കുറഞ്ഞ ഇന്‍ഷുറന്‍സ് തുക കൈപ്പറ്റിയത് ഉയര്‍ന്നതിനുള്ള അര്‍ഹത ഇല്ലാതാക്കുന്നില്ല –ഹൈകോടതി


കൊച്ചി: ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ കുറഞ്ഞ തുക എതിര്‍പ്പില്ലാതെ കൈപ്പറ്റിയെന്നത് ഉയര്‍ന്ന ഫോറങ്ങളെ സമീപിച്ച് ന്യായമായ നഷ്ടപരിഹാരം ഈടാക്കുന്നതിന് തടസ്സമല്ളെന്ന് ഹൈകോടതി. ഇന്‍ഷുര്‍ ചെയ്തിരുന്ന സ്ഥാപനത്തിന്‍െറ ഉടമക്ക് ഇന്‍ഷുറന്‍സ് കമ്പനി അനുവദിച്ചതിനേക്കാള്‍ കൂടിയ തുക  നല്‍കാനുള്ള ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന്‍െറ നടപടി ശരിവെച്ചാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്‍െറ ഉത്തരവ്. തൃശൂര്‍ വടൂക്കര സ്വദേശി എ.ബി. അന്‍സാറിന് ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി അനുവദിച്ചതിനേക്കാള്‍ 15 ലക്ഷം രൂപ കൂടി നല്‍കണമെന്ന ഓംബുഡ്സ്മാന്‍െറ ഉത്തരവ് ചോദ്യംചെയ്ത് കമ്പനി നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്.
അന്‍സാറിന്‍െറ ഫര്‍ണിച്ചര്‍ സ്ഥാപനം ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയില്‍ 2011 ജനുവരി 20 മുതല്‍ ഒരു വര്‍ഷത്തേക്ക് ഇന്‍ഷുര്‍ ചെയ്തിരുന്നു. 2012 ജനുവരി നാലിനുണ്ടായ തീപിടിത്തത്തില്‍ സ്ഥാപനത്തിന് വന്‍ നഷ്ടമുണ്ടായതിനെ തുടര്‍ന്ന് ഉടമ ഇന്‍ഷുറന്‍സ് തുക ആവശ്യപ്പെട്ട് അപേക്ഷ നല്‍കി. 49.36 ലക്ഷത്തിന്‍െറ നാശനഷ്ടമുണ്ടായതായി സര്‍വേയര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും 27.16 ലക്ഷമാണ് കമ്പനി അനുവദിച്ചത്. റീജനല്‍ ഓഫിസില്‍നിന്നുള്ള സാങ്കേതിക ഉപദേശത്തിന്‍െറകൂടി അടിസ്ഥാനത്തിലാണ് കുറഞ്ഞ തുക അനുവദിച്ചത്. ഇത് കൈപ്പറ്റിയ അന്‍സാര്‍ കൂടുതല്‍ തുകക്കുള്ള അര്‍ഹത ചൂണ്ടിക്കാട്ടി ഓംബുഡ്സ്മാനെ സമീപിച്ചപ്പോള്‍ വാദം കേട്ടശേഷം 15 ലക്ഷംകൂടി അനുവദിക്കാന്‍ ഉത്തരവിടുകയായിരുന്നു.
ആദ്യ ഇന്‍ഷുറന്‍സ് തുക പരാതിക്കാരന്‍ എതിര്‍പ്പില്ലാതെ കൈപ്പറ്റിയെന്നും കൂടുതല്‍ നല്‍കണമെന്ന ആവശ്യം അനുവദിച്ച ഓംബുഡ്സ്മാന്‍െറ ഉത്തരവ് നിലനില്‍ക്കുന്നതല്ളെന്നും ചൂണ്ടിക്കാട്ടിയാണ് കമ്പനി ഹൈകോടതിയെ സമീപിച്ചത്. നല്‍കാനുദ്ദേശിക്കുന്ന തുക സംബന്ധിച്ച് പരാതിക്കാരനുമായി ധാരണയുണ്ടായിരുന്നെന്നും കമ്പനി ചൂണ്ടിക്കാട്ടി. എന്നാല്‍, സര്‍വേ റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പുപോലും നല്‍കാതെ കമ്പനി താനുമായി ചര്‍ച്ച നടത്തി കുറഞ്ഞ തുക കൈപ്പറ്റാനുള്ള ധാരണ അടിച്ചേല്‍പിക്കുകയായിരുന്നുവെന്നായിരുന്നു പരാതിക്കാരന്‍െറ വാദം. ഇന്‍ഷുറന്‍സ് തുക കൈമാറിയപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല എന്നത് ന്യായമായ കൂടുതല്‍ തുകക്കുള്ള അര്‍ഹതയെ ഇല്ലാതാക്കുന്നില്ല.
 സര്‍വേ റിപ്പോര്‍ട്ട് നല്‍കാതെ തുല്യമായ നഷ്ടപരിഹാരത്തിനുവേണ്ടി അവകാശവാദം നടത്താനുള്ള അവസരവും പരാതിക്കാരന് കമ്പനി നിഷേധിച്ചതും കോടതി ചൂണ്ടിക്കാട്ടി. കമ്പനിയുടെ നടപടി നിയമപരമല്ളെന്നും ഓംബുഡ്സ്മാന്‍െറ ഉത്തരവില്‍ ഇടപെടേണ്ട ആവശ്യമില്ളെന്നും വ്യക്തമാക്കിയ കോടതി ഹരജി തള്ളുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.