സൂഫികളും ഫാഷിസ്റ്റുകളും നവോത്ഥാന ശ്രമങ്ങള്‍ അട്ടിമറിക്കുന്നു

കോഴിക്കോട്: തുര്‍ക്കിയിലെ സൈനിക അട്ടിമറി ശ്രമം ഇസ്ലാമിക ലോകത്തിന്‍െറ കുതിപ്പ് തടയാന്‍ ലക്ഷ്യം വെച്ചുള്ളതാണെന്ന് ദ്വിദിന ഐ.എസ്.എം സംസ്ഥാന കണ്‍വെന്‍ഷന്‍ സമാപന സമ്മേളനം അഭിപ്രായപ്പെട്ടു.  അട്ടിമറിക്കു പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് ആരോപിക്കപ്പെടുന്ന ഫത്ഹുല്ല ഗുലന്‍െറ സൂഫി ചിന്താധാര തുര്‍ക്കിയുടെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ്. ഗുലന്‍െറ നേതൃത്വത്തില്‍ തുര്‍ക്കിയില്‍ നടക്കുന്ന സൂഫിസ്ഥാപനങ്ങളില്‍ ഉപരിപഠനം നടത്തുന്നവര്‍ ജാഗ്രത പുലര്‍ത്തണം. കേരളത്തെ ഐ.എസ് ഭീകരതയുടെ താവളമായി ഉയര്‍ത്തിക്കാട്ടാനുള്ള വലതുപക്ഷ മാധ്യമങ്ങളുടെയും വര്‍ഗീയത തലക്കുപിടിച്ച ഉദ്യോഗസ്ഥ ലോബികളുടെയും ശ്രമം അപകടമാണെന്നും കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.

‘തീവ്ര ആത്മീയത-സൂഫിസം ഭീകരത’ എന്ന പ്രമേയത്തില്‍ ആഗസ്റ്റ് 20, 21 തീയതികളില്‍ കാസര്‍കോട്  കേരള ഇസ്ലാമിക് സെമിനാര്‍ സംഘടിപ്പിക്കും. കെ.എന്‍.എം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്‍റ് ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി അധ്യക്ഷത വഹിച്ചു. ഐ.എസ്.എം സെക്രട്ടറി പി.കെ. സക്കരിയ്യ സ്വലാഹി, നിസാര്‍ ഒളവണ്ണ, എം.എം. അക്ബര്‍, ശബീര്‍ കൊടിയത്തൂര്‍, ശരീഫ് മേലേതില്‍, റഷീദ് ഒളവണ്ണ, അലി അക്ബര്‍ ഇരിവേറ്റി,  അഹമ്മദ് അനസ്, സഗീര്‍ കാക്കനാട് എന്നിവര്‍ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.