????????? ??????????? ?????? ????????? ??????????????????? ?????????????? ??? ?????? ??????????????? ????????

പ്രതീകാത്മകതയുടെ സൗന്ദര്യം

രാമായണം വെറുമൊരു കാവ്യമോ മതഗ്രന്ഥമോ അല്ല; അതു പൗരാണിക മനുഷ്യന്‍െറ ചിന്തയുടെയും ആത്മനൊമ്പരത്തിന്‍െറയും ഗാഥയാണ്, അഗാധ ധ്വനികളുള്ള ജീവിതത്തിന്‍െറ വര്‍ണശബളമായ  ആലേഖനമാണ്. നാനാവര്‍ണ  നിര്‍മിതമായ ഒരു സ്ഫടികഗോപുരം അനന്തതയുടെ ധവളപ്രകാശം ഒപ്പിയെടുക്കുന്നതു പോലെയാണ് ജീവിതം എന്ന ഷെല്ലിയുടെ നിര്‍വചനം രാമായണത്തിനും ഇണങ്ങും. അനന്തതയുടെ അപ്രമേയതപോലെ ആദികാവ്യവും മഹാഭാരതവും തലമുറകളുടെ ജീവിതസരണികളില്‍ അദ്ഭുതാദരങ്ങള്‍ ജനിപ്പിച്ചുകൊണ്ട് നിലനിന്നുപോരുകയാണ്. ജീവിതത്തിന്‍െറ സമഗ്രതയും തെളിമയുറ്റ ലാവണ്യബോധവും ഈ കാവ്യങ്ങളെ കാലാതിവര്‍ത്തിയാക്കുന്നു.

പാദബദ്ധോക്ഷരസമ:
തന്ത്രീലയ സമന്വിതം
വാല്മീകി രാമായണം കാവ്യാരംഭത്തില്‍ പറയുന്ന ഈ തന്ത്രീലയമാധുര്യം മനുഷ്യന്‍െറ ഒടുങ്ങാത്ത സംഗീതബോധത്തിന്‍െറയും ശോകാനുഭവത്തിന്‍െറയും (ശോകാര്‍ത്തസ്യ പ്രവൃത്തോമേ ശ്ളോകോ ഭവസ്തു നാന്യഥാ) ഫലമാണെന്ന് വ്യാഖ്യാനിച്ചാല്‍ സന്തോഷസന്താപങ്ങള്‍ ജീവിതത്തിന്‍െറ സമവാക്യമാണെന്നു കാണാം.
രാമായണത്തിലെ ഓരോ സന്ദര്‍ഭവും ഓരോ കഥാപാത്രവും പ്രതീകാത്മകമാണ്. മനുഷ്യന്‍ സൃഷ്ടിക്കുന്ന കലകളും സാഹിത്യവും പ്രതീകാത്മക ഭംഗികൊണ്ടാണ് അനശ്വരമായിത്തീരുന്നത്. ഭക്തിയുടെ ഒറ്റ ആവരണത്താല്‍ ഏറക്കുറെ ആന്ധ്യം ബാധിച്ച നാം രാമായണത്തിലെ ലാക്ഷണിക ഭാഷയുടെ അര്‍ഥതലത്തിലേക്ക് ഒരിക്കലും പ്രവേശിക്കാറില്ല.

രാമായണം ഒരു ചരിത്രകൃതിയല്ല, ചരിത്രാതീത കാലത്തിനും ചരിത്രഘട്ടത്തിനും ഇടക്കുള്ള പ്രോട്ടോ ഹിസ്റ്ററിയുടെ കാലത്താണ് ഈ കാവ്യത്തിന്‍െറ ജനനം. അവയില്‍ ചരിത്രത്തിന്‍െറ അടരുകളും അതിശയോക്തിയില്‍ ചാലിച്ച കല്‍പനകളുമുണ്ട്. മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന അധികാര രാഷ്ട്രീയത്തിന്‍െറയും വിദ്വേഷത്തിന്‍െറയും സ്ത്രീപീഡനത്തിന്‍െറയും കഥകൂടിയാണത്. ചിതറിത്തെറിച്ച സംഘസംസ്കാരത്തിന്‍െറ ചിഹ്നങ്ങളായി അവശേഷിക്കുന്ന രാമകഥയുടെ പൊരുള്‍ തേടാന്‍ ജനസാമാന്യം ഇന്നും തയാറല്ല. അതുകൊണ്ടാണ് ബാബരി മസ്ജിദുകള്‍ ഉണ്ടാകുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.