അപകീര്‍ത്തി നോട്ടീസ്: മന്ത്രി ബാബുവിനെതിരെ സി.പി.എം പരാതി നല്‍കും

കൊച്ചി: സി.പി.എം തൃപ്പൂണിത്തുറ ലോക്കല്‍ സെക്രട്ടറിയും മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയുമായ സി.എന്‍. സുന്ദരത്തിനെതിരെ അപകീര്‍ത്തികരമായ നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്തെന്നാരോപിച്ച് മന്ത്രി കെ. ബാബുവിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതിനല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചു. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം സി.കെ. മണിശങ്കറാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
അഴിമതിയാരോപണ വിധേയനായ മന്ത്രി ബാബു രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ്. അഴിമതി വിരുദ്ധ അഗ്നിജ്വാലയും രാപ്പകല്‍ സമരവും നടത്തിയിരുന്നു.
മണ്ഡലം എല്‍.ഡി.എഫ് കണ്‍വീനര്‍കൂടിയായ സുന്ദരന്‍െറ പേരില്‍ പ്രസിദ്ധീകരിച്ച നോട്ടീസിന് മറുപടിയായി അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോടെ നോട്ടീസ് അച്ചടിച്ച് നിയോജക മണ്ഡലത്തിലുടനീളം വിതരണം ചെയ്തെന്നാണ് ആരോപണം. കോണ്‍ഗ്രസ് തൃപ്പൂണിത്തുറ, പള്ളുരുത്തി ബ്ളോക് പ്രസിഡന്‍റുമാരായ സി. വിനോദ്, ബേസില്‍ മൈലന്തറ എന്നിവര്‍ തയാറാക്കിയ നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്തത് ബാബുവിന്‍െറ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് ആരോപണം.
ഇതില്‍ 25 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബ്ളോക് പ്രസിഡന്‍റുമാര്‍ക്കെതിരെ സുന്ദരന്‍ വക്കീല്‍ നോട്ടീസയച്ചു.
പരാമര്‍ശങ്ങള്‍ പിന്‍വലിച്ചും മാപ്പ് അപേക്ഷിച്ചും 25,000 നോട്ടീസടിച്ച് വിതരണം ചെയ്യണമെന്നും വാര്‍ത്ത പ്രസിദ്ധീകരിപ്പിക്കണമെന്നും അല്ളെങ്കില്‍ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സുന്ദരന്‍, അഡ്വ. എസ്. മധുസൂദനന്‍ എന്നിവരും പങ്കെടുത്തു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.