തിരുവനന്തപുരം: പ്രായം കുറഞ്ഞ നിയമസഭാ സ്പീക്കർ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്തി മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. പുതിയ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട പി. ശ്രീരാമകൃഷ്ണനെ അനുമോദിക്കുന്നതിനിടെയാണ് പിണറായിക്ക് പിഴവ് സംഭവിച്ചത്. "ഈ നിയമസഭയിൽ ഇളംപ്രായത്തിൽ സ്പീക്കർ സ്ഥാനത്ത് എത്തിയവരുടെ നിരയിൽപ്പെട്ടയാളാണ് താങ്കൾ. ഇതേക്കാളും ചെറിയ പ്രായത്തിൽ മറ്റൊരാളെ സ്പീക്കറായിട്ടുള്ളൂ. അത് കെ. രാധാകൃഷ്ണനാണ്. രാധാകൃഷ്ണൻ 42ാം വയസിൽ സ്പീക്കർ പദവിയിലെത്തി. താങ്കൾ 48ാം വയസിൽ ആ സ്ഥാനത്തെത്തി" -പിണറായി പറഞ്ഞു.
പുതിയ സ്പീക്കറെ അനുമോദിച്ചു നടത്തിയ പ്രസംഗത്തിനിടെയാണ് ലീഗ് നിയമസഭാ കക്ഷി നേതാവായ പി.കെ കുഞ്ഞാലിക്കുട്ടി പിണറായിയെ തിരുത്തിയത്. "ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ രാധാകൃഷ്ണാനാണോ സി.എച്ച് മുഹമ്മദ് കോയയാണോ എന്ന കാര്യം ഒന്ന് നോക്കേണ്ടതുണ്ട്. സി.എച്ച് സ്പീക്കറാകുമ്പോൾ പ്രായം 35 ആയിരുന്നു. എന്നാൽ, ഇക്കാര്യം ഒരു തർക്കവിഷയമല്ല. 48ാം വയസിലും ശ്രീരാമകൃഷ്ണൻ ചെറുപ്പമാണ്" -കുഞ്ഞാലിക്കുട്ടി നിയമസഭയിൽ പറഞ്ഞു.
കേരളാ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ സി.എച്ച് മുഹമ്മദ് കോയ ആണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. 1927 ജൂലൈ 15ന് ജനിച്ച സി.എച്ച് നിയമസഭാ സ്പീക്കർ ആകുന്നത് 1961 ജൂൺ ഒമ്പതിനാണ്. ആർ. ശങ്കരനാരായണനും, കെ.എം സീതി സാഹിബിനും പിൻഗാമിയായി സ്പീക്കർ പദവിയിലെത്തുമ്പോൾ സി.എച്ച് പ്രായം 34 ആയിരുന്നു. കെ.എം സീതി സാഹിബിന്‍റെ നിര്യാണത്തെ തുടർന്നായിരുന്നു ഇത്.
കെ. രാധാകൃഷ്ണനെയും പി. ശ്രീരാമകൃഷ്ണനെയും കൂടാതെ വി.എം സുധീരനും പ്രായം കുറഞ്ഞ സ്പീക്കറായിരുന്നു. 1984 മാർച്ച് എട്ടിന് നിയമസഭയുടെ 12ാമത് സ്പീക്കറാകുമ്പോൾ സുധീരന് പ്രായം 37. 2006 മെയ് 24ന് 42ാം വയസിൽ കെ. രാധാകൃഷ്ണനും 1996 മെയ് 30ന് 46ാം വയസിൽ എം. വിജയകുമാറും സ്പീക്കർ പദവിയിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.