സ്പോർട്സ് കൗൺസിലിൽ അഴിച്ചുപണിക്ക് നീക്കം; അഞ്ജുവിനെ മാറ്റിയേക്കും

തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നു് അഞ്ജു ബോബി ജോർജിനെ മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. പ്രസിഡന്‍റക്കമുള്ള എല്ലാ അംഗങ്ങളേയും മാറ്റി തൽസ്ഥാനത്ത് പുതിയ അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്. മുൻസർക്കാർ നിയമിച്ച സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്‍റുമാരെയും മാറ്റുമെന്നാണ് സൂചന. കൂടാതെ സ്പോർട്സ് കൗൺസിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്താനും ആലോചനയുണ്ട്. കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന രീതി മാറ്റി നോമിനേഷൻ രീതിയാക്കിയത് മുൻസർക്കാറാണ്. ഇത് പഴയ രീതിയിൽ തന്നെ നിലനിർത്താനുള്ള ചട്ട ഭേദഗതിയാണ് സർക്കാർ പരിഗണിക്കുന്നത്.

പ്രസിഡന്‍റ് അഞ്ജു ബോബി ജോർജ്, വൈസ് പ്രസിഡന്‍റ് ടി.കെ ഇബ്രാഹിം കുട്ടി എന്നിവരെ മാറ്റും. മാറ്റുന്നതിന് മുമ്പ് അവർ രാജി വെക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രി ആയിരിക്കെ നിയോഗിച്ച സ്പോര്ട്സ് കൗൺസിൽ സെക്രട്ടറി സർക്കാർ മാറിയ ഉടനെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച്‌ എം.ജി സർവകലാശാലയിലേക്ക് തിരിച്ചു പോയി. അസിസ്റ്റന്‍റ് സെക്രട്ടറിയായി നിയമിച്ച അഞ്ജുവിന്റെ സഹോദരൻ അജിത്‌ മാർക്കോസിനെയും ഒഴിവാക്കും. ഇദ്ദേഹം ഇപ്പോൾ വിദേശ പര്യടനത്തിലാണ്.

സ്പോർട്സ് കൌൺസിലിന്‍റെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന നിർദേശം സർക്കാറിന്‍റെ മുന്നിലുണ്ട്. അഞ്ജുവിനെ മറയാക്കി നിർത്തി തിരുവഞ്ചൂരിന്‍റെ സുഹൃത്തും കോൺഗ്രസ്‌ നേതാവുമായ ടി.കെ ഇബ്രാഹിംകുട്ടിയാണ് കൌൺസിൽ ഭരിച്ചതെന്ന ആക്ഷേപമുണ്ട്. എട്ടു മാസത്തിനിടയിൽ നാലു തവണ മാത്രമാണ് അഞ്ജു ഭരണ സമിതി യോഗത്തിനെത്തിയത്. മുഴുവൻ സമയ പ്രസിഡന്റ്‌ ആയി പ്രവർത്തിക്കേണ്ടാതില്ലെന്നാണത്രെ മന്ത്രി അഞ്ജുവിനെ അറിയിച്ചത്.

പുതിയ പ്രസിഡന്‍റായി ടി.പി ദാസൻ, വി. ശിവൻകുട്ടി എന്നിവർ പരിഗണനയിലുണ്ട്. ഇതിൽ ദാസൻ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് പ്രസിഡന്‍റ് ആയി പ്രവർത്തിച്ചിരുന്നു . മുൻപരിചയം കണക്കിലെടുത്ത് ദാസനെ നിയമിക്കുമെന്നാണ് സൂചന. എന്നാൽ, സ്പോർട്സ് താരത്തെ മാറ്റി രാഷ്ട്രീയ നേതാവിനെ നിയോഗിക്കുന്നത് വിവാദം ആകുമോ എന്ന ആശങ്കയുണ്ട്. സി.പി.എം സെക്രട്ടറിയേറ്റ് ആണ് ഇതിൽ തീരുമാനം എടുക്കേണ്ടത്.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.