സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകം

തിരുവനന്തപുരം: ശുചീകരണ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയതോടെ പതിവുപോലെ ഭീഷണി ഉയര്‍ത്തി ഡെങ്കിപ്പനി പടരുന്നു. മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി പനിയും പകര്‍ച്ചരോഗങ്ങളും ഇക്കുറി കൂടുമെന്നും സ്ഥിരീകരണമുണ്ട്. ആരോഗ്യവകുപ്പും ആരോഗ്യമന്ത്രിയും ഇതിനകം ഇതുസംബന്ധിച്ച് മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു. മേയ് മുതല്‍ ഇതുവരെ സംസ്ഥാനത്ത് 350 ഓളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 23000 ഓളം പേര്‍ക്ക് പനിയും ബാധിച്ചു. തലസ്ഥാനം എലിപ്പനിഭീതിയിലാണ്. ആരോഗ്യവകുപ്പിന്‍െറ കണക്കുപ്രകാരം ഡെങ്കിപ്പനി ബാധിച്ച് മൂന്ന് മരണം ഒരുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും മരണങ്ങളും കൂടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവിരം. ഡെങ്കിപ്പനി മരണം പത്തിലധികം കടന്നിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

ഞായറാഴ്ച മാത്രം സംസ്ഥാനത്ത് 49 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ഒരു പനിമരണവും കൊല്ലത്ത് എലിപ്പനി ബാധിച്ച് ഒരാളും മരിച്ചു. വേനല്‍മഴയിലെ വെള്ളക്കെട്ടാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഡെങ്കിപ്പനിക്ക് കാരണമെന്നാണ് ആരോഗ്യവകുപ്പിന്‍െറ വിശദീകരണം. കെട്ടിക്കിടക്കുന്ന വെള്ളം കൊതുക് ക്രമാതീതമായി പെരുകാന്‍ ഇടവരുത്തിയിട്ടുണ്ട്. കാലവര്‍ഷം രണ്ടു ദിവസത്തിനകം ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലവര്‍ഷംകൂടി ശക്തി പ്രാപിക്കുന്നതോടെ ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാകുമെന്നാണ് വിലയിരുത്തല്‍.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഡെങ്കപ്പനി വ്യാപകമായിരിക്കുന്നത്. സംസ്ഥാനത്ത് ഞായറാഴ്ച 10 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ഏഴുപേര്‍ക്കും കോട്ടയം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ ഒരാള്‍ക്കു വീതവും രോഗം സ്ഥിരീകരിച്ചു. ഒരുമാസത്തിനിടെ തലസ്ഥാനത്ത് 27 പേര്‍ക്കാണ് എലിപ്പനി കണ്ടത്തെിയത്. കൂടാതെ, സംസ്ഥാനത്ത് മലേറിയ ഏഴുപേര്‍ക്കും ചികുന്‍ഗുനിയ ഒരാള്‍ക്കും കണ്ടത്തെി. കൊല്ലം, തൃശൂര്‍, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് മലേറിയ കണ്ടത്തെിയത്. തിരുവനന്തപുരത്ത് കാട്ടാക്കടയിലാണ് ഒരാള്‍ക്ക് ചികുന്‍ഗുനിയ സ്ഥിരീകരിച്ചത്.

ഇത്തവണ പനിയും പകര്‍ച്ചവ്യാധികളും വര്‍ധിക്കുമെന്ന് ആരോഗ്യവകുപ്പിന്‍െറ മുന്നറിയിപ്പ് കുറെ നാളുകളായി വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍, കാലേക്കൂട്ടി നടത്തേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇത്തവണയും സമയബന്ധിതമായി നടത്താന്‍ കഴിഞ്ഞില്ല. ഏപ്രില്‍-മേയ് മാസങ്ങളില്‍ പൂര്‍ത്തിയാക്കേണ്ട മഴക്കാലപൂര്‍വ ശുചീകരണം ജൂണ്‍ ആദ്യവാരം കഴിഞ്ഞിട്ടും പൂര്‍ത്തിയായിട്ടില്ല. എല്ലാകാലത്തും ഇതുതന്നെയാണ് തിരിച്ചടിക്ക് കാരണമാകുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനമില്ലാത്തതാണ് പ്രധാന പ്രശ്നം. രണ്ടു മാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണം കൂടി സംസ്ഥാനത്ത് ഉണ്ടായിരുന്നതിനാല്‍ ഇക്കുറി മഴക്കാലപൂര്‍വ ശുചീകരണത്തിന് ശ്രദ്ധചോര്‍ന്നു. ഉദ്യോഗസ്ഥരും വിവിധ വകുപ്പുകളും തെരഞ്ഞെടുപ്പിന്‍െറ പിന്നാലെ ആയിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാണ് ശുചീകരണ പ്രഖ്യാപനം ഉണ്ടായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.