തൃശൂർ അഴീക്കോട് മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് മരണം

അഴീക്കോട്: മുനക്കല്‍ പുലിമുട്ടിന് സമീപം കടലില്‍ മത്സ്യബന്ധന വള്ളങ്ങള്‍ മറിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു. മൂന്നുപേര്‍ രക്ഷപ്പെട്ടു.
അഴീക്കോട് മുനക്കല്‍ ബീച്ചില്‍ പരേതനായ പണ്ടാരപ്പറമ്പില്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ അബ്ദുല്‍ ജലീല്‍ (55), മുനക്കല്‍ അഞ്ചലശ്ശേരി പരേതനായ തമ്പിയുടെ മകന്‍ പത്മനാഭന്‍ (കുട്ടന്‍ -57) എന്നിവരാണ് മരിച്ചത്. മുനക്കല്‍ സ്വദേശികളായ കൈതക്കപ്പറമ്പില്‍ അബ്ദുറഹ്മാന്‍ (54), പണിക്കശ്ശേരി സഗീര്‍ (39), കണ്ടകത്ത് സലാം (55) എന്നിവരാണ് രക്ഷപ്പെട്ടത്.

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ പൂച്ചക്കടവില്‍നിന്ന് മീന്‍പിടിക്കാന്‍ പോയ ഫൈബര്‍, മൂടുവെട്ടി വള്ളങ്ങളാണ് അഴിമുഖം കടക്കുന്നതിനിടെ ഒരേസമയം ശക്തമായ തിരയില്‍പ്പെട്ട് മറിഞ്ഞത്. പിറകെ എത്തിയ ‘ഖിളര്‍’ ഫൈബര്‍ വള്ളത്തിലെ തൊഴിലാളികള്‍ നടത്തിയ തിരച്ചിലില്‍ പത്മനാഭനെ മരിച്ചനിലയില്‍ കണ്ടത്തെി. മറിഞ്ഞ വള്ളത്തില്‍ പിടിച്ചുകിടന്ന മൂന്നുപേരെയും ഇവരാണ് കണ്ടത്തെി രക്ഷപ്പെടുത്തിയത്. അല്‍പസമയത്തിനുശേഷം അബ്ദുല്‍ ജലീലിനെയും കണ്ടത്തെി. അഴീക്കോട് തീരദേശ പൊലീസ് ബോട്ടില്‍ ഉടന്‍ കരയിലത്തെിച്ചെങ്കിലും മരിച്ചിരുന്നു. ഖിളര്‍ വള്ളത്തിലെ തൊഴിലാളികളായ അറക്കപ്പറമ്പില്‍ സഗീര്‍, പുല്ലാനി വീട്ടില്‍ അനീസ്, പുത്തന്‍പറമ്പില്‍ അസീസ് എ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

പൂച്ചക്കടവ് കുരിശിങ്കല്‍ ജോസഫിന്‍െറ ‘അരുവി’ എന്നപേരിലുള്ള വള്ളങ്ങളാണ് അപകടത്തില്‍പെട്ടത്. വള്ളവും മത്സ്യബന്ധനോപകരണങ്ങളും നഷ്ടപ്പെട്ടു.കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം അബ്ദുല്‍ ജലീലിന്‍െറ ഖബറടക്കം അഴീക്കോട് പുത്തന്‍പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.പത്മനാഭന്‍െറ സംസ്കാരം വീട്ടുവളപ്പില്‍ നടത്തി. സുമയ്യയാണ് ജലീലിന്‍െറ ഭാര്യ. മക്കള്‍: ഷഫീര്‍ (ഖത്തര്‍), ജസീല. മരുമക്കള്‍: ഹാരിസ് (സൗദി), ഷഹന. എറിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എം. അബ്ദുല്ല സഹോദരനാണ്. പത്മനാഭന്‍െറ ഭാര്യ: മീന. മക്കള്‍: രേഷ്മ, ദിവ്യ. മരുമക്കള്‍: ശ്രീജേഷ്, സുബിന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.