മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും കയ്യേറ്റം; എസ്‌.ഐക്ക് സസ്​പെൻഷൻ

കോഴിക്കോട്: മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ കോഴിക്കോട് ടൗണ്‍ എസ്‌ഐ പി.എം. വിമോദ് കുമാറിനെ സസ്​പെൻറ്​ ചെയ്​തു. ഡി.ജി.പി ലോകനാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. സസ്പെൻഷൻ വകുപ്പുതലത്തിലുള്ളതാണെന്നും ശാരീരികമായി അക്രമിച്ചെങ്കിൽ പരാതി എഴുതി നൽകിയാൽ എസ്.ഐയെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിക്കുമെന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഉമാ ബെഹ്റ വ്യക്തമാക്കി. നിലവിൽ ഈ വിഷയത്തിൽ രണ്ട് പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. നേരത്തേ സംഭവത്തിൽ എസ്.ഐ പി.എം.വിമോദിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.  

എസ്.ഐക്കെതിരെ ഉചിതമായ നടപടി ഇന്നു വൈകീട്ടോടെ കൈക്കൊള്ളുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ ഉമ ബെഹ്റ പത്രപ്രവർത്തക യൂനിയൻ നേതാക്കൾക്കും ജനപ്രതിനിധികൾക്കും രാവിലെ ഉറപ്പ് നൽകിയിരുന്നു. ഉന്നത പൊലീസ് സംഘവും മാധ്യമപ്രവർത്തകരും ചർച്ച നടന്നിട്ടും ടൗൺ എസ്.െഎ വീണ്ടും മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തതാണ് പ്രശ്നം രൂക്ഷമാക്കിയത്. നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്ത ഡി.എസ്.എൻ.ജി വാഹനം തിരിച്ചെടുക്കാൻ ചെന്ന എഷ്യാനെറ്റ് ന്യൂസ് സംഘത്തെ പൊലീസ് വീണ്ടും മർദിക്കുകയായിരുന്നു. നടപടി നേരിട്ട വിമോദ് കുമാറിന്റെ നേതൃത്വത്തില്‍ തന്നെയാണ് വീണ്ടും കയ്യേറ്റ ശ്രമം ഉണ്ടായത്. രാവിലെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെക്കൂടാതെ മീഡിയവൺ റിപ്പോർട്ടർ ജയേഷിനെയും സ്‌റ്റേഷനകത്ത് വീണ്ടും പിടിച്ചു വെച്ചു. ബലം പ്രയോഗിച്ചാണ് മാധ്യമപ്രവര്‍ത്തകരെ വീണ്ടും സ്‌റ്റേഷനിലേക്ക് കയറ്റിയത്. പോലീസ് സ്‌റ്റേഷന്‍ അകത്തുനിന്ന് പൂട്ടി മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവെച്ചു. ഇതോടെ പൊലീസ് സ്റ്റേഷന് പുറത്ത് മാധ്യമപ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. സംഘർഷത്തിൽ അയവ് വരുത്താൻ വിവിധ ജനപ്രതിനിധികൾ പൊലീസ് സ്റ്റേഷനിലെത്തി. തുടർന്നാണ് എസ്.ഐക്കെതിരെ അച്ചടക്കനടപടിയെടുത്തതായി ഡി.ജി.പി അറിയിക്കുകയായിരുന്നു.

കോടതിയിൽ നിന്നും മാധ്യമപ്രവർത്തകരെ നീക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടില്ലെന്ന് ജില്ലാ ജഡ്ജി നേരത്തേ വ്യക്തമാക്കിയിരുന്നു.കോടതിയിൽ സുരക്ഷ ശക്തമാക്കാനാണ് ആവശ്യപ്പെട്ടിരുന്നതെന്നും മാധ്യമപ്രവർത്തകരെ നീക്കാൻ നിർദേശം നൽകിയിരുന്നില്ലെന്നും ജില്ലാ ജഡ്ജി ഹൈകോടതി റജിസ്ട്രാറെ അറിയിച്ചു. ജില്ലാ ജഡ്ജിയുടെ നിർദേശമുണ്ടെന്ന് വ്യക്തമാക്കിയാണ് ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ക്യാമറമാൻ അഭിലാഷ് തുടങ്ങിയവരെ കോടതി വളപ്പിൽനിന്നും ടൗൺ എസ്.ഐ പി.എം.വിമോദും സംഘവും കസ്റ്റഡിയിലെടുത്തത്. മാധ്യമ പ്രവർത്തകരെ കോടതി പരിസരത്തുനിന്ന് നീക്കാൻ നിർദേശം നൽകിയെന്ന് പറയപ്പെടുന്ന ജില്ലാ ജഡ്ജിയെ നേരിൽകണ്ട് പരാതി നൽകാനും മാധ്യമപ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.