളായ പോബ്സ് ഗ്രൂപ് നടത്തിയ ഈ വില്‍പന കോടതിയുടെ മുന്നില്‍ ഇനിയും എത്തിയിട്ടില്ല.

കൊല്ലങ്കോട് വെങ്ങുനാട് കോവിലകം വക നെല്ലിയാമ്പതിയിലെ ഭൂമി, ബ്രിട്ടീഷുകാരായ രണ്ട് വ്യക്തികള്‍ക്ക് 75 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയതിന്‍െറ കാലാവധി 1964ല്‍ അവസാനിക്കുകയും അതേവര്‍ഷം രാജാവ് മരിച്ചതിനെതുടര്‍ന്ന്, കോവിലകത്തിലെ അവകാശികള്‍ പാലക്കാട് സബ് കോടതിയില്‍ ഭാഗംവെക്കല്‍ കേസ് നല്‍കുകയും ചെയ്തിരുന്നു. കോടതി റിസീവര്‍ ഭരണം ഏര്‍പ്പെടുത്തിയ ഈ ഭൂമിയാണ് മരണമടഞ്ഞ രാജാവിന്‍െറ മകന്‍ നിയമവിരുദ്ധമായി വീണ്ടും പാട്ടത്തിന് നല്‍കിയത്. ബ്രിട്ടീഷ് പൗരന്മാര്‍ 1969ല്‍ ഈ ഭൂമിയുടെ അവകാശം ആലപ്പുഴ സ്വദേശി എന്‍.എം. ജോസഫിന് നല്‍കിയതും നിയമവിരുദ്ധമായിരുന്നെന്ന് കണ്ടത്തെിയിട്ടുണ്ട്. ജോസഫില്‍നിന്ന് 1979ല്‍ കരുണ എസ്റ്റേറ്റുകാര്‍ ജന്മാവകാശമായി വാങ്ങിയ ഇതേ ഭൂമി 2008ല്‍ നെന്മാറ സബ് രജിസ്ട്രാര്‍ ഓഫിസില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്ത പ്രധാന വിവരമാണ് സര്‍ക്കാര്‍ കോടതികളില്‍നിന്ന് മറച്ചുവെച്ചത്. കേസ് നടത്തിപ്പിന്‍െറ ആദ്യഘട്ടത്തില്‍ രണ്ടാമത്തെ വില്‍പന നടന്നിരുന്നില്ളെന്ന് വാദിക്കാമെങ്കിലും അന്തിമവിധി വരുംമുമ്പ് രജിസ്ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയിരുന്നു.

ഭാഗംവെക്കല്‍ കേസിലുണ്ടായ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ കരുണ എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം നിക്ഷിപ്തമായ കോവിലകം കുടുംബാംഗത്തില്‍നിന്ന് കൂടുതല്‍ സുരക്ഷിതത്വം കരുതി വീണ്ടും രജിസ്റ്റര്‍ ചെയ്തു വാങ്ങിയെന്നാണ് വിശദീകരണം. ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇതിനുള്ള വിലയായി 17.5 ലക്ഷം രൂപ നല്‍കിയെന്നാണ് രേഖ. കരുണക്കെതിരെ ദുര്‍ബലവാദങ്ങള്‍ ഉയര്‍ത്തി കേസ് നടത്തിയ സര്‍ക്കാര്‍ 1993ല്‍ ഹൈകോടതിയില്‍നിന്ന് പ്രതികൂലവിധി വന്നപ്പോള്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ പോലും തയാറായില്ല. 3380 ദിവസം വെച്ചുതാമസിപ്പിച്ച് അപ്പീലിന് പകരം നല്‍കിയ റിവ്യു പെറ്റീഷന്‍ കാലഹരണദോഷം ആരോപിച്ച് കോടതി തള്ളുകയും ചെയ്തു. ഇതിനെതിരെ നാല് വര്‍ഷം കഴിഞ്ഞാണ് സുപ്രീംകോടതിയില്‍ പോയത്.

സുപ്രീംകോടതി അപ്പീല്‍ തള്ളി 2009ല്‍ വിധി പ്രസ്താവിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് രണ്ടാമത്തെ ജന്മാവകാശം വാങ്ങല്‍, എസ്റ്റേറ്റ് ഉടമകള്‍ പൂര്‍ത്തിയാക്കിയിരുന്നു. രാജാവിന്‍െറ മകന്‍ പാട്ടക്കാലാവധി പുതുക്കിയതും പാട്ടഭൂമി കൈവശാവകാശക്കാരന്‍ വില്‍പന നടത്തിയതും വ്യാജരേഖകളുടെ പിന്‍ബലത്തിലാണോ എന്ന് പരിശോധിക്കാന്‍ നിയുക്തമായ ഉദ്യോഗസ്ഥ സമിതി എസ്റ്റേറ്റിന് എന്‍.ഒ.സി നല്‍കാന്‍ തീരുമാനിച്ചത് വിചിത്രമായ മറ്റൊരു കാര്യം.
കരുണ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഭൂമിയില്ളെന്ന മുഖ്യമന്ത്രിയുടെ ഒടുവിലത്തെ വാദം ഹൈകോടതിയുടെ മുന്നിലുള്ള സ്വന്തം സത്യവാങ്മൂലം പാടെ തള്ളുന്നതായെന്ന് വനംവകുപ്പിന്‍െറ തന്നെ നിയമവിദഗ്ധര്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാര്‍ അരനൂറ്റാണ്ട് മുമ്പ് പാസാക്കിയ ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥ പ്രകാരം കരുണ എസ്റ്റേറ്റ് 1970 മുതല്‍ സര്‍ക്കാറില്‍ നിക്ഷിപ്തമാണെന്ന ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി പി. മേരിക്കുട്ടിയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ നല്‍കിയ സത്യവാങ്മൂലം ഹൈകോടതിയുടെ പരിഗണനയിലാണ്. എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഭൂമിയുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇതിന്‍െറ നിഷേധമാണ് മുഖ്യമന്ത്രിയുടെ പുതിയ വാദമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.