എക്സൈസില്‍ ഇപ്പോഴും ആള്‍ക്ഷാമം; നിയമനമായത് 354 പേര്‍ക്ക് മാത്രം

മലപ്പുറം: ജനസംഖ്യാനുപാതികമായി ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന എക്സൈസ് വകുപ്പിന്‍െറ ആവശ്യം ഇനിയും പരിഗണിക്കപ്പെട്ടില്ല. സിവില്‍ എക്സൈസ് ഓഫിസര്‍ നിയമനത്തിനുള്ള പുതിയ പി.എസ്.സി ലിസ്റ്റ് വന്ന് ഒരു വര്‍ഷമാകുമ്പോഴും നിയമനം ലഭിച്ചത് പകുതിയില്‍ താഴെ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രം. പുതിയ തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യത്തിനും സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. 2015 ആഗസ്റ്റിലാണ് പി.എസ്.സി സിവില്‍ എക്സൈസ് ഓഫിസര്‍മാരെ നിയമിക്കാനായി ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 1603 പേരുടെ ലിസ്റ്റില്‍ നിയമന അറിയിപ്പ് ലഭിച്ചത് 354 പേര്‍ക്ക് മാത്രമാണ്. പാലക്കാട്, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലാണ് കൂടുതല്‍ പേരെ നിയമിക്കേണ്ടിയിരുന്നത്. എന്നാല്‍, ഇവിടെ ആകെ എണ്ണത്തിന്‍െറ പകുതിയില്‍ പോലും നിയമനം നടന്നില്ല.


പാലക്കാട് ജില്ലയില്‍ 179 പേരെയാണ് നിയമിക്കേണ്ടത്. ഇവിടെ അഡൈ്വസ് മെമ്മോ ലഭിച്ചത് 44 പേര്‍ക്ക് മാത്രമാണ്. ജില്ലയില്‍ ആകെ അഞ്ഞൂറോളം ജീവനക്കാരാണുള്ളത്. മറ്റ് വകുപ്പുകളിലേക്ക് മാറിയതും വിരമിച്ചതുമടക്കം നിരവധി ഒഴിവുണ്ടെങ്കിലും സമയാസമയങ്ങളില്‍ നിയമനം നടക്കാത്തതാണ് തിരിച്ചടി. ഇടുക്കി ജില്ലയില്‍ 163 പേരില്‍ 31 പേര്‍ക്കും കണ്ണൂരില്‍ 165 ല്‍ 11 പേര്‍ക്കുമാണ് മെമ്മോ ലഭിച്ചത്. കാസര്‍കോട് ജില്ലയില്‍ 145 പേരുടെ ലിസ്റ്റില്‍ നിയമന അറിയിപ്പ് ലഭിച്ചത് നാലുപേര്‍ക്ക് മാത്രം. ഇടുക്കി ജില്ലയുടെ ഭൂപ്രകൃതി കൂടി പരിഗണിച്ച് നിലവിലെ ലിസ്റ്റില്‍ ജില്ലക്കുള്ള മുഴുവന്‍ നിയമനങ്ങളും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് പലപ്പോഴായി ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ 350ഓളം ജീവനക്കാരാണ് ഇടുക്കി ജില്ലക്കുള്ളത്. ബാറുകള്‍ പൂട്ടിയ പശ്ചാത്തലത്തില്‍ വ്യാജവാറ്റും അനധികൃത മദ്യക്കടത്തും കണ്ടത്തെി നടപടിയെടുക്കല്‍, ക്രിസ്മസ്, പുതുവത്സര സ്പെഷല്‍ ഡ്രൈവ് എന്നിവക്ക് മതിയായ ജിവനക്കാരില്ലാത്തതിനാല്‍ ഉള്ളവര്‍ കഠിനാധ്വാനത്തിലാണ്. ഒമ്പത് ചെക്പോസ്റ്റുകളുള്ള പാലക്കാട് ജില്ലയില്‍ ജീവനക്കാര്‍ക്ക് പിടിപ്പതുപണിയാണ്.

കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കണ്ണൂര്‍ ജില്ലയില്‍ ജീവനക്കാരുടെ എണ്ണം 215 ആണ്. ഇതില്‍ തന്നെ 21 പേര്‍ വനിതകളുമാണ്. 1968ലെ ജനസംഖ്യ കണക്കിലെടുത്ത് നിശ്ചയിച്ച സ്റ്റാഫ് പാറ്റേണ്‍ തുടരുന്നതും തസ്തിക വര്‍ധിപ്പിക്കാതെ പത്ത് ശതമാനം വനിതകള്‍ക്ക് മാറ്റിയതും മൂലമുണ്ടായ പ്രതിസന്ധി തുടരുമ്പോഴാണ് പുതിയ ലിസ്റ്റ് വന്ന് ഒരു വര്‍ഷം അടുത്തിട്ടും നിയമനം മന്ദഗതിയിലായിരിക്കുന്നത്. അതേസമയം, നിലവിലുള്ള ലിസ്റ്റിന്‍െറ കാലാവധി നീട്ടുകയാണെങ്കില്‍ മുഴുവന്‍ പേരെയും നിയമിക്കാന്‍ കഴിയും. 

മറ്റ് ജില്ലകളിലെ കണക്ക് ഇപ്രകാരം- നിയമന അറിയിപ്പ് ലഭിച്ചവരുടെ എണ്ണം ബ്രാക്കറ്റില്‍: തിരുവനന്തപുരം -132 (33), കൊല്ലം -62 (39), ആലപ്പുഴ -69 (25), പത്തനംതിട്ട -36 (28), കോട്ടയം -116 (14), എറണാകുളം -127 (46), തൃശൂര്‍ -101 (38), മലപ്പുറം -115 (24), കോഴിക്കോട് -145 (16), വയനാട് -48 (24).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.