ഹൈകോടതി സ്റ്റേ: ആശ്വാസമായത് കെ.എസ്.ആര്‍.ടി.സിക്കും സ്വകാര്യബസുകള്‍ക്കും

തിരുവനന്തപുരം: ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണല്‍ വിധി ഹൈകോടതി സ്റ്റേ ചെയ്തതോടെ ആശ്വാസമാകുന്നത് കെ.എസ്.ആര്‍.ടി.സിക്ക്.  സംസ്ഥാനത്ത് പൊതുഗതാഗത, തദ്ദേശ സ്ഥാപന വാഹനങ്ങളൊഴികെ 2000 സി.സിക്കു മുകളിലെ പുതിയ ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും ജൂണ്‍ 23 മുതല്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളില്‍ 10 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഓടിക്കരുതെന്നുമായിരുന്നു ഹരിത ട്രൈബ്യൂണല്‍ വിധി. മോട്ടോര്‍ വാഹനവകുപ്പിന്‍െറ കണക്കനുസരിച്ച് 2244 ബസുകളാണ് 10 വര്‍ഷത്തിനു മേല്‍ പഴക്കമുള്ളവയായി കെ.എസ്.ആര്‍.ടി.സിക്കുള്ളത്. ഇവയില്‍ ഭൂരിപക്ഷവും തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരപരിധിയില്‍ സര്‍വിസ് നടത്തുന്നതോ ദീര്‍ഘദൂര സര്‍വിസുകളെന്നനിലയില്‍ ഇവിടങ്ങളില്‍ പ്രവേശിക്കുന്നവയോ ആണ്. നിലവിലെ ഹൈകോടതി വിധി സ്വകാര്യബസുകള്‍ക്കും ആശ്വാസം പകരുന്നുണ്ട്. 3715 സ്വകാര്യ ബസുകളാണ് 10 വര്‍ഷത്തിനു മേല്‍ പഴക്കമുള്ളതായുള്ളത്. ഇവക്കു പുറമേ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്ന ആറു നഗരങ്ങളില്‍ 10 വര്‍ഷത്തിലധികം പഴക്കംചെന്ന  184658 ഹെവി, മീഡിയം, ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുമുണ്ടെന്നാണ് കണക്ക്. 41731 ഹെവി വാഹനങ്ങളും 44527 മീഡിയം വാഹനങ്ങളും 98400 ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകളും ഉള്‍പ്പെടെയാണിത്. പൊലീസിന്‍െറയടക്കം ഡീസല്‍ വാഹനങ്ങളില്‍ പലതും 10 വര്‍ഷം പഴക്കമുണ്ട്. ചരക്ക് ലോറികളില്‍ 40 ശതമാനത്തോളവും 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളവയാണ്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരപരിധിയിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെങ്കിലും ചരക്ക് വാഹനങ്ങള്‍ മിക്കവയും ഈ നഗരങ്ങളിലൂടെ കടന്നുപോകുന്നവയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.