തണ്ണീര്‍ത്തടം നികത്തല്‍: ഉത്തരവിനു പിന്നില്‍ മുഖ്യമന്ത്രിയെന്ന് രേഖകള്‍

തിരുവനന്തപുരം: നിയമം ലംഘിച്ച് കോട്ടയത്ത് തണ്ണീര്‍ത്തടവും നെല്‍വയലും നികത്താന്‍ ഉത്തരവിട്ടതിനുപിന്നില്‍ മുഖ്യമന്ത്രിയെന്ന് രേഖകള്‍. തണ്ണീര്‍ത്തടം നികത്തുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച കൃഷിവകുപ്പിന്‍െറ നിര്‍ദേശം മറികടന്നാണ്് കോടിമത മൊബിലിറ്റി ഹബിന്‍െറയും കോറിഡോര്‍ പദ്ധതിയുടെയും ഫയലില്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തത്. ഈ രണ്ട് പദ്ധതിക്കും ഭൂമി തരംമാറ്റുന്നത് നിയമവിരുദ്ധമാണെന്ന് കൃഷിവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. തരംമാറ്റാന്‍ ഉദ്ദേശിക്കുന്ന ഭൂമി കൃഷിചെയ്യാതെ തരിശിട്ടിരിക്കുന്ന നെല്‍വയലാണെന്ന് കോട്ടയം കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. ബസ് ടെര്‍മിനല്‍ കോംപ്ളക്സ്, കണ്‍വെന്‍ഷന്‍ സെന്‍റര്‍, എക്സിബിഷന്‍ സെന്‍റര്‍, ക്രിക്കറ്റ് സ്റ്റേഡിയം, ഫാമുകള്‍, വാട്ടര്‍ സ്പോര്‍ട്സ് പ്രവൃത്തികള്‍, ലാന്‍ഡ് സ്കേപ് നടപ്പാതകള്‍, സൈക്ളിങ് ട്രാക്കുകള്‍ എന്നിവ ഉള്‍പ്പെട്ട ഇക്കോടൂറിസം പദ്ധതികളാണ് മൊബിലിറ്റി ഹബിലുള്ളത്. കോടിമത മൊബിലിറ്റി ഹബ് സൊസൈറ്റി ചെയര്‍മാനാകട്ടെ മുഖ്യമന്ത്രിയും.

പദ്ധതിക്കായി 100-125 ഏക്കര്‍ നെല്‍വയല്‍ തരംമാറ്റണം. നെല്‍വയലുകള്‍ പൊതുആവശ്യത്തിനായി തരംമാറ്റാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, നിലം കൈമാറുന്ന ഭൂഉടമകള്‍ക്ക് പകരമായി നല്‍കുന്ന സ്ഥലത്തിന് തരംമാറ്റം അനുവദിക്കാന്‍ വ്യവസ്ഥയില്ല. കൂടാതെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം നിലവില്‍വരുംമുമ്പ് നികത്തിയ നെല്‍വലുകള്‍ നിശ്ചിത 25 ശതമാനം ഫീസ് ഈടാക്കി ക്രമവത്കരിക്കാമെന്ന് വ്യവസ്ഥയുണ്ട്. ഇതനുസരിച്ച് ഏറെ വിസ്തൃതിയുള്ള പാടങ്ങള്‍ ക്രമവത്കരിച്ചാല്‍ നെല്‍വയലുകള്‍ പൂര്‍ണമായി ഇല്ലാതാകുന്ന അവസ്ഥയുണ്ടാകുമെന്നും കൃഷിവകുപ്പ് മുന്നറിയിപ്പ് നല്‍കി. കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും എം.സി റോഡിലൂടെയും കെ.കെ റോഡിലൂടെയും യാത്ര ചെയ്യുന്ന ദീര്‍ഘദൂര യാത്രികര്‍ക്ക് നഗരത്തിലെ തിരക്കില്‍നിന്ന് മാറി യാത്രചെയ്യാനുമുള്ള കോറിഡോര്‍ പദ്ധതിയിലാകട്ടെ കടുത്ത നിയമലംഘനമാണ് നടത്തിയത്.  

പദ്ധതിക്കുവേണ്ടി ഭൂമി കൈമാറുന്നവര്‍ക്ക് നല്‍കിയ സ്ഥലത്തിന്‍െറ 50 ശതമാനം സര്‍ക്കാര്‍ അനുവദിക്കുമെന്നാണ് വ്യവസ്ഥ. ഇതിനായി കണ്ടത്തെിയത് കൃഷിക്ക് യോഗ്യമല്ലാത്ത ചതുപ്പുനിലങ്ങളാണ്. ഇത് തരംമാറ്റിയെടുക്കാനായിരുന്നു തീരുമാനം. നിലവിലെ നിയമം അനുസരിച്ച് ചതുപ്പുനിലങ്ങള്‍ നികത്താന്‍ വ്യവസ്ഥയില്ല. നികത്താന്‍ ഉദ്ദേശിക്കുന്ന ചതുപ്പുനിലങ്ങള്‍ നിലവിലെ നിയമത്തിലെ രണ്ടാം വകുപ്പ് അനുസരിച്ച് തണ്ണീര്‍ത്തടങ്ങളാണെന്ന് കൃഷിവകുപ്പ് റിപ്പോര്‍ട്ട് നല്‍കി. അതിനാല്‍ ചതുപ്പുകള്‍ പരിവര്‍ത്തനം ചെയ്യാനാവില്ളെന്നും വകുപ്പ് ചൂണ്ടിക്കാട്ടി. അങ്ങനെ രണ്ട് പദ്ധതിയിലും നെല്‍വയല്‍ നീര്‍ത്തടനിയമം ലംഘിച്ച് നിലംനികത്താന്‍ പാടില്ളെന്ന നിലപാടില്‍ കൃഷിവകുപ്പ് ഉറച്ചുനിന്നു.

1958ലെ കേരള ഭൂമിവിട്ടൊഴിയല്‍ നിയമത്തിലെ വകുപ്പ് അഞ്ച് പ്രകാരം ഉപാധികളോടെയുള്ള ഭൂമിവിട്ടൊഴിയല്‍ അപേക്ഷ പരിഗണിക്കാനാവില്ളെന്നും വ്യക്തമാക്കി. എന്നാല്‍, ഭൂമി കൃഷിചെയ്യാത്ത തരിശാണെന്നും അതിനാല്‍ തരംമാറ്റാമെന്നുമുള്ള കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച വേളയില്‍ മുഖ്യമന്ത്രി അതിനെ പിന്തുണച്ചിരുന്നു. പിന്നീട് മന്ത്രിസഭായോഗത്തില്‍ കൃഷിവകുപ്പ് ഇതുസംബന്ധിച്ച് ഉന്നയിച്ച എതിരഭിപ്രായം വകവെക്കാതെയാണ് പദ്ധതിക്ക് അനുമതി നല്‍കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.