മുകേഷിനെ കാണാനില്ലെന്ന പരാതി സ്വീകരിച്ച എസ്.ഐക്കെതിരെ നടപടി

കൊല്ലം: മുകേഷ് എം.എൽ.എയെ കാണ്‍മാനില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതി സ്വീകരിച്ച കൊല്ലം വെസ്റ്റ് എസ്.ഐ ഗിരീഷിനെതിരെ നടപടിക്ക് ശിപാര്‍ശ. എസ്.ഐയെ സ്ഥലം മാറ്റണമെന്ന് സിറ്റി പൊലീസ് കമീഷണറാണ് ശിപാര്‍ശ ചെയ്തത്.

വ്യക്തിഹത്യ നടത്തുന്നതിനുള്ള രാഷ്ട്രീയ നീക്കമാണ് യൂത്ത് കോൺഗ്രസിന്‍റെ ഭാഗത്തുനിന്ന് നടന്നതെന്ന് കാണിച്ച് അസിസ്റ്റന്‍റ് പൊലീസ് കമീഷണർക്ക് സി.പി.എം പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷൽ ബ്രാഞ്ചിന് നിർദേശവും നൽകിയിട്ടുണ്ട്.

കൊല്ലം പട്ടത്താനം സ്വദേശിയും നിയമസഭാംഗവുമായ മുകേഷിനെ ഒരു മാസമായി കാണ്‍മാനില്ലെന്നാണ് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തങ്ങള്‍ക്ക് ഒരു തവണയെങ്കിലും നേരില്‍ കാണാന്‍ മുകേഷിനെ പൊലീസ് കണ്ടെത്തിത്തരണമെന്ന്  പരാതിയില്‍ പറയുന്നു. പരാതി സ്വീകരിച്ച ഉദ്യോഗസ്ഥര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രസീത് നല്‍കുകയും ചെയ്തു. സംഭവം സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചക്ക് വഴിവെച്ചതോടെയാണ് പ്രതികരണവുമായി എം.എൽ.എ രംഗത്തെത്തിയത്.

പരാതി തമാശയായി മാത്രമേ കണ്ടിട്ടുള്ളൂ എന്നും എന്നാല്‍, പരാതി സ്വീകരിച്ച പൊലീസ് നടപടി ശരിയായില്ലെന്നും മുകേഷ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.