പ്രോസിക്യൂഷന്‍ ഡയറക്ടര്‍ അഡ്വ. മഞ്ചേരി ശ്രീധരന്‍ നായര്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് ഹരജി

കോഴിക്കോട്: ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. മഞ്ചേരി ശ്രീധരന്‍ നായരെ രണ്ടാം പ്രതിയാക്കി വഞ്ചനാകുറ്റത്തിന് ഹരജി. കോഴിക്കോട് മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് അന്യായക്കാരന്‍െറ മൊഴിയെടുത്തു. സാക്ഷിവിസ്താരത്തിനായി കേസ് ആഗസ്റ്റ് 20ലേക്ക് മാറ്റി. നിലമ്പൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്ന സ്ഥാപനത്തിന്‍െറ ആറ് ഏക്കര്‍ ഭൂമിയുടെ പ്രമാണം ഈട് നല്‍കി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍നിന്ന്  (കെ.എഫ്.സി) അഞ്ച് കോടി വായ്പയെടുത്ത് തിരിച്ചടക്കാത്ത സംഭവത്തിലാണ് ഹരജി. മഞ്ചേരി ഡി.എം.ഒയും സ്ഥാപനത്തിന്‍െറ ഡയറക്ടര്‍മാരില്‍ ഒരാളുമായ ഡോ. കെ.ആര്‍. വാസുദേവനാണ് പരാതിക്കാരന്‍.  

സ്ഥാപനത്തിന്‍െറ മാനേജിങ് ഡയറക്ടര്‍ അഹമ്മദ് ഷരീഫ്, വായ്പയെടുത്ത ബിനാമി ശിഹാബുദ്ദീന്‍ എന്നിവരാണ് കേസിലെ ഒന്നും മൂന്നും പ്രതികള്‍. ഫ്ളാറ്റ് നിര്‍മാണത്തിനായി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമില്ലാതെ പ്രമാണം ഈട് നല്‍കി ബിനാമി പേരില്‍ പണം വാങ്ങുകയായിരുന്നു. വായ്പാ കുടിശ്ശിക മുടങ്ങിയതോടെ കെ.എഫ്.സി ഭൂമി ജപ്തി നടപടി തുടങ്ങിയപ്പോഴാണ് അന്യായക്കാരന്‍ സംഭവമറിയുന്നത്. ഇതോടെ, സി.പി.എം നേതാക്കള്‍ ഇടപെട്ട് തിരിച്ചടക്കാനുള്ള തിയതി നീട്ടി കൊടുത്തെങ്കിലും പണം തിരിച്ചടച്ചില്ല. വഞ്ചനാ കുറ്റത്തിന് പുറമെ അപമാനിക്കല്‍, കൃത്രിമരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകളും എതിര്‍കക്ഷികള്‍ക്കെതിരെ ഉന്നയിച്ചിട്ടുണ്ട്. അഡ്വ. എന്‍. ഭാസ്കരന്‍ നായര്‍ മുഖേനയാണ് ഹരജി നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.