കാലിക്കറ്റിലെ ഭൂമി കൈയേറ്റം ഉപസമിതി റിപ്പോര്‍ട്ടില്‍ നടപടിയില്ല

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ സൊസൈറ്റികളും ചെയറുകളും ഭൂമി കൈയേറിയെന്ന സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ടില്‍ തുടര്‍ നടപടിയില്ല. ഇടത്-വലത് യൂനിയനുകള്‍ നയിക്കുന്ന സൊസൈറ്റികളെ തൊടാന്‍ സിന്‍ഡിക്കേറ്റിനുള്ള നിസ്സഹായതയാണ് കാരണം. ഇതോടെ, കൊട്ടിഘോഷിച്ച് നടത്തിയ ഭൂമി സര്‍വേയും ഉപസമിതി റിപ്പോര്‍ട്ടും വൃഥാവിലായി. മുന്‍ വി.സി ഡോ. എം. അബ്ദുസ്സലാമിന്‍െറ കാലത്ത് നടന്ന ഭൂമിദാന വിവാദത്തെ മറികടക്കാനാണ്, ചെയറുകളും സൊസൈറ്റികളും കൈയേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ ഉപസമിതിയെ നിയോഗിച്ചത്. ഭൂമി കൈയേറ്റം നടന്നുവെന്ന് ചൂണ്ടിക്കാട്ടി ഉപസമിതി തയാറാക്കിയ റിപ്പോര്‍ട്ട് 2012 ജൂലൈ 26ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അംഗീകരിക്കുകയും ചെയ്തു.ദേശീയപാതക്ക് ഇരുവശത്തുമായി 105.61സെന്‍റ് ഭൂമിയാണ് കൈയേറിയത്.

ഇടതനുകൂല ജീവനക്കാരുടെ യൂനിയനുകള്‍ നയിക്കുന്ന സൊസൈറ്റികളാണ് അനധികൃതമായി കൂടുതല്‍ കൈവശം വെച്ചിരിക്കുന്നത്. വാഴ്സിറ്റി എംപ്ളോയീസ് കോഓപറേറ്റിവ് സൊസൈറ്റി അനധികൃതമായി കൈവശംവെച്ചിരിക്കുന്ന 38.6 സെന്‍റ് തിരിച്ചുപിടിക്കണമെന്നാണ് ഉപസമിതി റിപ്പോര്‍ട്ട്. ഓഫിസ് കെട്ടിടം, സ്റ്റോര്‍, വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ എന്നിവ നിര്‍മിക്കാന്‍ 48.62 ഭൂമിയാണ് സര്‍വകലാശാല ഇവര്‍ക്ക് പാട്ടത്തിന് നല്‍കിയത്. എന്നാല്‍, സര്‍വകലാശാലയുമായുണ്ടാക്കിയ ഉടമ്പടിക്ക് വിരുദ്ധമായി മറ്റ് ആവശ്യങ്ങള്‍ക്കാണ് ഭൂമിയുപയോഗിച്ചത്. അതിനാല്‍, ഓഫിസും കെട്ടിടവും നിലനില്‍ക്കുന്ന 10 സെന്‍റ് ഒഴികെയുള്ളവ തിരിച്ചുപിടിക്കാനാണ് സമിതി നിര്‍ദേശിച്ചത്.

ഇടത് നിയന്ത്രണത്തിലുള്ള കോഓപറേറ്റിവ് സ്റ്റോഴ്സ് ലിമിറ്റഡ് 5.59 സെന്‍റ് ഭൂമി അധികമായി ഉപയോഗിക്കുന്നു. ഇവര്‍ക്ക് അനുവദിച്ച ഭൂമി വാടകക്ക് കോഫീ ഹൗസിന് മറിച്ചുനല്‍കിയതും ചട്ടവിരുദ്ധമാണെന്നാണ് സമിതി കണ്ടത്തെല്‍. വനിത സഹകരണ സൊസൈറ്റിയും 4.55 സെന്‍റ് കൈയേറി. കോണ്‍ഗ്രസ് അനുകൂല സ്റ്റാഫ് കോഓപറേറ്റീവ് സൊസൈറ്റിയും ഭൂമി അനധികൃതമായി കൈവശം വെക്കുന്നുവെന്നാണ് സമിതി കണ്ടത്തെല്‍. ഓഫിസ് നിര്‍മിക്കാന്‍ 10സെന്‍റാണ് ഇവര്‍ക്ക് അനുവദിച്ചത്. എന്നാല്‍, 16.19സെന്‍റാണ് സൊസൈറ്റി ഉപയോഗിക്കുന്നത്. വനിതാ വെല്‍ഫയര്‍ സൊസൈറ്റിക്ക് ഭൂമിയേ നല്‍കിയിട്ടില്ല. എന്നാല്‍, ദേശീയപാതയോട് ചേര്‍ന്ന 4.4 സെന്‍റില്‍ ഹോട്ടല്‍ നടത്തുന്നുണ്ട്. എംപ്ളോയീസ് വെല്‍ഫെയര്‍ സൊസൈറ്റിയും 10സെന്‍റ് അധികം കൈവശം വെക്കുന്നു. 36സെന്‍േറാളം വിവിധ ചെയറുകളും അനധികൃതമായി കൈവശം വെച്ചുപോരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.