ജനനത്തീയതി തിരുത്തല്‍: പാസ്പോര്‍ട്ടിന്‍െറ വിശ്വാസ്യത ഇല്ലാതാകുമെന്ന് കേന്ദ്രം

കൊച്ചി: പാസ്പോര്‍ട്ടിലെ ജനനത്തീയതി തിരുത്താന്‍ കാരുണ്യപരമായ കാരണങ്ങളാല്‍ പോലും നിശ്ചിതസമയം അനുവദിക്കുന്നത് വ്യാജ അപേക്ഷകര്‍ക്ക് തള്ളിക്കയറാന്‍ അവസരമൊരുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈകോടതിയില്‍. ഈ സാഹചര്യത്തില്‍ അഞ്ച് വര്‍ഷം മുമ്പ് വിതരണം ചെയ്ത പാസ്പോര്‍ട്ടിലെ ജനനത്തീയതി തിരുത്താനുള്ള അപേക്ഷ പരിഗണിക്കേണ്ടതില്ളെന്ന കേന്ദ്രസര്‍ക്കാറിന്‍െറ ഉത്തരവല്ലാതെ മറ്റൊന്നും നടപ്പാക്കാനാവില്ളെന്നും കൊച്ചി റീജനല്‍ പാസ്പോര്‍ട്ട് ഓഫിസര്‍ പ്രശാന്ത് ചന്ദ്രന്‍ ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

ന്യായമായ കാരണങ്ങളാല്‍ അര്‍ഹരായവര്‍ക്ക് പാസ്പോര്‍ട്ടിലെ ജനന ത്തീയതി തിരുത്താന്‍ അവസരം നല്‍കാന്‍ സമയം അനുവദിക്കുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ സിംഗ്ള്‍ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതിന്‍മേലാണ് കേന്ദ്രസര്‍ക്കാറിന്‍െറ വിശദീകരണം. മൂന്നുവര്‍ഷം മുതല്‍ പത്തുവര്‍ഷംവരെയുള്ള കാലയളവില്‍ ജനനത്തീയതി തിരുത്തണമെന്ന നിരവധി അപേക്ഷകള്‍ പാസ്പോര്‍ട്ട് ഓഫിസര്‍മാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും എന്നാല്‍, ഏതു സാഹചര്യത്തിലാണ് പാസ്പോര്‍ട്ടില്‍ തെറ്റായ ജനനത്തീയതി രേഖപ്പെടുത്തിയതെന്ന് തൃപ്തികരമായി വിശദീകരിക്കാന്‍ അപേക്ഷകര്‍ക്ക് കഴിയുന്നില്ളെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

തെറ്റായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പാസ്പോര്‍ട്ട് സമ്പാദിച്ചതിനാലാവാം അപേക്ഷകര്‍ക്ക് തൃപ്തികരമായി വിശദീകരണം നല്‍കാന്‍ കഴിയാതെ വരുന്നത്. ഇപ്രകാരം ജനനത്തീയതി തിരുത്താന്‍ അനുവദിച്ചാല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന്‍െറ വിശ്വാസ്യത തന്നെ ഇല്ലാതാകുന്ന അവസ്ഥയിലത്തെും. ഈ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിദേശത്ത് കഴിഞ്ഞവരെക്കുറിച്ചുള്ള വിവരങ്ങള്‍ പാസ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാകും അവിടത്തെ അധികൃതര്‍ രേഖപ്പെടുത്തിയിട്ടുണ്ടാവുക. പിന്നീട് ഇതില്‍ തിരുത്തലുകള്‍ വരുത്തുന്നതാണ് വിശ്വാസ്യതയെ ബാധിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
തൃശൂര്‍ മേലഡൂര്‍ സ്വദേശി റോജോ ജോര്‍ജ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.