കെ.പി.സി.സിക്കു മുകളില്‍ പ്രത്യേക സമിതിക്ക് എം.പിമാര്‍

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ മരവിപ്പു നേരിടുന്ന കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗവും ദിശാബോധവും നല്‍കുന്നതിന് ഗ്രൂപ്പുകള്‍ക്ക് അതീതമായി വര്‍ക്കിങ് കമ്മിറ്റി രൂപവത്കരിക്കുന്ന കാര്യം ആലോചനയില്‍. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ കേരള എം.പിമാരില്‍ ചിലരാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ഉയരുന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായിട്ടായിരുന്നു ഇത്. വി.എം. സുധീരനെ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറ്റാന്‍ ഹൈകമാന്‍ഡ് തയാറല്ലാത്തതിനാലും ഗ്രൂപ്പിസത്തിന് താക്കീതു നല്‍കുകയും ചെയ്ത പശ്ചാത്തലത്തിലാണ്് പ്രത്യേക സമിതിയെന്ന മറുമരുന്ന്.

സംസ്ഥാനത്തെ സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഉന്നതാധികാര സമിതിയെന്ന നിലയിലാണ് ഇത് പ്രവര്‍ത്തിക്കേണ്ടത്. ദേശീയ തലത്തില്‍ എ.ഐ.സി.സിക്കു പുറമെ പ്രവര്‍ത്തക സമിതിയുണ്ട്. ഇതേ മാതൃകയില്‍ സംസ്ഥാനത്തും ഉണ്ടാകണമെന്നാണ് നിര്‍ദേശം. ഇത് കെ.പി.സി.സിക്കും പ്രസിഡന്‍റിനും മുകളിലെ മാര്‍ഗനിര്‍ദേശകേന്ദ്രമായിരിക്കും. മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലാത്ത സമിതി കേരളത്തില്‍ മാത്രമായി രൂപവത്കരിക്കുന്ന കാര്യത്തില്‍ പക്ഷേ, വ്യക്തമായ ഉറപ്പുകളൊന്നും രാഹുലിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

കേരളത്തില്‍ പാര്‍ട്ടിയുടെ മുന്നോട്ടുള്ള വഴി എന്താകണമെന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി സംസ്ഥാന നേതാക്കളുമായി നടത്തിവന്ന ചര്‍ച്ചകള്‍ എം.പിമാരുമായുള്ള കൂടിക്കാഴ്ചയോടെ മിക്കവാറും പൂര്‍ത്തിയായി. ഇനിയങ്ങോട്ടുള്ള നടപടികള്‍ ഡല്‍ഹിയിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്ത് രാഹുല്‍ ഗാന്ധി നിര്‍ദേശിക്കും. എന്നാല്‍, അതിനൊരു സമയപരിധി വെച്ചിട്ടില്ല. കേരളത്തിലെ ലോക്സഭാംഗങ്ങളായ എട്ടുപേരെയാണ് രാഹുല്‍ ബുധനാഴ്ച കണ്ടത്. എ.കെ. ആന്‍റണി, വയലാര്‍ രവി, പി.ജെ. കുര്യന്‍ എന്നീ രാജ്യസഭാംഗങ്ങള്‍ ഇതില്‍ ഉണ്ടായിരുന്നില്ല. എട്ടുപേരെയും ഒന്നിച്ചിരുത്തി സംസാരിച്ച ശേഷം, ഓരോരുത്തരെയും പ്രത്യേകമായി വിളിച്ചും രാഹുല്‍ സംസാരിച്ചു. വീണ്ടും ഒരുവട്ടം കൂടി ഒന്നിച്ചിരുത്തിയുള്ള സംഭാഷണങ്ങള്‍ നടന്നു. അഭിപ്രായങ്ങള്‍ കേള്‍ക്കുക എന്നതിനപ്പുറം പ്രത്യേക നിര്‍ദേശങ്ങളൊന്നും എം.പിമാര്‍ക്ക് നല്‍കിയിട്ടില്ല. പ്രസിഡന്‍റ് സ്ഥാനത്തിനടക്കം ബാധകമാവുന്ന വിധത്തില്‍ അടിമുടി പുന$സംഘടനയെന്നതിനാണ് എ, ഐ ഗ്രൂപ്പുകള്‍ ഊന്നല്‍ നല്‍കുന്നതെങ്കിലും, ഇതുവരെയുള്ള ചര്‍ച്ചകളില്‍ രാഹുല്‍ ഗാന്ധി ഇതിന് സമ്മതം മൂളിയിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.