അയോഗ്യനെന്ന് കണ്ടെത്തിയയാള്‍ക്ക് ഐ.എച്ച്.ആര്‍.ഡി ഡയറക്ടറായി നിയമനം

തിരുവനന്തപുരം: അയോഗ്യനെന്ന് കണ്ടത്തെുകയും ചട്ടലംഘനങ്ങള്‍ക്ക് വിജിലന്‍സ് അന്വേഷണം നേരിടുകയും ചെയ്യുന്നയാള്‍ക്ക് ഐ.എച്ച്.ആര്‍.ഡി ഡയറക്ടറായി നിയമനം. ഐ.എച്ച്.ആര്‍.ഡി അഡീഷനല്‍ ഡയറക്ടറും ചേര്‍ത്തല കോളജ് ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പലുമായ ഡോ. പി.സുരേഷ്കുമാറിനെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയമിച്ചത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വന്ന ഉടന്‍ വി.എസ്. അച്യുതാനന്ദന്‍െറ മകന്‍ വി.എസ്. അരുണ്‍കുമാറിനെതിരായ അന്വേഷണഭാഗമായി അന്നത്തെ ഡയറക്ടര്‍ വി. സുബ്രഹ്മണിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്നുമുതല്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികയിലാണ് അയോഗ്യനെന്ന് നിയമസഭാ സമിതി ഉള്‍പ്പെടെ കണ്ടത്തെിയയാളെ അവരോധിച്ചത്. ഐ.എച്ച്.ആര്‍.ഡിയില്‍ അരുണ്‍കുമാറിന്‍െറ പ്രതിയോഗി എന്ന നിലയിലാണ് വി.എസ് വിരുദ്ധപക്ഷം സുരേഷ്കുമാറിനെ ഉയര്‍ത്തിക്കൊണ്ടുവന്നത്.

 വിജിലന്‍സ് അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍  ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സുരേഷ്കുമാറിന് പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരുന്നില്ല. എന്നാല്‍, ഉന്നത വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍െറ ശിപാര്‍ശ പ്രകാരം കഴിഞ്ഞ 22നാണ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്.സര്‍ട്ടിഫിക്കറ്റില്ലാതെ സമര്‍പ്പിച്ച അപേക്ഷ ചട്ടപ്രകാരം തള്ളേണ്ടതായിരുന്നു. ഇതുചെയ്തില്ളെന്ന് മാത്രമല്ല, പിന്നീട് കൊണ്ടുവന്ന സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനത്തില്‍ 26ന് നടന്ന ഇന്‍റര്‍വ്യൂവിന് വിളിക്കുകയും 29നുതന്നെ നിയമന ഉത്തരവ് നല്‍കുകയുമായിരുന്നു. സുരേഷ്കുമാറിന് ഐ.എച്ച്.ആര്‍.ഡിയില്‍  നല്‍കിയ സ്ഥാനക്കയറ്റങ്ങളില്‍ ചട്ടലംഘനം നടന്നെന്നാണ് നിയമസഭാ സമിതി കണ്ടത്തെിയത്.

അസിസ്റ്റന്‍റ് പ്രഫസര്‍, പ്രഫസര്‍, എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റങ്ങള്‍ ചട്ടവിരുദ്ധമായാണ് നടത്തിയതെന്നാണ് സമിതി റിപ്പോര്‍ട്ട്. മോഡല്‍ എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പലും അഡീഷനല്‍ ഡയറക്ടറുമായി നിയമിച്ചതിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയിലാണ് വിജിലന്‍സ് അന്വേഷണം. എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് സി.പി.എം ഒൗദ്യോഗിക പക്ഷം ഡയറക്ടര്‍ സ്ഥാനത്ത് ഇദ്ദേഹത്തെ നിയമിക്കാന്‍ നീക്കം നടത്തിയിരുന്നു. അരുണ്‍കുമാര്‍ ഉന്നതസ്ഥാനങ്ങളില്‍ എത്തുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് സുരേഷ്കുമാറിന്  നിയമനം നല്‍കിയത്.

വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇതിന് കൂട്ടുനിന്നെന്നാണ് ആക്ഷേപം. കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് സര്‍വിസില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലുള്ള ഏഴ് യോഗ്യരായ ഉദ്യോഗാര്‍ഥികളെ തഴഞ്ഞാണ് നിയമനം. ഇദ്ദേഹത്തിനുവേണ്ടി പ്രായപരിധിയില്‍വരെ മാറ്റം വരുത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു. കേരളത്തിന് പുറത്തുനിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ ഇദ്ദേഹത്തിന് തുല്യതാ സര്‍ട്ടിഫിക്കറ്റും ഹാജരാക്കാനായിട്ടില്ല.
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.