പൂവാര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ 11 കോടിയുടെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ്

തിരുവനന്തപുരം: ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുമുമ്പ് വിലകൂട്ടി കാണിച്ച് കൈമാറ്റം രജിസ്റ്റര്‍ ചെയ്തതില്‍ 11 കോടിയോളം രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ്. തിരുവനന്തപുരം ജില്ലയിലെ പൂവാര്‍ സബ് രജിസ്ട്രാര്‍ ഓഫിസിലാണ് വസ്തുകൈമാറ്റ രജിസ്ട്രേഷനില്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ വന്‍ തട്ടിപ്പ് നടത്തിയത്. കമ്പനിയുടെ പേരില്‍ വാങ്ങിയ 14 ഏക്കറോളം ഭൂമി ഏഴ് ആധാരങ്ങളായി കമ്പനി മാനേജിങ് ഡയറക്ടര്‍ ധനനിശ്ചയാധാരമായി രജിസ്റ്റര്‍ ചെയ്ത് നല്‍കിയതിലാണ് സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് നടന്നത്. കമ്പനിയുടെ പേരിലെ ഭൂമിയുടെ ഏതുവിധം കൈമാറ്റവും രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വിലയാധാരത്തിനുള്ള സ്റ്റാമ്പ് ഡ്യൂട്ടിയാണ് ചുമത്തേണ്ടത്. എന്നാല്‍, 132 കോടിയോളം രൂപ വിലകാണിച്ച് ഏഴ് ആധാരങ്ങളായി കൈമാറ്റം രജിസ്റ്റര്‍ ചെയ്തപ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടിയായി 7000 രൂപയും രജിസ്ട്രേഷന്‍ ഫീസായി 1,75,000 രൂപയും ഈടാക്കിയാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

 2016 ഏപ്രില്‍13ന് 365 മുതല്‍ 371 വരെ നമ്പറുകളിലായി രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ പിന്നീട് തിരുത്തലുകള്‍ വരുത്തി ഇമ്പോണ്ടിങ് ആധാരങ്ങളായി രജിസ്റ്റര്‍ ചെയ്തു. സ്റ്റാമ്പ് ഡ്യൂട്ടിയില്‍ കുറവുവരുന്ന ആധാരങ്ങള്‍ ഇമ്പോണ്ട് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആധാരത്തില്‍ കാണിച്ചിട്ടുള്ള തുകക്ക് ആനുപാതികമായി രജിസ്ട്രേഷന്‍ ഫീസ് ഈടാക്കേണ്ടതുണ്ട്. എന്നാല്‍, ഈ നടപടിക്രമങ്ങളെല്ലാം തെറ്റിച്ചാണ് ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിന് തലസ്ഥാന ജില്ലയിലെ മലയോര താലൂക്കാസ്ഥാനത്ത് സ്ഥിതിചെയ്യുന്ന സബ് രജിസ്ട്രാറോഫിസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ചുക്കാന്‍പിടിച്ചത്.132 കോടി വിലകാണിച്ച് കൈമാറ്റം രജിസ്റ്റര്‍ ചെയ്ത ആധാരം ഇമ്പോണ്ടിങ് ആധാരമായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രണ്ടുകോടി അറുപത്തിനാല് ലക്ഷത്തോളം രൂപ രജിസ്ട്രേഷന്‍ ഫീസ് ഈടാക്കിയ ശേഷമാണ് ആധാരം രജിസ്റ്റര്‍ ചെയ്യേണ്ടത്. അതിന് കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നവര്‍ തയാറായില്ളെങ്കില്‍ ആധാരം നിഷേധക്കുറിപ്പ് നല്‍കി മടക്കേണ്ടതാണ്. കമ്പനിയുടെ പേരില്‍  വാങ്ങിയ ഭൂമി ഉള്‍പ്പെടെ പ്രദേശത്തെ ഏക്കര്‍ കണക്കിന് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇതിനിടെയാണ് കമ്പനിയുടെ പേരിലുള്ള ഭൂമി വില കൂട്ടിക്കാണിക്കുന്ന ആധാരം രജിസ്റ്റര്‍ ആക്കി അതുവഴി ഭൂമിക്ക് വിലയുണ്ടെന്ന് വരുത്തിത്തീര്‍ത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.