കളി കാര്യമായപ്പോള്‍ ഒന്നര വയസ്സുകാരന്‍ കാറില്‍ കുടുങ്ങി

തൊടുപുഴ: ഒന്നര വയസ്സുകാരന്‍ ആല്‍ബിന്‍ കാറിന്‍െറ താക്കോലുമായി മുറ്റത്തേക്കിറങ്ങിയപ്പോള്‍ അത്രമാത്രം കുരുക്കാകുമെന്ന് വീട്ടുകാര്‍ കരുതിയില്ല. കുട്ടി കൗതുകത്തിന് റിമോട്ടില്‍ ഒന്നമര്‍ത്തി. ഡോര്‍ തുറന്നതോടെ കാറില്‍ കയറി ഗമയില്‍ ഇരിപ്പുറപ്പിച്ചു. പക്ഷേ, ഡോര്‍ അകത്തുനിന്ന് ലോക്കായപ്പോള്‍ അവന്‍െറ കൗതുകം കരച്ചിലിന് വഴിമാറി. ഒരുമണിക്കൂറോളം കാറിലകപ്പെട്ട കുട്ടി വീട്ടുകാരെ ശരിക്കും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി.ആലക്കോട് കാനാപറമ്പില്‍ ബിനോയി ജോസിന്‍െറ മകനാണ് ആല്‍ബിന്‍. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ ബിനോയിയുടെ ആലക്കോട്ടെ വീട്ടിലാണ് സംഭവം. ബിനോയിയുടെ കരിമണ്ണൂരിലുള്ള ഭാര്യാവീട്ടില്‍നിന്ന് വന്നതായിരുന്നു കാര്‍. വീട്ടുകാര്‍ സംസാരിക്കുന്നതിനിടെയാണ് ആല്‍ബിന്‍ പണിയൊപ്പിച്ചത്.  

അകത്ത് കുടുങ്ങിയതോടെ ഇടക്ക് ആല്‍ബിന്‍ കാറിന്‍െറ വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോഴും സ്റ്റിയറിങ്ങില്‍ പിടിച്ചപ്പോഴും അലാറം മുഴങ്ങി. പേടിച്ചരണ്ട് നിലവിളിക്കാന്‍ തുടങ്ങിയ കുട്ടിയെ പുറത്തിറക്കാന്‍ കഴിയാതെവന്നതോടെ ഫയര്‍ ഫോഴ്സിനെ അറിയിച്ചു.  ഇതിനിടെ, കരിമണ്ണൂരിലെ വീട്ടില്‍നിന്ന് ഡ്യൂപ്ളിക്കേറ്റ് താക്കോല്‍ എടുക്കാന്‍ ഭാര്യാമാതാവ് ഓട്ടോയില്‍ പുറപ്പെട്ടു. ഫയര്‍ ഫോഴ്സ് സംഘം എത്തുമ്പോഴേക്കും ഡ്യൂപ്ളിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് കുട്ടിയെ പുറത്തെടുത്തിരുന്നു. കാട്ടിക്കൂട്ടിയ വേലത്തരത്തിന്‍െറ അമ്പരപ്പ് അപ്പോഴേക്കും ആല്‍ബിന്‍െറ മുഖത്തുനിന്ന് മാറിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.