മാധ്യമനിയന്ത്രണം: ഓരോ ജഡ്ജിക്കും തീരുമാനിക്കാം –ഹൈകോടതി രജിസ്ട്രാര്‍

കൊച്ചി: ഹൈകോടതിയിലെ മാധ്യമനിയന്ത്രണം സംബന്ധിച്ച് ജഡ്ജിമാരുടെ കൂട്ടായ തീരുമാനമില്ല. എന്നാല്‍, ചേംബറിലുംമറ്റും മാധ്യമപ്രവര്‍ത്തകരെ കയറ്റണോ എന്ന കാര്യത്തില്‍ സാഹചര്യം പരിഗണിച്ച് ഓരോ ജഡ്ജിക്കും തീരുമാനിക്കാമെന്ന് ഹൈകോടതി രജിസ്ട്രാര്‍ ജനറല്‍. മാധ്യമങ്ങള്‍ക്ക് നല്‍കിയ വിശദീകരണക്കുറിപ്പിലാണ് രജിസ്ട്രാര്‍ ജനറല്‍ അശോക് മേനോന്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, ഹൈകോടതിയില്‍ എത്തുന്ന മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണം, മീഡിയ റൂം എന്നിവ സംബന്ധിച്ച് നിശ്ശബ്ദത പാലിക്കുന്ന വിശദീകരണക്കുറിപ്പ് ഹൈകോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി സൂചന നല്‍കുന്നുമുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വിലക്കൊന്നുമില്ളെന്ന് ഇതില്‍ പറയുന്നു. കോടതിവിധികളും ഉത്തരവുകളും മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ പെരുമാറ്റച്ചട്ടം നിശ്ചയിക്കുന്നതിനുള്ള സമിതി തീരുമാനമെടുക്കും. എന്നാല്‍, സാഹചര്യം പരിഗണിച്ച് തന്‍െറ ചേംബര്‍, പ്രൈവറ്റ് സെക്രട്ടറി, പേഴ്സണല്‍ അസിസ്റ്റന്‍റുമാര്‍, പേഴ്സണല്‍ അസിസ്റ്റന്‍റ്പൂളില്‍നിന്ന് തങ്ങള്‍ക്ക് അനുവദിച്ച ജീവനക്കാര്‍ എന്നിവര്‍ക്ക് അടുത്തേക്ക് ആര്‍ക്കെങ്കിലും പ്രവേശം നിഷേധിക്കുന്നതിനുള്ള സ്വാതന്ത്ര്യം അതത് ജഡ്ജിമാര്‍ക്കുണ്ടായിരിക്കുമെന്നും വ്യക്തമാക്കുന്നു.
ഹൈകോടതിയില്‍ വനിതകള്‍ ഉള്‍പ്പെടെയുള്ള കോടതി ലേഖകരെ അഭിഭാഷകര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഈ മാസം 19 മുതല്‍ കോടതി റിപ്പോര്‍ട്ടിങ് മുടങ്ങിയിരിക്കുകയാണ്. ഈ പ്രശ്നത്തെ തുടര്‍ന്ന് ഹൈകോടതിക്കും തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിക്കും മുന്നില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. കൊല്ലം, എറണാകുളം ജില്ലാ കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ തടയുകയും കോഴിക്കോട് ജില്ലാ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് രജിസ്ട്രാര്‍ വിശദീകരണക്കുറിപ്പ് പുറപ്പെടുവിച്ചത്.

 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.