????????? ???????? ?????????? ????? ???????

ഈ പ്രാക്തന ഗോത്രസമൂഹം മരിച്ചുതീരുകയാണ്

കാസര്‍കോട്: കേരളത്തില്‍ കാസര്‍കോട് ജില്ലയില്‍ മാത്രം അധിവസിക്കുന്ന പ്രാക്തന ഗോത്രസമൂഹം മരിച്ചുതീരുന്നു. വംശനാശം നേരിടുന്ന ലോകത്തെ അത്യപൂര്‍വ ഗോത്രവിഭാഗങ്ങളില്‍പ്പെട്ട കൊറഗ സമൂഹത്തിന്‍െറ അംഗസംഖ്യ കഴിഞ്ഞ നാല് പതിറ്റാണ്ടിനകം പകുതിയിലേറെ ചുരുങ്ങിയതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. 1971ലെ സെന്‍സസില്‍ ജില്ലയിലെ കൊറഗരുടെ ജനസംഖ്യ 3460 ആയിരുന്നു. പട്ടികവര്‍ഗ ക്ഷേമ വകുപ്പിന്‍െറ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 523 കുടുംബങ്ങളിലായി  1611 കൊറഗര്‍ മാത്രമാണ് ശേഷിക്കുന്നത്.

2008ല്‍ നടത്തിയ സര്‍വേയില്‍ 1882 പേരുണ്ടായിരുന്നു. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലും തെക്കന്‍ കര്‍ണാടകയുടെ അതിര്‍ത്തി മേഖലയിലും മാത്രമാണ് ഈ ജനവിഭാഗം ജീവിച്ചിരിക്കുന്നത്. ബദിയഡുക്ക, എന്‍മകജെ, വോര്‍ക്കാടി പഞ്ചായത്തുകളിലാണ് കൂടുതല്‍ കുടുംബങ്ങളുള്ളത്. മരണനിരക്ക് കൂടിയതും ജനനനിരക്ക് അസാധാരണമാംവിധം കുറഞ്ഞതുമാണ് കൊറഗ ജനസംഖ്യ താഴാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ചെറുപ്പത്തിലേ മരണം ഇവരെ പിടികൂടുകയാണ്.  50 വയസ്സിനു മുകളിലുള്ളവര്‍ കൊറഗ കോളനികളില്‍ വിരളമാണ്. കുടുംബങ്ങളുടെ എണ്ണത്തിന് ആനുപാതികമായി ജനനനിരക്ക് വര്‍ധിക്കുന്നില്ല. മറ്റു ജനവിഭാഗങ്ങളില്‍ ജനനനിരക്ക് 10 ശതമാനം വര്‍ധിച്ചതായി കാണിക്കുമ്പോള്‍ കൊറഗര്‍ക്കിടയിലെ ജനനനിരക്ക് രണ്ട് ശതമാനം മാത്രമാണ്.

പ്രത്യുല്‍പാദന ശേഷിക്കുറവാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതോടൊപ്പം പ്രതിരോധശേഷിക്കുറവും  പോഷകാഹാരക്കുറവും കൊറഗരെ അകാലമരണത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാകുന്നു. കൊച്ചു കുട്ടികളടക്കം നല്ളൊരു ശതമാനവും ക്ഷയരോഗത്തിന്‍െറ പിടിയിലാണ്. മദ്യത്തോടും പുകയില-ലഹരി വസ്തുക്കളോടുമുള്ള അമിതാസക്തിയും ഇവരുടെ ജീവനെടുക്കുന്നു.

പൊതുസമൂഹവുമായി പൊരുത്തപ്പെട്ട് ജീവിക്കാന്‍ ശീലിച്ചിട്ടില്ലാത്ത കൊറഗരുടെ പ്രധാന ഉപജീവന മാര്‍ഗം കൊട്ടമെടയലാണ്. ഇവരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ വര്‍ഷം തോറും ലക്ഷങ്ങള്‍ ചെലവഴിക്കുന്നുണ്ടെങ്കിലും അവരുടെ സവിശേഷത തിരിച്ചറിയാതെയുള്ള പരിഷ്കരണ പദ്ധതികള്‍ വിപരീതഫലമാണുണ്ടാക്കുന്നത്. സൗജന്യ റേഷന് പുറമെ പട്ടികവര്‍ഗ ക്ഷേമവകുപ്പ് മാസംതോറും ഓരോ കുടുംബത്തിനും 15 കിലോ അരി, വെളിച്ചെണ്ണ, ധാന്യങ്ങള്‍ എന്നിവ വീടുകളിലത്തെിച്ചു കൊടുക്കുന്നുണ്ട്. ഇവ കടകളില്‍ മറിച്ചു വിറ്റ് മദ്യം കഴിക്കാന്‍ പണം കണ്ടത്തെുന്നവര്‍ ഏറെയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.