സ്വാശ്രയ എന്‍ജിനീയറിങ് കോളജ് പ്രവേശം പ്രതിസന്ധിയില്‍

തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ സീറ്റ് പങ്കിടല്‍ സംബന്ധിച്ചുള്ള സര്‍ക്കാര്‍-മാനേജ്മെന്‍റ് അസോസിയേഷന്‍  ചര്‍ച്ച അലസി. ഇതുമായി ബന്ധപ്പെട്ട് അസോസിയേഷനിലുണ്ടായ ഭിന്നതയെ തുടര്‍ന്ന് പ്രസിഡന്‍റ് പ്രഫ. കെ. ശശികുമാര്‍ രാജിവെച്ചു. സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ച് കരാറില്‍ ഒപ്പിടാന്‍ തന്‍െറ കീഴിലുള്ള രണ്ട് കോളജുകള്‍ തയാറാണെന്ന് അദ്ദേഹം എഴുതിനല്‍കുകയും ചെയ്തു. യു.ഡി.എഫ് സര്‍ക്കാറുമായി കഴിഞ്ഞവര്‍ഷം ഒപ്പിട്ട ത്രിവത്സര കരാറിനെച്ചൊല്ലിയാണ് ബുധനാഴ്ചയിലെ ചര്‍ച്ച അലസിയത്. പ്രവേശപരീക്ഷയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ മാനേജ്മെന്‍റ് ക്വാട്ടയില്‍ പ്രവേശം നല്‍കാനാകൂ എന്ന് സര്‍ക്കാര്‍ നിലപാടെടുത്തപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ കരാര്‍ പ്രകാരം പ്രീനോര്‍മലൈസേഷന്‍ പട്ടികയില്‍നിന്ന് പ്രവേശത്തിന് അനുമതിവേണമെന്ന് മാനേജ്മെന്‍റ് അസോസിയേഷന്‍ നിലപാടെടുത്തു.

 വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്‍െറ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. പ്രവേശപരീക്ഷയില്‍ യോഗ്യത നേടാത്തവര്‍ക്ക് പ്രവേശം നല്‍കരുതെന്ന് സുപ്രീംകോടതി വിധിയും ജസ്റ്റിസ് ജയിംസ് കമ്മിറ്റി നിര്‍ദേശവുമുള്ളതിനാല്‍ റാങ്ക് പട്ടികയില്‍നിന്ന് മാത്രമേ മാനേജ്മെന്‍റ് സീറ്റുകളിലേക്ക് പ്രവേശം അനുവദിക്കാനാകൂ എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതിനെ കേരള സെല്‍ഫ് ഫിനാന്‍സിങ് എന്‍ജിനീയറിങ് കോളജ് മാനേജ്മെന്‍റ് അസോസിയേഷന്‍ സെക്രട്ടറി കെ.എം. മൂസയുടെ നേതൃത്വത്തിലുള്ളവര്‍ എതിര്‍ത്തു.

കഴിഞ്ഞവര്‍ഷത്തെ കരാറനുസരിച്ച് പ്രവേശംനടത്താന്‍ അനുമതി വേണമെന്നായിരുന്നു ഇവരുടെ നിലപാട്. ഇതോടെ പ്രസിഡന്‍റ് പ്രഫ. ശശികുമാര്‍ സര്‍ക്കാര്‍ നിലപാട് അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കിയെങ്കിലും മറ്റുള്ളവര്‍ അത് അംഗീകരിച്ചില്ല. തുടര്‍ന്ന് സെക്രട്ടറിയുടെ നേതൃത്വത്തില്‍  ഇറങ്ങിപ്പോയി. ഇവര്‍ തുടര്‍നടപടികള്‍ ആലോചിക്കാന്‍ അടിയന്തര ജനറല്‍ ബോഡി യോഗം ഞായറാഴ്ച കൊച്ചിയില്‍ വിളിച്ചിട്ടുണ്ട്.രാജിവെച്ച പ്രസിഡന്‍റ് തന്‍െറ നിലപാട് അസോസിയേഷനിലെ മറ്റ് കോളജുകളെ അറിയിച്ചിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് വ്യാഴാഴ്ച രാവിലെ 11ന്  കരാര്‍ ഒപ്പുവെക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

