മെഹ്സിന് ‘കാരുണ്യക്കൂടു’മായി വിദ്യാര്‍ഥികളും

കോഴിക്കോട്: മൂത്രമൊഴിക്കാന്‍ പ്രയാസപ്പെട്ട് വേദനതിന്നുന്ന കിണാശ്ശേരിയിലെ പിഞ്ചുബാലന്‍ മെഹ്സിനുവേണ്ടി കാരുണ്യക്കൂടൊരുക്കി വിദ്യാര്‍ഥികളും. മാങ്കാവ് പട്ടേല്‍താഴം പ്രസ്റ്റീജ് പബ്ളിക് സ്കൂള്‍ വിദ്യാര്‍ഥികളാണ് തങ്ങളുടെ കുഞ്ഞുകൂട്ടുകാരന് സഹായ ഹസ്തവുമായി കിണാശ്ശേരിയിലെ വാടകവീട്ടില്‍ എത്തിയത്.

കനത്തമഴയില്‍ ചുറ്റും കെട്ടിനില്‍ക്കുന്ന വെള്ളക്കെട്ട് കടന്ന് 10,000 രൂപയുടെ സഹായഹസ്തം മെഹ്സിന്‍െറ കുഞ്ഞുകൈകളില്‍ ഇവര്‍ വെച്ചു. പി.ടി.എ പ്രസിഡന്‍റ് പി. യൂനുസ്, പ്രിന്‍സിപ്പല്‍ വി.പി. ഷാഹിറാബാനു, കണ്‍വീനര്‍ കെ. മുഹമ്മദ് ഷമീര്‍ എന്നിവരും കുട്ടികളോടൊപ്പമുണ്ടായിരുന്നു.
കുട്ടികളില്‍ സഹാനുഭൂതിയും കാരുണ്യവും നിറക്കുക എന്ന ലക്ഷ്യത്തോടെ പി.ടി.എയുടെ ആഭിമുഖ്യത്തില്‍ സ്കൂളില്‍ ആരംഭിച്ചതാണ് ‘കാരുണ്യക്കൂട്’. വീടുകളില്‍വെച്ച പെട്ടികളില്‍ ഓരോ വിദ്യാര്‍ഥിയും ഒരു രൂപയില്‍ കുറയാതെ ഇടും. അങ്ങനെ രോഗവും ദുരിതവും കാരണം ബുദ്ധിമുട്ടുന്നവര്‍ക്ക് അവര്‍ ചെറുതാങ്ങാവുന്നു. ഇതോടെ മെഹ്സിനുവേണ്ടി ചികിത്സാസഹായ കമ്മിറ്റിക്ക് കീഴില്‍ സ്വരൂപിച്ച തുക ഏഴുലക്ഷം കവിഞ്ഞു.

മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി ഒരു വീടെന്ന സ്വപ്നത്തിനുവേണ്ടി പിതാവ് മുദ്ദസിര്‍ സ്വരൂപിച്ച എട്ടു ലക്ഷത്തോളം രൂപ മകന്‍െറ ചികിത്സക്കുവേണ്ടി ചെലവഴിക്കുകയായിരുന്നു കുടുംബം. ഇത്രയും തുകയുടെ കടത്തിലുമാണ് ഇവര്‍. റമദാനുശേഷം മെഹ്സിന്‍െറ ശസ്ത്രക്രിയ നടത്തണം. കുടുംബത്തിന് അനുയോജ്യമായ സ്ഥലത്ത് വീടും ഒരുക്കണം. ഇതിനായി സുമനസ്സുകളുടെ റമദാനിലെ സകാത് വിഹിതം ലഭ്യമാവും എന്ന പ്രതീക്ഷയിലാണ് കമ്മിറ്റി. ‘മാധ്യമം’ പ്രസിദ്ധീകരിച്ച ‘ഈ കുഞ്ഞു മുഖത്തിന് പിന്നിലെ വേദന എങ്ങനെ ആശ്വസിപ്പിക്കും? എന്ന വാര്‍ത്തയത്തെുടര്‍ന്നാണ് സഹായഹസ്തവുമായി നിരവധിപേര്‍  രംഗത്തുവന്നത്.

രോഗം ഭേദമാവാന്‍ മൂന്ന് ശസ്ത്രക്രിയകള്‍ നടത്തി. ഒന്നുകൂടി നടത്തിയാല്‍ ഇവന് മറ്റു കുട്ടികളെപ്പോലെ മൂത്രമൊഴിക്കാന്‍ കഴിയും. കിണാശ്ശേരിയില്‍ രൂപവത്കരിച്ച മെഹ്സിന്‍ ചികിത്സാസഹായ കമ്മിറ്റിക്ക് കീഴില്‍ മെഹ്സിന്‍ എന്നപേരില്‍ എസ്.ബി.ടി മാങ്കാവ് ബ്രാഞ്ചില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67360382593. IFSC: SBTR 0000535. ഫോണ്‍: 9447084722.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.