തിരൂരില്‍ യാത്രക്കാരുടെ മുന്നിലിട്ട് കണ്ടക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

തിരൂര്‍: ബസില്‍ വെച്ച് യാത്രക്കാരുടെ മുന്നിലിട്ട് മുസ്ലിംലീഗ് പ്രവര്‍ത്തകനായ ബസ് കണ്ടക്ടറെ സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തിരൂരില്‍ തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പരിക്കേറ്റ പറവണ്ണ പുത്തങ്ങാടി കുട്ടാത്ത് നൗഫലിനെ (27) കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീരദേശ മേഖലയിലെ സി.പി.എം-ലീഗ് സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. തിരൂരില്‍നിന്ന് കുറ്റിപ്പുറത്തേക്ക് പോകുകയായിരുന്ന ‘ലൈഫ്ലൈന്‍’ ബസില്‍ പൊറ്റത്തേ് പടിയില്‍നിന്ന് കയറിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. യാത്രക്കാരെന്ന വ്യാജേന ബസില്‍ കയറിയ സംഘം വടിവാളും മാരകായുധങ്ങളുമായി നൗഫലിനെ വെട്ടുകയായിരുന്നു. തുടര്‍ന്ന് നാലുപേര്‍ ബസില്‍നിന്ന് ചാടി രക്ഷപ്പെട്ടു. ബസ് വടക്കെ അങ്ങാടിയില്‍ നിര്‍ത്തിയാണ് നൗഫലിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടെ ബസിലുണ്ടായിരുന്ന രണ്ട് അക്രമികളെ യാത്രക്കാരും നാട്ടുകാരും പിടികൂടി. പിന്നീട് പൊലീസത്തെി ഇവരെ കസ്റ്റഡിയിലെടുത്തു.

നൗഫലിന് തലക്കും വലത്തെ കാലിനും ഇടത്തെ കൈക്കുമാണ് വെട്ടേറ്റത്. തലയില്‍ അഞ്ച് തുന്നിക്കെട്ടുണ്ട്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ബസ് ജീവനക്കാരന്‍ പറവണ്ണ ആലിന്‍ചുവട് കുഞ്ഞാലകത്ത് ജംഷീറിനും (24) അക്രമികളെ പിടികൂടുന്നതിനിടെ ഡ്രൈവര്‍ കാളാട് അസീസ് എന്ന കുഞ്ഞിപ്പക്കും പരിക്കേറ്റു. തുടര്‍ന്ന് തിരൂരില്‍ രണ്ട് മണിക്കൂറോളം സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി. സ്കൂള്‍ വിട്ട സമയമായതിനാല്‍ ബസില്‍ സ്ത്രീകളും കുട്ടികളുമാണ് അധികമുണ്ടായിരുന്നത്. സംഭവത്തോടെ ബസില്‍ കൂട്ടനിലവിളി ഉയര്‍ന്നു. അക്രമികള്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് പൊലീസ് അറിയിച്ചു.
              
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.