തൊഴിലാളികളെ മാന്യമായി പാര്‍പ്പിക്കണം –ഹൈകോടതി

കൊച്ചി: അടിസ്ഥാന സൗകര്യങ്ങളില്ലാത്ത മലിനമായ അന്തരീക്ഷത്തില്‍ താമസിക്കേണ്ടിവരുന്നത് ഇതര സംസ്ഥാന തൊഴിലാളികളിലെ ക്രമിനല്‍ സ്വഭാവം വളര്‍ത്തുന്നതായി ഹൈകോടതി. അഴുക്കുനിറഞ്ഞതും വൃത്തിഹീനവുമായ ഇത്തരം ലേബര്‍ ക്യാമ്പു കളില്‍ താമസിക്കാന്‍ ലഹരിക്ക് അടിപ്പെട്ടവര്‍ക്ക് മാത്രമെ കഴിയൂ. ഇവര്‍ക്ക് മാന്യമായ താമസസൗകര്യം ഉറപ്പാക്കാന്‍ അടിയന്തര നടപടി ആരംഭിക്കണമെന്നും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ ഉത്തരവിട്ടു. തൊട്ടടുത്ത ലേബര്‍ ക്യാമ്പില്‍നിന്നുള്ള മാലിന്യങ്ങള്‍ കുടിവെള്ളക്കിണര്‍ മലിനമാക്കിയത് ചൂണ്ടിക്കാട്ടി അമ്പലമേട് സ്വദേശി എം.എ. ജോസ് നല്‍കിയ ഹരജി തീര്‍പ്പാക്കിയാണ് സിംഗിള്‍ ബെഞ്ചിന്‍െറ നിരീക്ഷണം.

തൊട്ടുസമീപത്തെ കുടുസുമുറിക്കുള്ളില്‍ അശാസ്ത്രീയ രീതിയില്‍ സൗകര്യമില്ലാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പാര്‍ക്കാനായി ലേബര്‍ ക്യാമ്പ് ഒരുക്കിയതായി ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. കൊള്ളാവുന്നതിലധികം തൊഴിലാളികള്‍ ഏറെ അസൗകര്യങ്ങളുടെ നടുവില്‍ പാര്‍ക്കുന്നുണ്ട്. ശാസ്ത്രീയ രീതിയിലല്ലാതെ ഇവര്‍ക്കായി നിര്‍മിച്ചുനല്‍കിയ കക്കൂസ് കുഴിയില്‍നിന്ന് സമീപത്തെ തന്‍െറ കുടിവെള്ളക്കിണറിലേക്ക് മാലിന്യവും മലിനജലവും കലര്‍ന്നതിനാല്‍ ഉപയോഗശൂന്യമായതായി ഹരജിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ലേബര്‍ ക്യാമ്പ് ഒഴിപ്പിക്കാനും മലിനീകരണം തടയാനും ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്. ഹരജിയത്തെുടര്‍ന്ന് പരിശോധനക്കായി കോടതി അഭിഭാഷകകമീഷനെ നിയമിച്ചു. സ്ഥലം സന്ദര്‍ശിച്ച് കമീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് കോടതിയുടെ നിരീക്ഷണവും ഉത്തരവുമുണ്ടായത്.
താമസയോഗ്യമല്ലാത്തതും വൃത്തിഹീനവുമായ തരത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി ലേബര്‍ ക്യാമ്പുകള്‍ ഒരുക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. വാടക മാത്രം ലക്ഷ്യമിട്ട് ഒരു സൗകര്യവുമില്ലാത്ത മുറികളില്‍ ഏറെപേരെ കുത്തിനിറക്കുകയാണ് കെട്ടിടമുടമകള്‍ ചെയ്യുന്നത്. പ്രാഥമിക കാര്യങ്ങള്‍ക്കുപോലും ഇത്തരം ക്യാമ്പുകളില്‍ സൗകര്യമില്ളെന്നതാണ് അവസ്ഥ. ദുസ്സഹമായ ഈ ജീവിതം അവരുടെ ആരോഗ്യത്തെയും മാനസിക നിലയെയും ദോഷകരമായി ബാധിക്കുന്നുണ്ട്.
 
മലീമസമായ പശ്ചാത്തലത്തിലുള്ള ഈ താമസം അവരിലെ ക്രിമിനല്‍ വാസന വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ട പരിഗണനയും മികച്ച താമസസൗകര്യവും ഒരുക്കിനല്‍കണമെന്നും അവരുടെയും സമൂഹത്തിന്‍െറയും എല്ലാ വിധത്തിലുമുള്ള സുരക്ഷിതത്വവും ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. ഹരജിക്കാരന്‍െറ സമീപത്തെ ലേബര്‍ ക്യാമ്പ് രണ്ടുദിവസത്തിനകം ഒഴിപ്പിച്ച് അവിടെയുള്ള തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് കലക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ഇതിനുള്ള ചെലവ് കെട്ടിടമുടമയില്‍നിന്ന് ഈടാക്കണം. ഹരജിക്കാരന് കെട്ടിടമുടമ 25000 രൂപ ചെലവിനത്തില്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.