കോഴിക്കോട്: ഭൂരിപക്ഷം അംഗങ്ങളുടെ അവിശ്വാസത്തെ തുടര്‍ന്ന് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെ.എ. ഹസന്‍ രാജിവെച്ചു. ഈ ഒഴിവിലേക്ക് പുതിയ ചെയര്‍മാനെ 16ന് തെരഞ്ഞെടുക്കും. ബോര്‍ഡിന് നാലുവര്‍ഷം ബാക്കിനില്‍ക്കെയാണ് ഒരു വര്‍ഷംപോലും പൂര്‍ത്തിയാക്കാനാവാതെ ചെയര്‍മാന്‍ രാജിവെച്ചത്. ചെയര്‍മാന്‍െറ പല പ്രവര്‍ത്തനങ്ങളും അനാഥശാലകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലായതിനാലാണ് അവിശ്വാസം കൊണ്ടുവന്നതെന്ന് മുതിര്‍ന്ന ബോര്‍ഡംഗം ‘മാധ്യമ’ത്തോട് പറഞ്ഞു. ഫെബ്രുവരി 29ന് ചേര്‍ന്ന യോഗം രാജി അംഗീകരിച്ചു.
പുതിയ ചെയര്‍മാനെ ഇതേ യോഗത്തില്‍തന്നെ തെരഞ്ഞെടുക്കണമെന്ന് അഭിപ്രായമുയര്‍ന്നെങ്കിലും ഈ അജണ്ട മുന്‍കൂട്ടി നോട്ടീസ് നല്‍കാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടന്നില്ല. അംഗങ്ങളായ എം.കെ. രാഘവന്‍ എം.പി, പി.ടി.എ. റഹീം എം.എല്‍.എ എന്നിവര്‍ യോഗത്തില്‍ ഹാജരുമല്ലായിരുന്നു. ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ, കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, ഫാ. ജോര്‍ജ് ജോഷ്വോ, റോയ്മാത്യു വടക്കേല്‍, ഫാ. ജോഷി ആളൂര്‍, ടി.കെ. പരീക്കുട്ടി ഹാജി, സി. മുഹമ്മദലി, സിസ്റ്റര്‍ മെറിന്‍, മേരി സെബാസ്റ്റ്യന്‍, പത്മിനി ഗോപിനാഥ്, കെ.കെ. മണി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
അനാഥശാലകളിലേക്ക് ഇതരസംസ്ഥാനത്തുനിന്ന് കുട്ടികളെ കൊണ്ടുവന്നത് സംബന്ധിച്ച പ്രശ്നം കൈകാര്യം ചെയ്ത രീതി, അനാഥാലയങ്ങളോടുള്ള കടുത്ത നിലപാടുകള്‍ തുടങ്ങിയവയാണ് ചെയര്‍മാന്‍െറ രാജിയിലേക്ക് നയിച്ചത്. സാമൂഹികനീതി വകുപ്പിന്‍െറയും അനാഥശാല കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍െറയും നിലപാടുകളാണ് പ്രശ്നം വഷളാക്കിയതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. അംഗങ്ങള്‍ ചെയര്‍മാനെ മാറ്റാന്‍ സര്‍ക്കാറിന് പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല. ഭൂരിഭാഗം അംഗങ്ങളും അവിശ്വാസം പ്രകടിപ്പിച്ചതോടെ സീനിയര്‍ സിറ്റിസണ്‍ റെഗുലേറ്ററി ബോര്‍ഡ് അംഗമായി നിയമിതനായ തനിക്ക് രണ്ടു സ്ഥാനങ്ങളിലും ഒരേസമയം തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ചെയര്‍മാന്‍ അറിയിക്കുകയായിരുന്നു.
നേരത്തേ പി.ഡി.പി ജനറല്‍ സെക്രട്ടറിയായിരുന്ന കെ.എ. ഹസന്‍ പിന്നീട് മുസ്ലിം ലീഗില്‍ ചേരുകയായിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ടാണ് വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ബോര്‍ഡ് ചെയര്‍മാനാക്കിയത്. വ്യവസ്ഥ പാലിക്കാത്തതിനാലാണത്രെ കോണ്‍ഗ്രസ് എം.എല്‍.എ ഡൊമിനിക് പ്രസന്‍േറഷന്‍ അവിശ്വാസം കൊണ്ടുവന്നത്. 29ന് ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച ഫാ. റോയ് മാത്യൂ വടക്കേലാണ് പുതിയ ചെയര്‍മാനാവാന്‍ സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.