ഖുര്‍ആനിന്‍െറ അവതരണരീതി

മനുഷ്യന്‍െറ പുരോഗതിക്കും ഉന്നമനത്തിനും വേണ്ടി രചിക്കപ്പെട്ട ഒട്ടേറെ ഗ്രന്ഥങ്ങളുണ്ട് ലോകത്ത്. അവയൊക്കെ മനുഷ്യചരിത്രത്തില്‍ അതിന്‍േറതായ സ്വാധീനം ചെലുത്തിയിട്ടുമുണ്ട്. എന്നാല്‍, വിശുദ്ധ ഖുര്‍ആനിനെപ്പോലെ സമൂഹത്തിന്‍െറ സമഗ്രവും സമൂലവുമായ പരിവര്‍ത്തനത്തിന് നിമിത്തമായ മറ്റൊരു ഗ്രന്ഥം നമുക്ക് കാണാന്‍ സാധ്യമല്ല. അത് ഒരു ജനതയുടെ വിശ്വാസത്തിലും ചിന്തകളിലും ഇടപാടുകളിലും അനുഷ്ഠാനങ്ങളിലും നിര്‍ണായക സ്വാധീനം ചെലുത്തി. അവരുടെ വ്യക്തിപരവും കുടുംബപരവും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ എല്ലാ കാര്യങ്ങളെയും ആ ഗ്രന്ഥം നിയന്ത്രിച്ചു.

ഖുര്‍ആന്‍ ഒറ്റദിവസം കൊണ്ട് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമല്ല. മറിച്ച് 23 സംവത്സരങ്ങളുടെ ദീര്‍ഘമായ കാലയളവില്‍ ഘട്ടംഘട്ടമായി സന്ദര്‍ഭത്തിനും സാഹചര്യത്തിനും അനുസരിച്ചാണ് അത് അവതരിപ്പിക്കപ്പെട്ടത്. ഒരു സമൂഹത്തിന്‍െറ സമഗ്രമായ പുന$സംവിധാനം സാധിച്ചത് സവിശേഷമായ ഈ അവതരണരീതിയിലൂടെയായിരുന്നു. അതുകൊണ്ട് തന്നെയാവണം സത്യനിഷേധികള്‍ ഈ അവതരണരീതിയെ ചോദ്യം ചെയ്തതും.

സത്യ നിഷേധികള്‍ ചോദിച്ചു: ‘എന്തുകൊണ്ട് ഇയാള്‍ക്ക് ഈ ഖുര്‍ആന്‍ ഒറ്റയടിക്ക് ഇറക്കപ്പെടുന്നില്ല?!’ (വി.ഖുര്‍ആന്‍ 25:32). അതിന് അല്ലാഹുവിന്‍െറ വിശദീകരണം ഇങ്ങനെയായിരുന്നു: ‘ഇപ്രകാരം ഘട്ടംഘട്ടമായി നാമിത് അവതരിപ്പിച്ചത് താങ്കളുടെ മനസ്സിനെ ഉറപ്പിച്ചുനിര്‍ത്താനും കാര്യങ്ങള്‍ ക്രമത്തില്‍ പറഞ്ഞുതരാനും വേണ്ടിയാണ്’ (വി.ഖു. 25:32). മനസ്സിന് ധൈര്യം പകര്‍ന്നുകൊടുത്തുകൊണ്ടും അപ്പപ്പോള്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടും ആളുകളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിക്കൊണ്ടും അല്ലാഹു നബിയുടെ  കൂടത്തെന്നെ സഞ്ചരിക്കുകയായിരുന്നു. പ്രവാചകത്വത്തിന്‍െറ ആദ്യനാളുകളില്‍ ഖുര്‍ആനിന്‍െറ അവതരണത്തിന് ചെറിയൊരു ഇടവേള വന്നപ്പോള്‍ നബി ദു$ഖിതനായി. അല്ലാഹു തന്നോട് പിണങ്ങിയോ എന്നായിരുന്നു നബിയുടെ സംശയം. ഉടന്‍ തന്നെ സമാശ്വാസത്തിന്‍െറ തെളിനീരുമായി ദിവ്യസൂക്തങ്ങള്‍ ഇറങ്ങി.

‘ഇല്ല, നിന്‍െറ നാഥന്‍ നിന്നെ വെറുക്കുകയോ കൈവെടിയുകയോ ചെയ്തിട്ടില്ല. തുടക്കത്തേക്കാള്‍ ഒടുക്കമായിരിക്കും നിനക്ക് നല്ലത്. നിന്‍െറ മനസ്സ് തൃപ്തമാകുന്ന രൂപത്തില്‍ നിന്‍െറ നാഥന്‍ നിനക്ക് അനുഗ്രഹങ്ങള്‍ ചൊരിഞ്ഞുതരും’ (വി.ഖു. 93:3,4). പ്രവാചകന് പ്രബോധനപാതയില്‍ ആത്മബലം പകര്‍ന്നുകൊടുക്കുക എന്ന ഉദ്ദേശ്യത്തോടൊപ്പം തന്നെ നിരക്ഷര സമൂഹമായിരുന്ന അറബികള്‍ക്ക് എളുപ്പത്തില്‍ പഠിക്കാനും മനസ്സിലാക്കാനും ജീവിതത്തില്‍ പ്രയോഗവത്കരിക്കാനും കൂടി ഉദ്ദേശിച്ചുകൊണ്ടായിരുന്നു അല്ലാഹു ഖുര്‍ആന്‍ അവതരണത്തിന് ഈ രീതി തെരഞ്ഞെടുത്തത്.

സമ്പാദനം: ഫൈസല്‍ മഞ്ചേരി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.