പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്‍െറ 500 കോടി രൂപയുടെ പാക്കേജ് ഉള്‍പ്പെടെ അട്ടപ്പാടിയില്‍ നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികളുടെ ഫണ്ട് വിനിയോഗം സൂക്ഷ്മമായി നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ തുടര്‍ നടപടിയെടുക്കാനും സംസ്ഥാന വിജിലന്‍സ് പൊലീസ് തീരുമാനിച്ചു. ലോക്കല്‍ പോലീസിനെ പോലും അറിയിക്കാതെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് കഴിഞ്ഞ ദിവസങ്ങളിലായി അട്ടപ്പാടിയില്‍ നടത്തിയ സന്ദര്‍ശനത്തില്‍ ലഭ്യമായ വിവരങ്ങള്‍ ഇതിന് കാരണമായെന്നാണ് സൂചന. ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനാ പ്രതിനിധികളില്‍ നിന്നും ഉദ്യോഗസ്ഥരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ച അദ്ദേഹം ആദിവാസി ഊരുകളിലും നേരിട്ടത്തെി.
ആദിവാസികളുടെ ക്ഷേമത്തിനെന്ന് പറഞ്ഞ് നിരവധി പദ്ധതികള്‍ നിലവിലുള്ള അട്ടപ്പാടിയില്‍ ഇരു സര്‍ക്കാരുകളുടേതുമായി 23 വകുപ്പുകളില്‍ നിന്ന് ഫണ്ട് എത്തുന്നുണ്ട്. ഇത് ചെലവഴിക്കുന്നതില്‍ വീഴ്ചയും അഴിമതിയും ഉണ്ടെന്ന ആക്ഷേപം പദ്ധതികള്‍ പ്രാവര്‍ത്തികമാകുന്ന സന്ദര്‍ഭങ്ങളില്‍ ഉയരുന്നുണ്ട്.
അടുത്തയിടെ നടപ്പാക്കിയ ആദിവാസി ഭവന പദ്ധതിയില്‍ ഉദ്യോഗസ്ഥ ഒത്താശയോടെ കരാറുകാരുടെ ഭാഗത്തുനിന്നുണ്ടായ ക്രമക്കേട് പരാതിയായി സര്‍ക്കാരിനു മുന്നിലത്തെിയിട്ടുണ്ട്. പഴയ വീട് പൊളിച്ചു നീക്കി പുതിയത് നിര്‍മിക്കാനുള്ള ഈ പദ്ധതി പ്രകാരം പണി തുടങ്ങിയ പല വീടുകളുടേയും നിര്‍മാണം മാസങ്ങളായി സ്തംഭിച്ചു. വിവിധ ഗഡുക്കളായി വീടുകള്‍ക്ക് നല്‍കേണ്ട തുക നല്‍കിയതായി രേഖയുണ്ടെങ്കിലും നിര്‍മാണം പാതിവഴിയിലാണ്.
നവജാത ശിശുക്കള്‍ കൂട്ടത്തോടെ മരിച്ച 2014ല്‍ കേന്ദ്രമന്ത്രി ജയറാം രമേശും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നടത്തിയ സന്ദര്‍ശനത്തിനൊടുവിലാണ് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. വിദൂര ഊരുകളിലത്തൊനായി റോഡ് നിര്‍മാണത്തിനായിരുന്നു ഇതില്‍ നൂറ് കോടിയും. ഈ പ്രവൃത്തി ഇനിയും പൂര്‍ത്തിയായിട്ടില്ല. ഊരുകളില്‍ നടപ്പാക്കുമെന്നു പറഞ്ഞ സാമൂഹിക അടുക്കള പദ്ധതി ആകെയുള്ള 196 ഊരുകളില്‍ പലതിലും പരാജയപ്പെട്ടു. കേന്ദ്ര കുടുംബശ്രീ മിഷന്‍ മുഖേന നടപ്പാക്കുന്ന 100 കോടിയുടെ പദ്ധതിയും പാക്കേജില്‍ പെടുന്നു. ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളായി മാത്രം ഒതുങ്ങാതെ ആദിവാസികളെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കാര്‍ഷിക മേഖലയിലെ സംരംഭവും എവിടേയുമത്തെിയില്ല. പദ്ധതികളുടെ പേരിലുള്ള ധൂര്‍ത്ത്, സാമ്പത്തിക ക്രമക്കേട്, ഇടനിലക്കാര്‍ വഴിയുള്ള അഴിമതി, രാഷ്ട്രിയ-കരാര്‍ ലോബിയുടെ കടന്നുകയറ്റം തുടങ്ങി നിരവധി വിഷയങ്ങള്‍ ആദിവാസികളുള്‍പ്പെടെയുള്ളവര്‍ വിജിലന്‍സ് ഡയറക്ടറുടെ ശ്രദ്ധയില്‍പെടുത്തി. അട്ടപ്പാടിയിലെ ചെക്പോസ്റ്റുകളുടെ പ്രവര്‍ത്തനവും അദ്ദേഹം വിലയിരുത്തി.
വകുപ്പിലെ ഒരാളുടേയും അകമ്പടിയില്ലാതെയായിരുന്നു സന്ദര്‍ശനം. ട്രൈബല്‍ ഡെവലപ്മെന്‍റ് പ്രോജക്ട് ഓഫിസര്‍, ട്രൈബല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓഫിസര്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ജേക്കബ് തോമസ്, രാത്രി കഴിഞ്ഞത് അട്ടപ്പാടി മൂപ്പന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കൂടിയായ ദാസന്നൂര്‍ ഊരിലെ നാരായണന്‍െറ വീട്ടിലായിരുന്നുവെന്നത് ശ്രദ്ധേയമാണ്. കര്‍ശന നിരീക്ഷണം ഓരോ പ്രവൃത്തിയിലും വേണമെന്ന ആവശ്യമാണ് അദ്ദേഹത്തെ വിവരങ്ങള്‍ ധരിപ്പിച്ചവരില്‍ ഏറെ പേരും ആവശ്യപ്പെട്ടത്. ഇതിനകം നല്‍കിയ പരാതികളില്‍ അന്വേഷണം വേണമെന്ന ആവശ്യവുമുണ്ടായി. അട്ടപ്പാടിയില്‍ വികസന പ്രവര്‍ത്തനങ്ങളുടെ മറവില്‍ നടക്കുന്ന കാര്യങ്ങള്‍ വിശദമായി പഠിക്കാന്‍ ഡയറക്ടര്‍ നേരിട്ടത്തെിയതു തന്നെ വിഷയത്തിന് വിജിലന്‍സ് നല്‍കുന്ന പ്രാധാന്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.