മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം; ആറു മാസമായിട്ടും കേസ് രജിസ്റ്റര്‍ ചെയ്തില്ല

കൊച്ചി: മത്സ്യത്തൊഴിലാളിയെ കടലില്‍ കാണാതായ സംഭവത്തില്‍ ആറുമാസം കഴിഞ്ഞിട്ടും കേസ് രജിസ്റ്റര്‍ ചെയ്തില്ല.  ജനുവരിയില്‍ കൊച്ചിയില്‍നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട തമിഴ്നാട് കുളച്ചല്‍ തൂത്തൂര്‍ സ്വദേശി ആന്‍റണി തോംസണിനെ(40) ബോട്ടില്‍ നിന്ന് കാണാതായ സംഭവത്തിലാണ് തീരദേശ പൊലീസ് നടപടി സ്വീകരിക്കാത്തത്. പുറംകടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടത്തൊന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സംഭവം ഏതു സംസ്ഥാന പരിധിയിലാണെന്ന് നടന്നതെന്ന് അറിയിക്കണമെന്നും ആവശ്യപ്പെട്ട് ഫോര്‍ട്ട്കൊച്ചി തീരദേശ പൊലീസ് ജനുവരി 23ന് തീരരക്ഷാ സേനക്ക് കത്ത് കൈമാറിയെങ്കിലും കേസെടുക്കാന്‍ കഴിയില്ളെന്ന നിലപാടിലാണിപ്പോഴും.

അതേസമയം, കഴിഞ്ഞ മാസം 13ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കടലില്‍ 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള പ്രത്യേക സാമ്പത്തിക മേഖലയില്‍ തീരദേശ പൊലീസ് സ്റ്റേഷനുകളുടെ അധികാരപരിധി ഉയര്‍ത്തി ഉത്തരവ് പുറപ്പെടുവിച്ചിരിക്കെയാണ് പൊലീസ് നിഷേധ നിലപാട് തുടരുന്നത്. പുതിയ ഉത്തരവുപ്രകാരം കേരള-ലക്ഷദ്വീപ് തീരത്ത് 200 നോട്ടിക്കല്‍ മൈലിനുള്ളിലെ എല്ലാ കുറ്റകൃത്യങ്ങളുടെയും അപകടങ്ങളുടെയും അന്വേഷണ ചുമതല ഫോര്‍ട്ട് കൊച്ചി തീരദേശ പൊലീസിനാണ്.

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ മത്സ്യബന്ധനത്തിനിടെ പുലര്‍ച്ചെ സി. സെഹറാ എന്ന ബോട്ടില്‍ നിന്നാണ് ആന്‍റണി തോംസനെ കാണാതായത്. ബോട്ടുടമയായ കൊച്ചി സ്വദേശി റഷീദാണ് ജനുവരി 23ന് പരാതി നല്‍കിയത്. പരാതി കൈപ്പറ്റിയെങ്കിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച ഫോര്‍ട്ട് കൊച്ചി തീരദേശ പൊലീസ് സംഭവം നടന്നത് കര്‍ണാടക തീരത്തായതിനാല്‍ പരാതി അവിടെ നല്‍കണമെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു. എന്നാല്‍, പരാതി നല്‍കാന്‍ ആരുമുണ്ടായില്ല. മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് നിയമപരമായി ലഭിക്കുമായിരുന്ന ആനുകൂല്യങ്ങളും മുടങ്ങിയിരിക്കുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.