കൊല്ലത്ത് കോടതി വളപ്പിൽ പൊട്ടിത്തെറി; ഒരാൾക്ക് പരിക്ക്

കൊല്ലം: കലക്ടറേറ്റ് വളപ്പില്‍ മുന്‍സിഫ് കോടതിയുടെ മുന്നിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 10.50ന് മുന്‍സിഫ്-രണ്ട് കോടതിക്കും പെന്‍ഷന്‍ പേയ്മെന്‍റ് സബ് ട്രഷറിക്കും മുന്നിലുണ്ടായിരുന്ന ജീപ്പിന് പിന്നിലായിരുന്നു സംഭവം. കേസ് ആവശ്യത്തിന് എത്തിയ ഡി.സി.സി എക്സിക്യൂട്ടിവ് അംഗം കുണ്ടറ പേരയം നീരൊഴുക്കില്‍ സാബുവിനാണ് (60) പരിക്കേറ്റത്. വലതുകണ്ണിനും മൂക്കിനുമിടയില്‍ ആഴത്തില്‍ പരിക്കേറ്റ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തണല്‍മരത്തിന് സമീപത്ത് കിടന്ന തൊഴില്‍വകുപ്പിന്‍െറ ജീപ്പിന്‍െറ പിന്‍വശത്തെ ഇടത് ടയറിന്‍െറ അടുത്തുവെച്ച ‘ടിഫിന്‍ ബോക്സ്’ ബോംബാണ് പൊട്ടിയതെന്ന് പൊലീസ് അറിയിച്ചു. ‘ഇംപ്രൊവൈസ്ഡ് എക്സ്പ്ളോസിവ് ഡിവൈസ്’ (ഐ.ഇ.ഡി) തരത്തിലുള്ളതായിരുന്നു ഇത്.

ചോറ്റുപാത്രത്തിനുള്ളില്‍ ഡിറ്റണേറ്ററുകളും ബാറ്ററിയും വെടിമരുന്നും നിറച്ചിരുന്നു. ഇലക്ട്രോണിക്സ് വിദഗ്ധനായ ഒരാള്‍ നിര്‍മിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സാധാരണ ഉണ്ടാക്കുന്നതുപോലെയുള്ള സര്‍ക്യൂട്ടല്ല ഉപയോഗിച്ചിരിക്കുന്നതെന്നും  കണ്ടത്തെി. 30 സെക്കന്‍ഡോ ഒരു മിനിറ്റിനുള്ളിലോ പൊട്ടാവുന്ന രീതിയിലുള്ള ‘ടൈം ഡിലേ’ സംവിധാനമാണുണ്ടായിരുന്നത്. 17 ബാറ്ററിയും 14 ഫ്യൂസും അലുമിനിയം ചോറ്റുപാത്രത്തിന്‍െറ ഭാഗങ്ങളും കണ്ടത്തെി. ചൈനീസ് കളിപ്പാട്ടങ്ങളിലുള്ള ബാറ്ററിയാണ് ബോംബിലുള്ളത്.
സ്ഫോടനത്തിന് പിന്നില്‍ അട്ടിമറി അടക്കമുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി മനോജ് എബ്രഹാം പറഞ്ഞു. ശക്തി കുറഞ്ഞ ബോംബ് സ്ഫോടനമാണെങ്കിലും ഗുരുതര സംഭവമായാണ് പൊലീസ് കാണുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.