 മൂന്ന് വര്‍ഷത്തേക്കുള്ള കരാറാണ് കഴിഞ്ഞവര്‍ഷം അസോസിയേഷന്‍ ഒപ്പിട്ടത്. എന്നാല്‍ ജയിംസ് കമ്മിറ്റിയുടെ എതിര്‍പ്പിനെ തുടര്‍ന്ന്  ഇതില്‍ ഒരുവര്‍ഷത്തേക്കുള്ള ഉത്തരവാണ് പുറത്തിറക്കിയിരുന്നത്. കഴിഞ്ഞവര്‍ഷത്തെ കരാര്‍ പ്രകാരം പ്രവേശപരീക്ഷയുടെ സമീകരണ പ്രക്രിയക്ക് മുമ്പുള്ള (പ്രീ നോര്‍മലൈസേഷന്‍) പട്ടികയില്‍നിന്ന് സ്വാശ്രയ കോളജുകളിലെ മാനേജ്മെന്‍റ് സീറ്റുകളിലേക്ക് പ്രവേശത്തിന് അനുമതിയുണ്ടായിരുന്നു. ഇതാണ് ഇത്തവണ അനുവദിക്കില്ളെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.അലോട്ട്മെന്‍റ് പ്രക്രിയക്ക് ശേഷവും ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് പ്ളസ് ടു മാര്‍ക്കിന്‍െറ അടിസ്ഥാനത്തില്‍ പ്രവേശംനടത്താന്‍ അനുമതിവേണമെന്ന ആവശ്യവും സര്‍ക്കാര്‍ തള്ളി. അതേസമയം, സ്വാശ്രയ കോളജുകളിലെ മെറിറ്റ് സീറ്റുകളില്‍ രണ്ട് തരം ഫീസ് വേണ്ടെന്നും എല്ലാവര്‍ക്കും 75000 രൂപ ഫീസാക്കണമെന്നും അസോസിയേഷനിലെ ഒരുവിഭാഗം കോളജുകള്‍ ആവശ്യപ്പെട്ടു.

നിലവില്‍ മെറിറ്റ് സീറ്റുകളില്‍ പകുതിയില്‍ 50000 രൂപയും പകുതിയില്‍ 75000 രൂപയുമാണ് ഫീസ്. ഒരേ ഫീസ് ഘടനക്കായി വാദിക്കുന്ന കോളജുകള്‍ മെറിറ്റില്‍ പ്രവേശംനേടുന്ന വിദ്യാര്‍ഥികള്‍ക്ക് 25000 രൂപ സ്കോളര്‍ഷിപ് നല്‍കാമെന്നും അറിയിച്ചു. സര്‍ക്കാറും മാനേജ്മെന്‍റ് അസോസിയേഷനും നിലപാട് കടുപ്പിച്ചതോടെ അടുത്തചര്‍ച്ചക്കുള്ള തീയതിപോലും തീരുമാനിക്കാതെ പിരിയുകയായിരുന്നു. എന്‍ജിനീയറിങ് പ്രവേശത്തിനുള്ള ഓപ്ഷന്‍ സമര്‍പ്പണം ബുധനാഴ്ച തുടങ്ങിയിരിക്കെയാണ് സീറ്റ് പങ്കിടല്‍ ചര്‍ച്ച അലസിയത്.ഇതോടെ ഞായറാഴ്ച നടക്കുന്ന അസോസിയേഷന്‍െറ ജനറല്‍ ബോഡി യോഗം നിര്‍ണായകമായി. കരാര്‍ ഒപ്പിടുന്നത് വൈകിയാല്‍ ഓപ്ഷന്‍ പ്രകാരമുള്ള അലോട്ട്മെന്‍റ് നടപടികള്‍ നിലക്കും.കാതലിക് കോളജ് മാനേജ്മെന്‍റ് അസോസിയേഷന് കീഴിലുള്ള 14 എന്‍ജിനീയറിങ് കോളജുകളുമായി കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ത്രിവത്സര കരാറാണ് ഒപ്പിട്ടത്. എന്നാല്‍ ഇവിടേക്ക് പ്രവേശപരീക്ഷാ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് പ്രവേശം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.