ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചേക്കും

പത്തനംതിട്ട: ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നറിയുന്നു. അടുത്ത മണ്ഡല കാലത്തിന് മുമ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതായി കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ ബി.ജെ.പി സംസ്ഥാന ഘടകത്തെ അറിയിച്ചിട്ടുണ്ട്.

 ബി.ജെ.പി സംസ്ഥാന ഘടകത്തിന്‍െറ നേരത്തേയുള്ള ആവശ്യമാണിത്. തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന കേന്ദ്രത്തിന്‍െറ പില്‍ഗ്രിമേജ് ടൂറിസം പദ്ധതിയില്‍, ശബരിമലയെയും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെയും ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ശബരിമലയിലത്തെി പ്രഖ്യാപനം നടത്തണമെന്നാണ് ബി.ജെ.പിയുടെ താല്‍പര്യം. ഇക്കാര്യം ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ ഡല്‍ഹിയിലെ ഉന്നത നേതാക്കളുമായി ചര്‍ച്ച ചെയ്യും. ശബരിമലയിലും പരിസരത്തുമായി ആദ്യ ഘട്ടം 95 കോടിയുടെ വികസനമാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

എന്നാല്‍, ക്ഷേത്രം ഉള്‍ക്കൊള്ളുന്ന ഭൂമി വനഭൂമിയാണെന്നതാണ് കൂടുതല്‍ വികസനത്തിന് തടസ്സമായി നില്‍ക്കുന്നത്. പെരിയാര്‍ കടുവാ സങ്കേതത്തിന്‍െറ ഭാഗമാണ് ഈ വനഭൂമി. കൂടുതല്‍ വനഭൂമി വിട്ടുകിട്ടുന്നതിനായി ഈ പ്രദേശത്തെ പെരിയാര്‍ കടുവാ സങ്കേതത്തില്‍നിന്ന് ഒഴിവാക്കാനും ആലോചനയുണ്ട്. ഭക്തരുടെ യാത്രക്കും താമസത്തിനും മറ്റുമുള്ള സൗകര്യം വര്‍ധിപ്പിക്കുക, യാത്രാസൗകര്യം സുഗമമാക്കുക, പമ്പാനദിയെ മാലിന്യ മുക്തമാക്കുക എന്നിവയാണ് ഇതിന് മുന്നോടിയായി ചെയ്യുന്ന കാര്യങ്ങള്‍.

ശബരിമലയെ പ്രത്യേക ഭരണമേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ബി.ജെ.പി ഉന്നയിച്ചിരുന്നു. കഴിഞ്ഞ മണ്ഡലകാലത്ത് ഇങ്ങനെയൊരാവശ്യം പാര്‍ട്ടി തലങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ വന്നുപോകുന്ന ശബരിമലയില്‍ നിലവിലുള്ള സംവിധാനങ്ങള്‍ക്ക് നേരിടുന്ന അപാകതയാണ് പാര്‍ട്ടിയെ ഇത്തരത്തില്‍ ചിന്തിപ്പിച്ചതെന്ന് അദ്ദേഹം കത്തില്‍ പറയുന്നു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.