തിരുവനന്തപുരം: കേരള ബുക്സ് ആന്‍ഡ് പബ്ളിക്കേഷന്‍ സൊസൈറ്റി (കെ.ബി.പി.എസ്) അടക്കമുള്ള സര്‍ക്കാര്‍ പ്രസുകളെ ഒഴിവാക്കി ലോട്ടറി അച്ചടി സ്വകാര്യ പ്രസിന്. സിഡ്കോക്ക് ഓഹരി പങ്കാളിത്തമുള്ള കേരള സിഡ്കോ ഹൈടെക് സെക്യൂരിറ്റി പ്രിന്‍റിങ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് ലോട്ടറി അച്ചടിക്ക് അനുമതി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന മാര്‍ച്ച് നാലിനാണ് നികുതി വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. 1984 മുതല്‍ കെ.ബി.പി.എസാണ് ഭാഗ്യക്കുറി അച്ചടിക്കുന്നത്. എന്നാല്‍, ലോട്ടറികളുടെ എണ്ണം വര്‍ധിച്ചതിനാല്‍ ഇവര്‍ക്ക് ഇത്രയധികം അച്ചടിക്കാനുള്ള സംവിധാനമില്ളെന്നതാണ് സ്വകാര്യ പ്രസിന് നല്‍കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
അതീവ സുരക്ഷയില്‍ അച്ചടിക്കേണ്ട ലോട്ടറി സ്വകാര്യപ്രസുകളെ ഏല്‍പിക്കരുതെന്നാണ് കേന്ദ്ര-സംസ്ഥാന നിയമങ്ങളില്‍ പറയുന്നത്. അഥവാ അച്ചടിക്കേണ്ടിവന്നാല്‍ റിസര്‍വ് ബാങ്കിന്‍െറ അനുമതിയോടെ അവര്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുവേണം അച്ചടിക്കാന്‍. അതേസമയം പൊതുമേഖലാ സ്ഥാപനമായ സിഡ്കോക്ക് കമ്പനിയില്‍ 26 ശതമാനം ഓഹരിയുള്ളതിനാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള നിബന്ധന തടസ്സമാകില്ളെന്നാണ് അധികൃതരുടെ നിലപാട്. 2010-11 വര്‍ഷത്തെ 555.69 കോടിയുടെ വിറ്റുവരവില്‍നിന്ന് 2014-2015ല്‍ 5445 കോടിയിലേക്ക് ലോട്ടറി വില്‍പ്പന വര്‍ധിച്ചതായി നികുതി വകുപ്പിന്‍െറ ഉത്തരവ് വ്യക്തമാക്കുന്നു.
വിതരണത്തിന് 14 ദിവസം മുമ്പ് കെ.ബി.പി.എസ് അച്ചടി പൂര്‍ത്തിയാക്കി ലോട്ടറി കൈമാറുന്നുണ്ട്. ഒന്നേകാല്‍ കോടി ടിക്കറ്റ് പ്രതിദിനം അച്ചടിക്കാനുള്ള സംവിധാനവും അവര്‍ക്കുണ്ട്. വിന്‍വിന്‍, പൗര്‍ണമി, അക്ഷയ, ഭാഗ്യനിധി, കാരുണ്യ എന്നിങ്ങനെ അഞ്ച് ലോട്ടറികളും വിശേഷാല്‍ ബംബറുകളുമാണ് ഇവിടെ അച്ചടിക്കുന്നത്. കാരുണ്യ ഭാഗ്യക്കുറി 35 ലക്ഷവും മറ്റ് നാലെണ്ണവും കൂടി 3.55 കോടിയുമാണ് പ്രതിവാരം വേണ്ടത്. വര്‍ഷത്തില്‍ അഞ്ചോളം ബംബറുകളാണുണ്ടാവുക. സ്പെഷല്‍ ബംബര്‍ ശരാശരി 40 ലക്ഷവും മറ്റുള്ള നാലെണ്ണം ശരാശരി 25 ലക്ഷം വീതവുമുണ്ടാവും.
ഇത്തരത്തില്‍ പ്രതിവര്‍ഷം 140 കോടി ടിക്കറ്റാണ് കെ.ബി.പി.എസ് അച്ചടിക്കുന്നത്. കൂടുതല്‍ ലോട്ടറി ടിക്കറ്റുകള്‍ സുരക്ഷിതമായി അച്ചടിക്കുന്നതിനുള്ള നൂതന സംവിധാനങ്ങള്‍ ഒരുക്കിയ സാഹചര്യത്തിലാണ് അച്ചടിയവകാശം സ്വകാര്യപ്രസിന് കൂടി നല്‍കി ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. നേരത്തേ പാഠ പുസ്തകങ്ങളുടെ അച്ചടിയും സ്വകാര്യ കമ്പനിയെ ഏല്‍പിക്കാനുള്ള നീക്കം നടന്നിരുന്നു. കെ.ബി.പി.എസിന്‍െറ പ്രധാന വരുമാനമാര്‍ഗമാണ് ലോട്ടറി-പാഠപുസ്തക അച്ചടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.