രാജഗോപാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പിന് എത്തിയില്ല

പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയില്ല; ബി.ജെ.പി എം.എല്‍.എ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ദിവസം അമ്മയുടെ ശ്രാദ്ധത്തിനു പോയി. സി.പി.എമ്മിനോടുള്ള മൃദുസമീപനവും സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതും വിവാദമായതിനു പിന്നാലെയാണ് പുതിയ സംഭവം.

ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടന്ന ബുധനാഴ്ച രാജഗോപാല്‍ നിയമസഭയില്‍ എത്തിയില്ല. ‘താന്‍ അമ്മയുടെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ പാലക്കാട്ട് പോയതാണെന്ന്’ അദ്ദേഹം മാധ്യമത്തോട് പറഞ്ഞു. ‘എം.എല്‍.എ ആയ ശേഷം കുടുംബാംഗങ്ങളെ കണ്ടിരുന്നില്ല. അവരെയും കാണുന്നുണ്ട്. മാറി നിന്നതല്ല. രാഷ്ട്രീയരംഗത്ത് ആരോടും അയിത്താചരണവും വിധേയത്വവുമില്ല’. എന്നാല്‍, ‘പാര്‍ട്ടി നേതൃത്വം ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്ക് നിര്‍ദേശമൊന്നും നല്‍കിയിരുന്നില്ല. താന്‍ പാലക്കാട്ടേക്ക് പോകുന്നത് അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കര്‍ തെരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് നിര്‍ദേശം നല്‍കാത്തതിന് സംസ്ഥാന പ്രസിഡന്‍റിന് ബി.ജെ.പി നേതൃയോഗത്തില്‍ വിമര്‍ശം നേരിട്ടിരുന്നു.അതിനത്തെുടര്‍ന്ന്  നിയമസഭയിലെ കാര്യങ്ങളില്‍ കൃത്യമായ നിര്‍ദേശം പാര്‍ട്ടി നല്‍കുമെന്ന്  അന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

 സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ പി. ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തശേഷം ശ്രീരാമന്‍െറയും കൃഷ്ണന്‍െറയും പേരുകള്‍ അടങ്ങിയതാണ് സ്പീക്കറുടെ പേരെന്ന് പറഞ്ഞ് രാജഗോപാല്‍ അഭിനന്ദിച്ചത് വിവാദവും ബി.ജെ.പിക്ക് ക്ഷീണവുമായി. അതേസമയം, പട്ടികജാതിക്കാരനായ വി. ശശിയും പട്ടികവര്‍ഗക്കാരനായ ഐ.സി. ബാലകൃഷ്ണനും മത്സരിച്ചതിനാലാണ് രാജഗോപാല്‍ വരാതിരുന്നതെന്ന ആക്ഷേപം സാമൂഹിക മാധ്യമങ്ങളിലടക്കം സജീവമാണ്.  പിണറായി വിജയനെ സി.പി.എം നിയമസഭാ കക്ഷി നേതാവായി തീരുമാനിച്ചതിന് പിന്നാലെ എ.കെ.ജി സെന്‍ററില്‍ ചെന്ന് രാജഗോപാല്‍ അഭിനന്ദിച്ചിരുന്നു. സി.പി.എം അക്രമത്തിന് എതിരെ തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്ത ജനകീയ സദസ്സില്‍നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.