സാഹിത്യ അക്കാദമി ചരിത്ര പുസ്തകം: സാംസ്കാരിക വകുപ്പ് വിശദീകരണം തേടി

തൃശൂര്‍: ചരിത്രം വിഴുങ്ങിയും വികലമാക്കിയും കേരള സാഹിത്യ അക്കാദമി ചരിത്ര പുസ്തകം പുറത്തിറക്കിയ വിഷയത്തില്‍ സാംസ്കാരിക വകുപ്പ് വിശദീകരണം തേടി. അക്കാദമി സെക്രട്ടറിയോട്  വിശദീകരണം ആവശ്യപ്പെട്ടതായി സാംസ്കാരിക മന്ത്രിയുടെ ഓഫിസ് അറിയിച്ചു. മലയാളത്തിലെ എഴുത്തിന്‍െറയും സാഹിത്യ സംവാദങ്ങളുടെയും ചരിത്രമാവേണ്ട പുസ്തകം കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അപദാനങ്ങള്‍ പറഞ്ഞും വിമര്‍ശം പൂഴ്ത്തിവെച്ചും വികലമാക്കിയത് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുസ്തകത്തിനെതിരെ പല കോണുകളില്‍നിന്നും എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് വകുപ്പ് ഇടപെടല്‍.

‘ദീപശിഖേവ’ എന്ന പേരില്‍ ഡോ. സി. ഭാമിനി എഴുതിയ ഗവേഷണ പുസ്തകമാണ് അക്കാദമി ചരിത്രത്തിന്‍െറ അപനിര്‍മിതിയായത്. അക്കാദമി ചരിത്രം എന്ന പേരിലാണ് പുറത്തിറക്കിയതെങ്കിലും  പ്രധാന സംഭവങ്ങള്‍ തമസ്കരിക്കുകയോ വിഴുങ്ങുകയോ ചെയ്തു. അക്കാദമി രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച പവനനെക്കുറിച്ച് പുസ്തക രചനക്ക് ഗവേഷണ ഗൈഡായി പ്രവര്‍ത്തിച്ച കടാങ്കോട് പ്രഭാകരന്‍ എഴുതിയ ‘അക്കാദമിയുടെ പവനശില്‍പം’ എന്ന കുറിപ്പ് പോലും ഒഴിവാക്കി. രചന പൂര്‍ത്തിയാക്കി രണ്ടു മാസം കഴിഞ്ഞാണ് പുറത്തിറക്കിയത്. അതിനിടക്ക് അക്കാദമി പ്രസിദ്ധീകരണ വിഭാഗം പോലുമറിയാതെ പല മാറ്റങ്ങളും വരുത്തിയെന്നാണ് ആക്ഷേപം.

പുസ്തകത്തെക്കുറിച്ചും അട്ടിമറികളെക്കുറിച്ചും കേട്ടുവെന്ന് പവനന്‍െറ ഭാര്യ പാര്‍വതി പവനന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. തെറ്റായ ചരിത്രം വായനാ സമൂഹത്തിന്‍െറ മുന്നില്‍ എത്തിച്ചാല്‍ എന്തു ചെയ്യാനാവുമെന്നും ചോദിച്ചു. മലയാളികള്‍ക്ക് അപമാനമായ ചരിത്രാഭാസം പിന്‍വലിക്കുകയോ വസ്തുതാപരമാക്കി പരിഷ്കരിക്കുകയോ വേണമെന്ന് കലാമണ്ഡലം മുന്‍ രജിസ്ട്രാറും എഴുത്തുകാരനുമായ ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ് ആവശ്യപ്പെട്ടു. പുസ്തകത്തിന് സാംസ്കാരിക വകുപ്പ് താല്‍ക്കാലിക നിരോധം ഏര്‍പ്പെടുത്തണമെന്ന് അക്കാദമി മുന്‍ വൈസ് പ്രസിഡന്‍റ് ബാലചന്ദ്രന്‍ വടക്കേടത്ത് ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.