വിവാദ ഉത്തരവുകള്‍: വിജിലന്‍സ് പരിശോധനക്ക് ശിപാര്‍ശ

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാറിന്‍െറ അവസാനകാലത്തെ വിവാദ ഉത്തരവുകളിലെ ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിച്ചേക്കും. മന്ത്രി എ.കെ. ബാലന്‍െറ നേതൃത്വത്തിലെ മന്ത്രിസഭാ ഉപസമിതിയാണ് ഫയലുകള്‍ വിജിലന്‍സിന് വിടാന്‍ തീരുമാനിച്ചത്. ഇതിലേറെയും റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവുകളാണ്. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് സമിതിയുടെ അഭിപ്രായം.

കൃഷി, പൊതുമരാമത്ത്, സാമൂഹിക ക്ഷേമം, വൈദ്യുതി വകുപ്പുകളിലെ ഫയലുകളാണ് വ്യാഴാഴ്ച പരിശോധിച്ചത്. സന്തോഷ് മാധവന്‍െറ കമ്പനിക്ക് ഭൂമി തിരിച്ചുനല്‍കിയത്, കോട്ടയം കുമരകം മെത്രാന്‍കായല്‍ നികത്തല്‍, കടമക്കുടിയില്‍ മള്‍ട്ടി നാഷനല്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിക്കെന്നപേരില്‍ 47 ഏക്കര്‍ നെല്‍വയല്‍ നികത്തല്‍, ചെമ്പില്‍ തണ്ണീര്‍ത്തടം ഉള്‍പ്പെടെ നികത്തല്‍, ഇടുക്കി ഹോപ് പ്ളാന്‍േറഷന് ഭൂമി നല്‍കിയത്, നെല്ലിയാമ്പതി കരുണ എസ്റ്റേറ്റില്‍നിന്ന് കരം സ്വീകരിക്കാന്‍ അനുമതി നല്‍കിയത് തുടങ്ങിയ റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മത്തേയുടെ ഉത്തരവുകളിലാണ് ക്രമക്കേട് പ്രകടമായുള്ളത്. ഇതുള്‍പ്പെടെ റവന്യൂ വകുപ്പിലെ 47 ഉത്തരവുകള്‍ നിയമവിരുദ്ധമാണെന്ന് കണ്ടത്തെി.

വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ രംഗത്തും പുറത്തിറക്കിയ 19 ഉത്തരവുകളും ക്രമവിരുദ്ധമാണെന്ന് സമിതി നേരത്തേ കണ്ടത്തെിയിരുന്നു. വിവാദമയാപ്പോള്‍ ചില ഉത്തരവുകള്‍ പിന്‍വലിച്ചിരുന്നു. ചട്ടലംഘനം നടന്ന ഫയലുകള്‍ സംബന്ധിച്ച് വകുപ്പ് മേധാവികളെ വിളിച്ചുവരുത്തി വിശദീകരണം തേടി. എന്നാല്‍, ഉത്തരവിറക്കിയതിനെക്കുറിച്ച് പലര്‍ക്കും കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരം ഫയലുകളിലാണ് തുടര്‍നടപടി സ്വീകരിക്കുന്നത്.

ആദര്‍ശ് പ്രൈം പ്രോജക്ടിന് 118 ഏക്കര്‍ നല്‍കിയത് അന്വേഷിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. അതില്‍ മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മത്തേ എന്നിവരുള്‍പ്പെടെ ആറുപേര്‍ക്കെതിരെ ദ്രുതപരിശോധന നടത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് വിജിലന്‍സ് സംഘം ബിശ്വാസ് മത്തേയുടെ മൊഴിയെടുത്തു. ഇതില്‍ പലതും മന്ത്രിസഭായോഗത്തിന്‍െറ അജണ്ടക്ക് പുറത്തെ വിഷയമായാണ് അന്നത്തെ വ്യവസായ മന്ത്രി അവതരിപ്പിച്ചതെന്ന് ബിശ്വാസ് മത്തേ വിജിലന്‍സിനെ അറിയിച്ചു. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമം -2008 മറികടന്ന് അംഗീകാരം നല്‍കാമെന്ന് മെത്രാന്‍ കായല്‍ ഫയലില്‍ കുറിച്ചത് മുന്‍ ചീഫ്സെക്രട്ടറി ജിജി തോംസനാണ്.

നെല്‍വയല്‍ നികത്തുന്നതിന് അംഗീകാരം നല്‍കേണ്ട സംസ്ഥാനതല സമിതി പല ഫയലുകളും കണ്ടില്ല. ഇതെല്ലാം വിജിലന്‍സ് അന്വേഷണത്തില്‍ വഴിത്തിരിവാകും. എ.കെ. ബാലനെ കൂടാതെ മന്ത്രിമാരായ ഡോ. തോമസ് ഐസക്, വി.എസ്. സുനില്‍കുമാര്‍, മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.