പ്രോസിക്യൂഷന്‍ ഡയറക്ടര്‍ക്കെതിരായ കേസിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടല്‍


തിരുവനന്തപുരം: ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡി.ജി.പി) മഞ്ചേരി ശ്രീധരന്‍ നായര്‍ക്കെതിരായ വഞ്ചനക്കേസിനെ ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടല്‍. സാമ്പത്തിക തിരിമറിക്ക് കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ച സാഹചര്യത്തില്‍ ശ്രീധരന്‍നായരെ മാറ്റണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍, കോടതിയുടെ പരിഗണനയില്‍ പരാതി ഉണ്ടെങ്കിലും അതിന്‍െറ പേരില്‍ ഇപ്പോള്‍ നടപടിയുടെ ആവശ്യമില്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. ഇത് ഇരുപക്ഷവും തമ്മിലുള്ള വാക്പോരിന് വഴിവെച്ചെങ്കിലും പെട്ടെന്ന് കെട്ടടങ്ങി.
  അഞ്ചുകോടി തട്ടിച്ചെന്ന കേസിലാണ്  കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. അദ്ദേഹം ഡയറക്ടര്‍ ബോര്‍ഡ് അംഗമായ കമ്പനിയുടെ ഭൂമി മറ്റുള്ളവരറിയാതെ ഈടുവെച്ചെന്നാണ് പരാതി. ജപ്തിനടപടിയായപ്പോഴാണ് മറ്റുള്ളവര്‍ അറിഞ്ഞത്. കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ച സാഹചര്യത്തില്‍ ശ്രീധരന്‍ നായരെ ഡി.ജി.പിസ്ഥാനത്ത് നിന്ന് ഒഴിവാക്കണം. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കള്ളനോട്ടുകേസില്‍ പ്രതിയാകുന്നതുപോലെയാണിത്.
   ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമനുസരിച്ചാണ് വായ്പ എടുത്തതെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതില്‍ ചെയര്‍മാനോടൊപ്പം  ഡയറക്ടറായ ശ്രീധരന്‍ നായരും ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍, ഡയറക്ടര്‍ ബോര്‍ഡ് അറിയാതെ വായ്പയെടുത്തെന്നാണ് പരാതി. ഇക്കാര്യം കോടതിയുടെ പരിഗണനയിലാണ്. കേരളത്തിലെ ഏറ്റവും മികച്ച ക്രിമിനല്‍ അഭിഭാഷകനാണെന്ന നിലയിലാണ് ശ്രീധരന്‍ നായരെ ഡി.ജി.പിയായി  നിയമിച്ചത്. അദ്ദേഹം വ്യക്തിപരമായി  തട്ടിപ്പൊന്നും നടത്തിയിട്ടില്ല. കോടതിക്ക് മുന്നില്‍ ഏത് പരാതിവന്നാലും അവര്‍ അത് പരിഗണിക്കാറുണ്ടെന്നും പിണറായി പറഞ്ഞു.
എന്നാല്‍, കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചതെന്ന് ചെന്നിത്തല ആവര്‍ത്തിച്ചു. മന്ത്രി എ.കെ. ബാലന്‍ ക്രമപ്രശ്നവുമായി എഴുന്നേറ്റെങ്കിലും പ്രതിപക്ഷബഹളം മൂലം സംസാരിക്കാനായില്ല. പ്രതിപക്ഷനിലപാടിനെതിരെ ഭരണപക്ഷവും രംഗത്തത്തെിയതോടെ സഭ ബഹളത്തില്‍ മുങ്ങി. പിന്നീട്  സ്പീക്കര്‍  ചെന്നിത്തലക്കും  മന്ത്രി ബാലനും സംസാരിക്കാന്‍ അവസരം നല്‍കി. കേസില്‍ പ്രതിയായതിന്‍െറ പേരില്‍ ഇപ്പോള്‍ വിമര്‍ശിക്കുന്ന പ്രതിപക്ഷനേതാവ്  ചാര്‍ജ് ഷീറ്റ് കിട്ടിയ ആളെ ചീഫ് സെക്രട്ടറിയാക്കാന്‍ മുമ്പ് കൂട്ടുനിന്നയാളാണെന്ന് ബാലന്‍ കുറ്റപ്പെടുത്തി. പാമോലിന്‍ കേസില്‍ പ്രതിയായ പി.ജെ. തോമസിനെ ചീഫ് സെക്രട്ടറിയാക്കിയത് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും ബാലന്‍ മന്ത്രിയും ആയിരുന്നപ്പോഴാണെന്ന് രമേശ് തിരിച്ചടിച്ചു. ഈ സമയത്തെല്ലാം ഇരുപക്ഷത്തെയും  അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം നടത്തുന്നുണ്ടായിരുന്നു.
 വിഷയത്തില്‍  വീണ്ടും ഇടപെട്ട മുഖ്യമന്ത്രി, സാമ്പത്തികതിരിമറിക്കേസില്‍  തെളിവെടുപ്പ് പൂര്‍ത്തിയായിട്ടില്ളെന്നും അതിനുശേഷമേ ശ്രീധരന്‍ നായരെ പ്രതിയാക്കണമോയെന്ന് തീരുമാനിക്കൂവെന്നും വിശദീകരിച്ചു. അതോടെ പ്രശ്നം കെട്ടടങ്ങി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.