വേമ്പനാട്ടുകായൽ നീന്തിക്കടന്ന് അർജുൻ സ്​കൂളിലെത്തി

പൂച്ചാക്കൽ: പ്രവേശനോത്സവ ദിനത്തിൽ പൂത്തോട്ട കെ.പി.എം ഹൈസ്​കൂളിലെ ഒമ്പതാം ക്ലാസ്​ വിദ്യാർഥി അർജുൻ സന്തോഷ് സ്​കൂളിലെത്തിയത് വേമ്പനാട്ടുകായൽ അതിസാഹസികമായി നീന്തിക്കടന്ന്. ആലപ്പുഴ ജില്ലയിൽപെട്ട പെരുമ്പളം ദ്വീപുനിവാസിയായ 14കാരൻ പെരുമ്പളത്തെ വാത്തികാട് ജെട്ടിയിൽനിന്ന് എറണാകുളം ജില്ലയിലെ പൂത്തോട്ടയിലേക്കുള്ള ഒന്നര കിലോമീറ്ററാണ് നീന്തിയത്. പൂത്തോട്ടയിൽനിന്ന് പെരുമ്പളം ദ്വീപിലേക്ക് പാലം നിർമിക്കണമെന്ന ദ്വീപുനിവാസികളുടെ ചിരകാലസ്വപ്നം അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് അർജുൻ പ്രവേശനോത്സവ ദിവസം മുതൽ കായൽ നീന്തിക്കടന്ന് സ്​കൂളിൽ പോകാനാണ് തീരുമാനം.
നീന്തുന്ന ഭാഗം ബോട്ടുചാലായതിനാൽ ഏറെ ആഴമുള്ളതാണ്. വെള്ളം ചുറ്റിത്തിരിഞ്ഞ് ഒഴുകുന്നതിനാൽ അടിയൊഴുക്കും ഇവിടെ കൂടുതലായിരിക്കും. ശക്തമായ ചുഴികളും രൂപപ്പെടാറുണ്ട്. മഴ ശക്തമാകുന്നതോടെ മലവെള്ളപ്പാച്ചിലും ശക്തമാകും. ദിവസവും രാവിലെ ഏഴിന് ട്യൂഷന് എത്തേണ്ടതിനാൽ ആറുമണിക്കാണ് അർജുൻ പെരുമ്പളം ദ്വീപിൽനിന്ന് നീന്തിത്തുടങ്ങുന്നത്. പ്രതിഷേധ സമരത്തിെൻറ ഭാഗമായി അർജുൻ നടത്തുന്ന ജീവന്മരണ പോരാട്ടത്തിന് ദ്വീപുനിവാസികളായ പതിനായിരത്തിലേറെ ജനങ്ങൾ പ്രാർഥനയുമായി കൂടെയുണ്ട്.
ദ്വീപുനിവാസികൾക്ക് പുറംലോകത്തെത്താൻ ആകെയുള്ളത് ജലഗതാഗതവകുപ്പിെൻറ ബോട്ട് സർവിസാണ്. ഇത് പലപ്പോഴും മുടങ്ങുന്നതിനാൽ ദ്വീപുനിവാസികൾ സഹിക്കുന്നത് ചില്ലറ പ്രയാസങ്ങളല്ല. സമയത്തിന് ചികിത്സ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. ഇതാണ് പാലത്തിനായുള്ള ആവശ്യത്തിന് ശക്തിപകരുന്നത്. അധികാരികളുടെ കണ്ണുതുറക്കുവോളം അർജുൻ നീന്തിത്തന്നെ സ്​കൂളിൽ പോകും.
വേമ്പനാട്ടുകായലിലെ മലിനീകരണത്തിനെതിരെയുള്ള ബോധവത്കരണ ഭാഗമായി ആറു വയസ്സുള്ളപ്പോൾ അർജുൻ കായൽ നീന്തിക്കടന്നിട്ടുണ്ട്. കൊച്ചി എഫ്.സി.ഐയിലെ ചുമട്ടുതൊഴിലാളിയായ പിതാവ് സന്തോഷാണ് അർജുെൻറ പരിശീലകൻ. സന്തോഷ് കൈകാലുകൾ ബന്ധിച്ച് 15 കി.മീറ്റർ കൊച്ചിക്കായലിൽ നീന്തി ജനശ്രദ്ധ നേടിയയാളാണ്. പണം മുടക്കാൻ സ്​പോൺസർ ഇല്ലാതിരുന്നതിനാലാണ് അന്ന് ഗിന്നസ്​ ബുക് റെക്കോഡിൽ കയറാൻ സാധിക്കാതിരുന്നത്. ബുധനാഴ്ച നടന്ന പ്രഥമ നീന്തലിന് പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിബു ഫ്ലാഗ് ഓഫ് ചെയ്തു.
 

 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.