സ്നേഹവും സാഹോദര്യവും നോറ്റ കാലങ്ങൾ

ബാല്യകാലത്ത് ഓണവും വിഷുവും കാത്തിരുന്നതുപോലെ നോമ്പും പെരുന്നാളം കാത്തിരുന്നിട്ടുണ്ട്. ഞങ്ങളുടെ തറവാടുവീടിന്‍െറ കിഴക്കും പടിഞ്ഞാറും മുസ്ലിംവീടുകളായിരുന്നു. രണ്ട് ഉമ്മമാരെ ഒരിക്കലും മറക്കാന്‍ പറ്റില്ല. ആയിശുമ്മയും ഐസ് വി (ആയിഷാബീവി)യുമ്മയും. ആയിശുമ്മത്തയും എന്‍െറ അമ്മമ്മയും സമപ്രായക്കാരാണ്. ആയിശുമ്മത്തയുടെ മകള്‍ ബീവിയുമ്മയും എന്‍െറ അമ്മയും സമപ്രായക്കാരാണ്. അതുപോലെതന്നെ ബീവിയുമ്മയുടെ മകന്‍ കുഞ്ഞാണി (പരീക്കുട്ടിയും) ഞാനും സമപ്രായക്കാര്‍. ഐസീവിയുമ്മയുടെ മകന്‍ അബ്ദുല്ലക്കുട്ടിയും പ്രായംകൊണ്ട് എന്‍െറ ഒപ്പമാണ്. ഒരുമ്മ പെറ്റ മക്കളെപ്പോലെ ഞാനും അബ്ദുല്ലക്കുട്ടിയും കുഞ്ഞാണിയും ഒന്നിച്ച് കളിച്ചുവളര്‍ന്നു.

എന്‍െറ മുത്തച്ഛന്‍ ചാങ്ങലിയോടു മനയ്ക്കലെ വലിയ ഓതിയ്ക്കനായ രാമന്‍ നമ്പൂതിരിപ്പാടാണ്. നമ്പൂതിരിക്ക് സംബന്ധമുള്ള വീടായതുകൊണ്ട് മത്സ്യമാംസാദികള്‍ വീട്ടില്‍ പ്രവേശിപ്പിക്കുകയില്ല. നോമ്പുകാലമായാല്‍ അബ്ദുല്ലക്കുട്ടിയും കുഞ്ഞാണിയും ഇറച്ചിയുടെയും പത്തിരിയുടേയും കഥ പറഞ്ഞുതുടങ്ങും. നോമ്പുതുറ കഴിഞ്ഞ് കുഞ്ഞാണി വന്ന് കൈ മണപ്പിച്ചുതരും. പ്രലോഭനീയമായ ഇറച്ചിയുടെ മണം. ആഗ്രഹം സഹിക്കവയ്യാതെ ഒരിക്കല്‍ ഞാന്‍ അമ്മയോട് പറഞ്ഞു: ‘എനിക്കും നോമ്പിന്‍െറ ഇറച്ചിയും പത്തിരിയും കഴിക്കണം’. അരുതാത്തതെന്തോ കേട്ടതുപോലെ അമ്മ തലയില്‍ കൈവെച്ചുപോയി.

ആഗ്രഹം എങ്ങനെയോ ആയിശുമ്മുത്തയറിഞ്ഞു. ഒരു സന്ധ്യക്ക് ആരും കാണാതെ തട്ടംകൊണ്ട് മറച്ച ഒരു പിഞ്ഞാണത്തില്‍ പത്തിരിയും ആവിപറക്കുന്ന ഇറച്ചിക്കറിയുമായി ആയിശുമ്മുത്ത വടക്കുപുറത്തുവന്നു. സ്വകാര്യമായി അമ്മയോടു പറഞ്ഞു:
‘ങ്ങള് കയിയ്ക്കണ്ട കല്യാണ്യമ്മേ, കുട്ട്യോള്‍ക്കു കൊടുത്തോളിന്‍’
അമ്മമ്മ മറുത്തൊന്നും പറഞ്ഞില്ല. ആയിശുമ്മുത്ത കൊണ്ടുവന്ന പാത്രം, മത്സ്യമാംസാദികള്‍ കൈകൊണ്ട് തൊട്ടിട്ടില്ലാത്ത അമ്മമ്മതന്നെയാണ് വാങ്ങി ഞങ്ങള്‍ കുട്ടികള്‍ക്ക് തന്നത്. ആയിശുമ്മുത്ത എന്തു തന്നാലും അതു വിഷമാവില്ല എന്നറിയാനുള്ള സ്നേഹവിവേകം യാഥാസ്ഥിതികയായ എന്‍െറ അമ്മമ്മക്കുണ്ടായിരുന്നു. അങ്ങനെ ആര്‍ത്തിയോടുകൂടി, ആദ്യമായി ഇറച്ചിയും പത്തിരിയും കഴിച്ച ആ നോമ്പുദിവസം എനിക്കിന്നും ഓര്‍മയുണ്ട്. ആത് പോത്തിറച്ചിയായിരുന്നു.

