പക്ഷിമൃഗാദികള്‍ സംസാരിച്ച കാലം

അതിശയോക്തി നിറഞ്ഞ ഭാവനയുടെ വിളനിലമാണ് ഇതിഹാസ പുരാണങ്ങള്‍. അനേകം തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഫോക്ലോര്‍ സംസ്കാരത്തിന്‍െറ എല്ലാ സ്വഭാവങ്ങളും അവക്കുണ്ട്. മനുഷ്യന് ചെയ്യാന്‍ അസാധ്യമായ അദ്ഭുതകൃത്യങ്ങള്‍ നമ്മില്‍ ആകാംക്ഷയും കൗതുകവും നിറക്കുന്നു. പക്ഷിമൃഗാദികള്‍ സംസാരിക്കുകയും മനുഷ്യരോട് ചങ്ങാത്തം സ്ഥാപിക്കുകയും ശൂന്യതയില്‍നിന്ന് വസ്തുക്കള്‍ ജനിക്കുകയും ചെയ്തിരുന്ന ഒരു ഭൂതകാലത്തില്‍ വിശ്വാസമര്‍പ്പിക്കുന്നവരാണ് അനേകകോടി മനുഷ്യര്‍ ഇന്നും. ക്ഷുദ്രജീവികളെപ്പോലും ദിവ്യജന്മങ്ങളായി ആരാധിച്ചുപോരുന്ന രീതി തുടരുകയാണ്.
രാമഭക്തിയുടെ അദ്ഭുതപ്രതീകമായി രൂപകല്‍പന ചെയ്യപ്പെട്ട ജടായു എന്ന ഗരുഡവംശജാതനായ പക്ഷി രാമായണത്തിലെ തിളക്കമാര്‍ന്ന കഥാപാത്രമാണ്. ഭീമാകാരനും പരിണതപ്രജ്ഞനുമായ ഈ പക്ഷി രാമായണകഥയുടെ ഗതിതന്നെ മാറ്റിമറിക്കുന്നു. രാമായണകവികള്‍-വാല്മീകി മുതല്‍ എഴുത്തച്ഛന്‍ വരെ-ചില മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊണ്ടവരും അവയുടെ സാഫല്യത്തിനായി കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളെയും സൃഷ്ടിച്ചവരുമാണ്. ഭക്തിയുടെ നിര്‍വഹണത്തിന് സ്വന്തം ജീവന്‍തന്നെ ബലിയര്‍പ്പിക്കുന്നവര്‍, ഗുരുപൂജയെ ജീവിതാഭിലാഷമായി കൊണ്ടുനടക്കുന്നവര്‍, ഭര്‍തൃപൂജയും പാതിവ്രത്യവുമാണ് ജീവിതസാക്ഷാത്കാരം എന്നു കരുതുന്നവര്‍, ജന്മകൃത്യം നടപ്പാക്കുക എന്ന ഒരേ ലക്ഷ്യത്തിനുവേണ്ടി ജീവിക്കുന്നവര്‍ എന്നിവരുടെ ഒരു സംഘടിതമുന്നേറ്റമാണ് രാമായണകഥ. അദ്ഭുതവിദ്യകള്‍ കാട്ടുന്ന മഹര്‍ഷിമാര്‍, സ്വന്തമായി കാനനസാമ്രാജ്യങ്ങള്‍ കൈവശമുള്ള രാക്ഷസീരാക്ഷസന്മാര്‍, തിരിച്ചറിവും ബുദ്ധിശക്തിയുമുള്ള വാനരന്മാര്‍ എന്നിവര്‍ ഇടകലര്‍ന്ന ഭാവനാസമ്മേളനമാണ് ഈ മിഥോളജി.
നൂറുകണക്കിന് രാമായണകഥകളെ മാനുഷിക കല്‍പനകള്‍ക്ക് പ്രാധാന്യം നല്‍കി ശ്രേണീബദ്ധമായി കാവ്യശില്‍പമാക്കിയതാണ് രാമായണകാവ്യത്തിന്‍െറ വിജയരഹസ്യം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.