കര്‍ണാടക: സ്വകാര്യ മെഡിക്കല്‍, എന്‍ജി. കോളജുകളില്‍ വന്‍ ഫീസ് വര്‍ധന

ബംഗളൂരു: കര്‍ണാടകയിലെ സ്വകാര്യ മെഡിക്കല്‍, എന്‍ജിനീയറിങ് കോളജുകളിലെ വന്‍ ഫീസ്വര്‍ധന അവിടെ പ്രവേശം ആഗ്രഹിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് കനത്ത തിരിച്ചടിയാകും. സംസ്ഥാന സര്‍ക്കാറും കര്‍ണാടക പ്രഫഷനല്‍ കോളജസ് ഫൗണ്ടേഷനും തമ്മിലുണ്ടാക്കിയ കരാറിലാണ് മെഡിക്കല്‍, ഡെന്‍റല്‍ ഫീസ് വര്‍ധനക്ക് ധാരണയായത്.
പൊതു പ്രവേശപരീക്ഷയില്‍ (സി.ഇ.ടി) യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ കോളജുകളിലെ മെഡിക്കല്‍ സീറ്റില്‍ 27.2 ശതമാനവും ഡെന്‍റല്‍ സീറ്റില്‍ 28.5 ശതമാനവുമാണ് വാര്‍ഷിക ഫീസ് വര്‍ധന. അതേസമയം, സ്വകാര്യ കോളജുകളുടെ കൂട്ടായ്മയായ കോമെഡ്-കെ ക്വോട്ടയില്‍ എം.ബി.ബി.എസിന് 35.2 ശതമാനവും ബി.ഡി.എസിന് 41.8 ശതമാനവും ഫീസ് വര്‍ധിച്ചു.
സര്‍ക്കാര്‍ ക്വോട്ട മെഡിക്കല്‍ സീറ്റില്‍ കഴിഞ്ഞവര്‍ഷം 55,000 രൂപയുണ്ടായിരുന്ന ഫീസ് ഇത്തവണ 70,000 രൂപയായാണ് വര്‍ധിക്കുക. ഡെന്‍റല്‍ സീറ്റിലേത് 35,000ത്തില്‍നിന്ന് 45,000ത്തിലേക്ക് ഉയരും. കോമെഡ്-കെ ക്വോട്ടയില്‍ കഴിഞ്ഞവര്‍ഷം 4,25,000 ആയിരുന്ന മെഡിക്കല്‍ സീറ്റിന് ഇത്തവണ 5,75,000 രൂപ ഫീസ് നല്‍കണം. ഡെന്‍റല്‍ സീറ്റുകളില്‍ ഇത് 2,75,000ത്തില്‍നിന്ന് 3,90,000 ആയാണ് ഉയര്‍ന്നത്. നല്ളൊരു വിഭാഗം മലയാളി വിദ്യാര്‍ഥികള്‍ കോമെഡ്-കെ സീറ്റുകളെ ആശ്രയിക്കുന്നുണ്ട്.
എന്നാല്‍, മെഡിക്കല്‍ സീറ്റില്‍ ഒന്നരലക്ഷവും ഡെന്‍റല്‍ സീറ്റില്‍ 1,15,000 രൂപയും വര്‍ധിച്ചത് കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികളെ കര്‍ണാടകയിലെ കോളജുകളില്‍നിന്ന് അകറ്റും. ബംഗളൂരുവിലെയും മറ്റും സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ മെഡിക്കല്‍, ഡെന്‍റല്‍ സീറ്റുകളില്‍ നല്ളൊരു ശതമാനവും മലയാളി വിദ്യാര്‍ഥികളാണ്.
2491 മെഡിക്കല്‍ സീറ്റുകളാണ് സര്‍ക്കാര്‍ ക്വോട്ടയിലുണ്ടാവുക. ജൂണ്‍ 27ന് രാവിലെ 11 വരെ ഓപ്ഷന്‍ നല്‍കാം. മാതൃകാ അലോട്ട്മെന്‍റ് 28ന് ഉച്ചക്ക് രണ്ടിന് പ്രസിദ്ധീകരിക്കും. അന്ന് വൈകീട്ട് മൂന്നുമുതല്‍ ജൂണ്‍ 30ന് വൈകീട്ട് മൂന്നുവരെ ഓപ്ഷന്‍ മാറ്റാന്‍ അവസരമുണ്ടാകും.
ജൂലൈ ഒന്നിന് വൈകീട്ട് എട്ടിന് ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. പ്രവേശമുറപ്പിക്കല്‍, ഫീസ് അടക്കല്‍, അഡ്മിഷന്‍ ഉത്തരവ് ഡൗണ്‍ലോഡ് ചെയ്യല്‍ എന്നീ പ്രക്രിയകള്‍ക്ക് ജൂലൈ രണ്ടുമുതല്‍ അഞ്ചുവരെയാണ് സമയം അനുവദിക്കുക. ജൂലൈ ഏഴിന് വൈകീട്ട് 5.30ന് മുമ്പ് കോളജുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം.
എന്‍ജിനീയറിങ് സീറ്റുകളിലും വന്‍ ഫീസ് വര്‍ധനയാണ് ഉണ്ടായത്. സര്‍ക്കാര്‍ ക്വോട്ടയിലുള്ള എന്‍ജിനീയറിങ് സീറ്റില്‍ 5000 രൂപ വര്‍ധിച്ച് 55,000 ആയി. കോമെഡ്-കെ സീറ്റില്‍ 1,50,000  രൂപയുണ്ടായിരുന്നത് 1,70,000 ആയാണ് ഉയര്‍ന്നത്. അതേസമയം, സര്‍ക്കാര്‍ കോളജുകളില്‍ ഫീസ് വര്‍ധനയുണ്ടാവില്ല. 16,700 രൂപയാണ് മെഡിക്കല്‍ സീറ്റില്‍ വാര്‍ഷിക ഫീസ്. ഡെന്‍റല്‍ സീറ്റില്‍ ഇത് 14,400 രൂപയാണ്. എന്നാല്‍, എന്‍ജിനീയറിങ് സീറ്റില്‍ 18,090 രൂപ നല്‍കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.