അന്നൊന്നും കോഴിയിറച്ചി ഇന്നത്തേതുപോലെ സുലഭമല്ല. കോഴിയിറച്ചിയുടെ വീര്യം എന്ന നാട്ടുചൊല്ല് ആ ദൗര്‍ലഭ്യതയുടെ സൂചനയാണ്. വല്ലപ്പോഴും വിശേഷപ്പെട്ട വിരുന്നുകാരാരെങ്കിലും വന്നാല്‍ വീട്ടില്‍ വളര്‍ത്തുന്ന കോഴിയെ ഓടിച്ചിട്ടുപിടിച്ചാണ് ഐസീവിയുമ്മയുടെ വീട്ടില്‍ കോഴിക്കറിയുണ്ടാക്കുക. കോഴിയെ പിടിക്കാന്‍ നാട്ടുകാര്‍  ചേര്‍ന്ന് സ്വാഗതസംഘമുണ്ടാക്കി നാടുമുഴുവന്‍ ഓടിക്കണം. ഐസീവിയുമ്മയുടെ വീട്ടില്‍നിന്നാണ് ഞാന്‍ ഒരിക്കല്‍ കോഴിക്കറി കഴിച്ചത്. ആദ്യമായി കഴിച്ച മാംസാഹാരം ആയിശുമ്മുത്ത തന്ന ബീഫാണ്. ഉടപ്പിറപ്പിനെപ്പോലെ ആയിശുമ്മുത്തയെ സ്നേഹിച്ച എന്‍െറ അമ്മമ്മയാണ് വാങ്ങിത്തന്നത്.

ആലങ്കോട് ലീലാകൃഷ്ണനും ഭാര്യയും
 

ഇപ്പോഴും ഞാന്‍ ബീഫ് കഴിക്കും. ഈ നാട്ടില്‍ ആര് ബീഫ് നിരോധിച്ചാലും അതെന്നെ ബാധിക്കുകയില്ല. നോമ്പ് എനിക്ക് പകര്‍ന്നുതന്നത് വിശുദ്ധമായ സ്നേഹവും വിശ്വാസവും നിറഞ്ഞ സഹിഷ്ണുതയുടെ അന്നമാണ്. അയല്‍വീടുകള്‍ കാത്തുരക്ഷിച്ചുപോന്ന ദൈവഹിതമായ സാഹോദര്യം. വിശുദ്ധ ഖുര്‍ആനില്‍ അത് ആവര്‍ത്തിച്ചുപറയുന്നുണ്ട്.

‘മനുഷ്യരേ, നിങ്ങളെ ഞാന്‍ ഒരു സ്ത്രീയില്‍നിന്നും പുരുഷനില്‍നിന്നും സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് വിവിധ ഗോത്രങ്ങളുടെ അടയാളവ്യത്യാസങ്ങള്‍ തന്നിരിക്കുന്നത് നിങ്ങള്‍ തമ്മില്‍ത്തമ്മില്‍ തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്.’ നിരക്ഷരരായ എന്‍െറ അമ്മമ്മയില്‍ നിന്നും ആയിശുമ്മുത്തയില്‍നിന്നും സാഹോദര്യത്തിന്‍െറയും സ്നേഹത്തിന്‍െറയും ഈ വിശുദ്ധപാഠം ഒരു നോമ്പുദിനത്തില്‍ ഞാനാദ്യം പഠിച്ചു. അമ്മമ്മയും ആയിശുമ്മുത്തയും പോയി. ഐസീവിത്ത ഇപ്പോഴും നിഷ്കളങ്കമായ സ്നേഹം ഉടലെടുത്തതുപോലെ ഞങ്ങളോടൊപ്പമുണ്ട്. ഞാനും അബ്ദുല്ലക്കുട്ടിയും കുഞ്ഞാണിയും സിദ്ദീഖും കോമുട്ടിയും ജബ്ബാറും ഉമ്മറും കുഞ്ഞുവും മുഹമ്മദ്ക്കയുമൊക്കെ ഒരുമ്മക്കും ഉപ്പക്കും പിറന്ന മക്കളെപ്പോലെ ഇന്നും നിറഞ്ഞ സാഹോദര്യത്തില്‍ കഴിഞ്ഞുപോരുന്നു.

