99ലും മര്‍മമറിഞ്ഞുള്ള നര്‍മവുമായി മാര്‍ ക്രിസോസ്റ്റം

ന്യൂഡല്‍ഹി: പ്രായമായെന്നും പണ്ടേപോലെ ഓര്‍മയില്ളെന്നും പറഞ്ഞാണ്  ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത  തുടങ്ങിയത്. പക്ഷേ, 99ാം വയസ്സിലും മര്‍മമറിഞ്ഞുള്ള നര്‍മത്തിന് തന്നെക്കഴിഞ്ഞേ ആളുള്ളൂവെന്ന്  അടുത്ത നിമിഷം അദ്ദേഹം ബോധ്യപ്പെടുത്തി. 100ാം പിറന്നാളിനു മുന്നോടിയായി തയാറാക്കുന്ന ഡോക്യുമെന്‍ററിയുടെ ചിത്രീകരണത്തിന് തലസ്ഥാനത്തത്തെിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കഴിഞ്ഞുള്ള ഇടവേളയിലാണ് മാധ്യമപ്രവര്‍ത്തകരുമായി കൂടിയിരിപ്പു നടത്തിയത്.

തെരഞ്ഞെടുപ്പുകാലമാകയാല്‍ സംഭാഷണം വോട്ടുവര്‍ത്തമാനമായി.  കേരളത്തില്‍ ആരു ജയിക്കുമെന്ന ചോദ്യത്തിന് ജ്യോതിഷിയല്ല മെത്രാനാണ് താനെന്നും ജനങ്ങളുടെ അടിസ്ഥാന ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ കെല്‍പ്പുള്ളവര്‍ ജയിക്കണമെന്നാണ് ആഗ്രഹമെന്നുമായിരുന്നു മറുപടി. 90 വയസ്സു കഴിഞ്ഞവര്‍ മുഖ്യമന്ത്രിയാകുന്നതു ശരിയോ എന്ന മുനവെച്ച ചോദ്യത്തിന് ഇരട്ടമൂര്‍ച്ചയുള്ള ഉത്തരം: 90 വയസ്സായി എന്നത് അയോഗ്യതയല്ല. പക്ഷേ, മുഖ്യമന്ത്രിയാവാന്‍ 90 ആകണമെന്നുമില്ല.  അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിയവര്‍ മത്സരിക്കുന്നതു ശരിയോ എന്നു തിരക്കിയപ്പോള്‍ തെറ്റ് ചെയ്യാത്തവര്‍ ആരുമില്ളെന്ന് മറുപടി. ആത്മീയനേതൃത്വം രാഷ്ട്രീയം പറയുന്നതില്‍ ഒരു തെറ്റുമില്ല, രാഷ്ട്രീയം ഇല്ലാത്തവരായി ആരുമില്ല. പക്ഷേ, അയോഗ്യനായ ഒരാള്‍ നമ്മുടെ ആളായതുകൊണ്ട് പിന്തുണക്കാനും വിജയിപ്പിക്കാനും ശ്രമിക്കുന്നത് ശരിയല്ല.

താന്‍ ദൈവവചനങ്ങള്‍ പറയുന്നതു കേള്‍ക്കുമ്പോള്‍തന്നെ ആളുകള്‍ ഉറങ്ങുകയാണെന്നും രാഷ്ട്രീയം പറഞ്ഞ് കൈയിലെടുക്കാന്‍ കഴിയുമെന്ന് വിശ്വാസമില്ളെന്നും അദ്ദേഹം പറഞ്ഞു. മോദിക്ക് ആളെ പോക്കറ്റിലാക്കാനുള്ള വിദ്യ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അച്യുതമേനോനും ഇ.എം.എസും എ.ജെ. ജോണുമെല്ലാം മികച്ച നേതാക്കളായിരുന്നു. ഇ.എം.എസ് മന്ത്രിസഭക്കെതിരെ അന്ന് നെഹ്റുവിന് നിവേദനം നല്‍കിയതില്‍ തെറ്റുതോന്നുന്നില്ല. വ്യത്യസ്ത ആശയങ്ങള്‍ എമ്പാടുമുണ്ടാകുമ്പോഴാണ് സമൂഹത്തിന് ഭംഗിയും ശക്തിയുമുണ്ടാവുക.  

സംവിധായകന്‍ ബ്ളസിയാണ് ജീവചരിത്ര ഡോക്യുമെന്‍ററി തയാറാക്കുന്നത്. അടുത്ത ദിവസം രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരി തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ച  ചിത്രീകരിക്കും. ഒരു വര്‍ഷമായി ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് ബ്ളസി പറഞ്ഞു. ചിരിയോടൊപ്പം മെത്രാപ്പോലീത്തയുടെ ചിന്തകളുടെയും ആഴം വരുംതലമുറകള്‍ക്കായി പകര്‍ത്തി വെക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.  മാര്‍ത്തോമാ സഭ ഡല്‍ഹി ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ പൗലോസ്,  ബാബു പണിക്കര്‍, സുധീര്‍നാഥ് എന്നിവരും സന്നിഹിതരായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.