എത്രയോ നോമ്പുതുറകളില്‍ ഞാന്‍ പിന്നീട് പങ്കെടുത്തിട്ടുണ്ട്. വിവാഹശേഷം എന്‍െറ ഭാര്യവീടിന്‍െറ തൊട്ടയല്‍വീടായ ഹസ്സനുക്കായുടെ വീട്ടില്‍ എല്ലാ വര്‍ഷവും നോമ്പിനോ പെരുന്നാളിനോ സ്ഥിരക്കാരനാണ് ഞാന്‍. അന്നം പങ്കുവെക്കുന്നതിനേക്കാള്‍ വലിയ സാഹോദര്യമില്ല. മനുഷ്യജീവിതത്തില്‍ ജാതിമതഭേദമില്ലാതെ സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിനേക്കാള്‍ വലിയ നന്മയുമില്ല. സാഹോദര്യവും കാരുണ്യവുമാണ് വിശുദ്ധ ഖുര്‍ആന്‍ അടക്കമുള്ള എല്ലാ വിശിഷ്ട മതഗ്രന്ഥങ്ങളും ആവര്‍ത്തിച്ചാവര്‍ത്തിച്ച് വിശ്വാസികളെ പഠിപ്പിക്കാന്‍ ശ്രമിച്ചത്. ദൈവത്തിന്‍െറ ‘ഖലീഫ’ (പ്രതിനിധി)യായി പ്രവര്‍ത്തിക്കാന്‍ ഓരോ സത്യവിശ്വാസിയേയും ഇസ്ലാം പഠിപ്പിക്കുന്നു. അതിനുള്ള പരിശീലനമാണ് നോമ്പിന്‍െറ ആത്സംസ്കരണം.

ഒരിക്കല്ളെങ്കിലും പരസ്പരം കറുത്തമുഖം കാട്ടാതെ, തോളില്‍നിന്നും കൈയെടുക്കാതെ, പരസ്പരം സ്നേഹിച്ച, വിശ്വസിച്ച ഞങ്ങളെ വേറെയാക്കാന്‍ പടച്ചതമ്പുരാനല്ലാതെ മറ്റാര്‍ക്കും കഴിയുകയില്ല.  വിശുദ്ധ റമദാന്‍ വ്രതവും ചെറിയ പെരുന്നാളും കൊണ്ടുവരുന്നത് മനുഷ്യവംശത്തിനുമുഴുവന്‍ ഈ വിശുദ്ധ സ്നേഹാനുഭവത്തിലത്തൊനുള്ള ആത്മശുദ്ധീകരണമാണ്. ത്യാഗമാണ് ഓരോ നോമ്പും. സ്വാര്‍ത്ഥവും ഇന്ദ്രിയാര്‍ത്തികളും നിയന്ത്രിച്ച് മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കാന്‍ വിശുദ്ധ റമദാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. സ്വന്തം സമ്പത്തിലൊരു വിഹിതം ദരിദ്രര്‍ക്ക് സകാത്തായി നല്‍കാന്‍ പഠിപ്പിക്കുന്നു. സകാത്ത് കൊടുക്കുന്നവന്‍െറ ഒൗദാര്യമല്ല, വാങ്ങുന്നവന്‍െറ അവകാശമാണ് എന്ന് ഓര്‍മപ്പെടുത്തുന്നു. നോമ്പ് അനുഷ്ഠിക്കുന്നവരുടെ ഓരോ നിമിഷവും വിശുദ്ധമായ ഇബാദത്തായിത്തീരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.